നടി ശ്യാമിലി ചലച്ചിത്രപ്രവര്‍ത്തകര്‍ക്ക് തലവേദനയാകുന്നുവെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ‘വള്ളീം തെറ്റി പുള്ളീം തെറ്റി’ ചിത്രത്തിന്റെ നിര്‍മാതാവ് ഫൈസല്‍ ലത്തീഫ് രംഗത്ത്. മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തയാണ് പ്രചരിപ്പിക്കുന്നതെന്നും തനിക്കില്ലാത്ത തലവേദന ചില മാധ്യമങ്ങള്‍ക്കുണ്ടായതില്‍ അത്ഭുതപ്പെടുന്നില്ലെന്നും ഫൈസല്‍ പറഞ്ഞു.
‘അച്ചപ്പു മൂവി മാജിക്കിന്റെ ബാനറില്‍ ഞാന്‍ നിര്‍മ്മിക്കുന്ന ‘വള്ളീം തെറ്റി പുള്ളീം തെറ്റി’ എന്ന എന്റെ രണ്ടാമത്തെ സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയായ വിവരം നിങ്ങളറിഞ്ഞിരിക്കുമെല്ലൊ. സൗത്തിന്ത്യന്‍ സിനിമയിലെ എക്കാലത്തെയും സൂപ്പര്‍ ബാലതാരം ‘ബേബി ശ്യാമിലി’ ആദ്യമായി കുഞ്ചാക്കോ ബോബന്റെ നായികയാകുന്ന ഈ ചിത്രം, നിങ്ങളോടൊപ്പം ഞങ്ങളും വളരെ പ്രതീക്ഷയോടെയാണു കാത്തിരിക്കുന്നത്.
ഈ സമയത്താണു ‘നടി ശ്യാമിലി മലയാള സിനിമയ്ക് തലവേദനയാകുന്നു’ എന്ന തലക്കെട്ടോടെ ഒരു തെറ്റായവാര്‍ത്ത ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് കാണാനിടയായത്. ഈ സിനിമയുടെ നിര്‍മ്മാതാവായ എനിക്കില്ലാത്ത ‘തലവേദന’ ഇക്കൂട്ടര്‍ക്കുണ്ടായത് എന്നെ തെല്ലും അത്ഭുതപ്പെടുത്തുന്നില്ല. കാരണം നമ്മുടെ പ്രിയ താരങ്ങളായ അബിളി ചേട്ടനേയും(ജഗതി ശ്രീകുമാര്‍), മാമുക്കോയയേയും അടക്കം മറ്റു പലരേയും ഓണ്‍ലൈനിലൂടെ പല തവണ കൊന്നവരാണു ഇക്കൂട്ടര്‍…‘ ഫൈസല്‍ പറയുന്നു.
‘വള്ളീം തെറ്റി പുള്ളീം തെറ്റി’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനു സമയമോ, മറ്റ് അസൗകര്യങ്ങളോ നോക്കാതെ ഈ ക്രൂവിനോട് മൊത്തം സഹകരിച്ച ഒരു തികഞ്ഞ കലാകാരിയെകുറിച്ച് ഇത്തരത്തിലൊരു വിവാദം കാണാനും കേള്‍ക്കാനും ഇടയായതില്‍ ചിത്രത്തിന്റെ നിര്‍മ്മാതാവെന്ന നിലയിലും, ഈ മാധ്യമത്തെ സ്‌നേഹിക്കുന്ന ഒരാളെന്ന നിലയിലും ഞാന്‍ വളരേയധികം ഖേദിക്കുന്നു.’ ഫൈസല്‍ ഫേസ്ബുക്കിലൂടെ പറഞ്ഞു.
നവാഗതനായ ഋഷി ശിവകുമാറാണ് വള്ളീം തെറ്റി പുള്ളീം തെറ്റി സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്റെ നായികയായാണ് ശ്യാമിലി എത്തുന്നത്.
Get real time update about this post categories directly on your device, subscribe now.
Discussion about this post