നിര്‍ഭയക്കേസിലെ ‘കുട്ടിപ്രതി’യുടെ മോചനം തടയാനാകില്ലെന്നു സുപ്രീം കോടതി; വനിതാ കമ്മീഷന്റെ ഹര്‍ജിതള്ളി; നിയമങ്ങള്‍ പാലിക്കാതിരിക്കാനാവില്ലെന്നും കോടതി

ദില്ലി: ദില്ലിയില്‍ പ്രായപൂര്‍ത്തിയാകും മുമ്പു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തയാളുടെ മോചനം ശരിവച്ചു സുപ്രീം കോടതി. മോചനം തടയണമെന്ന ദില്ലി വനിതാ കമ്മീഷന്റെ ഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് യു ലളിത് അധ്യക്ഷനായ അവധിക്കാല ബെഞ്ചിന്റെ തീര്‍പ്പ്. നിലവിലുള്ള നിയമങ്ങള്‍ പാലിക്കണമെന്നും അതില്‍ മാറ്റം വരുത്താന്‍ കോടതിക്കു കഴിയില്ലെന്നും എന്നാല്‍ വനിതാ കമ്മീഷന്‍ ഉന്നയിച്ച ആശങ്ക മനസിലാക്കുന്നു എന്നും സുപ്രീം കോടതി വ്യക്തമാക്കി.



പ്രത്യേക രീതിയിലുള്ള കേസാണിത്. പ്രതിയുടെ മാനസികാവസ്ഥപരിഗണിക്കണം. മാനസികാവസ്ഥയില്‍ മാറ്റം വന്നിട്ടുണ്ടോ എന്നു പരിശോധിച്ച ശേഷമേ പ്രതിയെ വിട്ടയക്കാവൂ. പ്രതിക്കു ലഭിച്ചതു തക്കതായ ശിക്ഷയായിരുന്നില്ല. സമൂഹത്തിന് തെറ്റായ സന്ദേശമായിരിക്കും മോചനം നല്‍കുകയെന്നും കാട്ടിയായിരുന്നു വനിതാ കമ്മീഷന്റെ ഹര്‍ജി. വനിതാ കമ്മീഷന്റെ വാദങ്ങള്‍ മനസിലാക്കാന്‍ കഴിയുമെങ്കിലും നിലവിലുള്ള നിയമങ്ങള്‍ തള്ളിക്കളയാന്‍ കഴിയില്ലെന്നായിരുന്നു കോടകതിയുടെ നിരീക്ഷണം.

ഇന്നലെയാണ് നിര്‍ഭയക്കേസിലെ കൗമാരക്കുറ്റവാളിയെ മോചിപ്പിച്ചത്. മൂന്നുവര്‍ഷം ബാലനീതി നിയമപ്രകാരമുള്ള ശിക്ഷ പൂര്‍ത്തിയായ സാഹചര്യത്തിലായിരുന്നു മോചനം. സുരക്ഷാ കാരണങ്ങളാല്‍ ഇയാളെ തല്‍കാലം ദില്ലിയില്‍ താമസിപ്പിക്കും. ഇയാളെ നേരത്തേതന്നെ ഒരു എന്‍ജിഒക്കു കൈമാറിയിരുന്നു. കടുത്ത പ്രതിഷേധത്തിനിടെയായിരുന്നു മോചനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here