അസഹിഷ്ണുതാക്കാലത്ത് പുരസ്‌കാരങ്ങള്‍ എഴുത്തുകാര്‍ക്ക് ആയുധമാണെന്നു കെ ആര്‍ മീര; അക്കാദമി പുരസ്‌കാരം സ്വീകരിക്കാന്‍ തീരുമാനിച്ചത് കെ എസ് ഭഗവാന്റെ നിര്‍ദേശപ്രകാരം

കോട്ടയം: രാജ്യമാകെ അസഹിഷ്ണുത പെരുകുന്ന കാലത്ത് കേന്ദ്ര സാഹിത്യ അക്കാദമിയുടേതു പോലുള്ള പുരസ്‌കാരങ്ങള്‍ പുതിയ എഴുത്തുകാര്‍ക്ക് ആയുധമാകുമെന്ന് എഴുത്തുകാരി കെ ആര്‍ മീര. കോട്ടയം പ്രസ്‌ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു മീര. ഫാസിസ്റ്റുകളുടെ ഭീഷണി നേരിടുന്ന ഡോ. കെ എസ് ഭഗവാന്റെ നിര്‍ദേശപ്രകാരമാണ് താന്‍ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം സ്വീകരിക്കാന്‍ തീരുമാനിച്ചതെന്നും മീര പറഞ്ഞു.

അസഹിഷ്ണുതാ വിവാദത്തില്‍ രാജ്യത്തെ പ്രമുഖ എഴുത്തുകാരെല്ലാം പുരസ്‌കാരങ്ങള്‍ നിഷേധിച്ചുകൊണ്ടു പ്രതിഷേധിക്കുമ്പോള്‍ പുരസ്‌കാരം സ്വീകരിക്കുന്ന ആശങ്കയുണ്ടായിരുന്നു. ഡോ. കെ എസ് ഭഗവാനെ വിളിക്കുകയാണ് ഈ ഘട്ടത്തില്‍ ചെയ്തത്. പുതിയ എഴുത്തുകാര്‍ പുരസ്‌കാരങ്ങള്‍ സ്വീകരിക്കാതിരിക്കരുതെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. വരും കാലത്ത് കൂടുതല്‍ ശക്തമായി പ്രതികരിക്കാനുള്ള ആയുധമായി ഈ അവാര്‍ഡിനെ കാണണം. ഈ അംഗീകാരം നിങ്ങള്‍ക്ക് വലിയ ശബ്ദത്തോടെ പ്രതിഷേധിക്കാന്‍ കഴിവ് നല്‍കും. നിങ്ങളുടെ വാക്കുകള്‍ കൂടുതല്‍ പേര്‍ ശ്രദ്ധിക്കാനും അവാര്‍ഡ് സഹായിക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകളെന്നു മീര പറഞ്ഞു.

മതേതര മൂല്യങ്ങളുള്ള സമിതിയാണ് പുരസ്‌കാരം നല്‍കിയത്. പുസ്തകത്തിനാണ് അവാര്‍ഡ്. എഴുത്തുകാരിക്ക് അതു നിരസിക്കാന്‍ അവകാശമില്ല. അസഹിഷ്ണുതാ നീക്കങ്ങള്‍ക്കെതിരേ ഇനിയും പ്രതികരിക്കുമെന്നും മീര പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here