അയോധ്യയില്‍ രാമക്ഷേത്രനിര്‍മ്മാണത്തിന് വിഎച്ച്പി നീക്കം; രണ്ടു ലോഡ് കല്ലുകള്‍ തര്‍ക്കഭൂമി പരിസരത്ത് എത്തിച്ചു; സമാധാനലംഘനമുണ്ടായാല്‍ നടപടിയെന്ന് പൊലീസ്

അയോധ്യ: അയോധ്യയില്‍ രാമക്ഷേത്രനിര്‍മാണത്തിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു വി.എച്ച്.പിയുടെ നേതൃത്വത്തില്‍ ശേഖരിച്ച കല്ലുകള്‍ തര്‍ക്കഭൂമി പരിസരത്ത് എത്തിച്ചു. ഞായറാഴ്ച്ചയാണ് രണ്ട് ട്രക്കുകളിലായി കല്ലുകള്‍ എത്തിച്ചത്. രാംജന്‍മഭൂമി ന്യാസ് അധ്യക്ഷന്‍ മഹന്ത് നൃത്യ ഗോപാല്‍ ദാസിന്റെ നേതൃത്വത്തില്‍ കല്ലുകളുടെ പൂജ നടന്നതായി വിഎച്ച്പി അറിയിച്ചു.

അയോധ്യയില്‍ ക്ഷേത്രം നിര്‍മിക്കാന്‍ ആറുമാസം മുമ്പാണ് വി.എച്ച്.പി ശിലാശേഖരണം പ്രഖ്യാപിച്ചത്. ക്ഷേത്രം നിര്‍മിക്കാന്‍ കേന്ദ്രസര്‍ക്കാറില്‍നിന്ന് അനുമതി ലഭിച്ചിട്ടുണ്ടെന്നും ഇനിയും ശിലകള്‍ എത്തിക്കുമെന്നും വിഎച്ച്പി നേതാക്കള്‍ പറഞ്ഞു. മുസ്ലീം സമുദായങ്ങള്‍ തടസം സൃഷ്ടിക്കരുതെന്ന് വിഎച്ച്പി നേരത്തെ നിര്‍ദേശിച്ചിരുന്നു.

അതേസമയം, സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണെന്നും ശിലകള്‍ സ്വകാര്യ സ്ഥലത്താണ് സൂക്ഷിച്ചിരിക്കുന്നതെന്നും ഫൈസാബാദ് എസ്.എസ്.പി മോഹിത് ഗുപ്ത അറിയിച്ചു. സമാധാനലംഘനമുണ്ടായാല്‍ നടപടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. ക്ഷേത്രനിര്‍മ്മാണത്തിന് കല്ലുകള്‍ കൊണ്ടുവരാന്‍ അനുവദിക്കില്ലെന്ന് ഉത്തര്‍പ്രദേശ് ആഭ്യന്തരവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ദേവാശിഷ് പാന്‍ഡ പറഞ്ഞു. കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ ക്ഷേത്രം നിര്‍മിക്കാന്‍ അനുവദിക്കില്ലെന്ന് ദേവാശിഷ് നേരത്തെ വ്യക്തമാക്കിയിരുന്നു.

2.2 ലക്ഷം ക്യുബിക് ഫീറ്റ് കല്ലുകളാണ് രാമക്ഷേത്ര നിര്‍മാണത്തിന് വേണ്ടത്. ഇതില്‍ 1.25 ലക്ഷം ക്യുബിക് ഫീറ്റ് കല്ലുകള്‍ വിഎച്ച്പിയുടെ കൈവശമുണ്ട്. അവശേഷിക്കുന്നത് രാജ്യത്തെ ഹിന്ദു ഭക്തരില്‍ നിന്നും ശേഖരിക്കുമെന്ന് അന്തരിച്ച വിഎച്ച്പി നേതാവ് അശോക് സിംഗാള്‍ പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here