സെപ് ബ്ലാറ്ററെയും മിഷേല്‍ പ്ലറ്റീനിയെയും ഫിഫ 8 വര്‍ഷത്തേക്ക് വിലക്കി; നടപടി സാമ്പത്തിക ക്രമക്കേടില്‍

സൂറിച്ച്: സാമ്പത്തിക ക്രമക്കേടില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്ററെയും യുവേഫ പ്രസിഡന്റ് മിഷേല്‍ പ്ലറ്റീനിയെയും ഫിഫ ഫുട്‌ബോളില്‍ നിന്ന് വിലക്കി. 8 വര്‍ഷത്തേക്കാണ് വിലക്ക്. 2011-ല്‍ സെപ് ബ്ലാറ്ററുടെ അക്കൗണ്ടില്‍ നിന്ന് കണക്കില്‍പെടാത്ത 2 കോടി ഡോളര്‍ കൈമാറ്റം നടത്തിയ കേസിലാണ് ഫിഫ ഇരുവരെയും സസ്‌പെന്‍ഡ് ചെയ്തത്. ഫുട്‌ബോളുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളില്‍ നിന്നും ഇരുവരെയും ഫിഫ വിലക്കിയിട്ടുണ്ട്. ബ്ലാറ്ററില്‍ നിന്ന് 40,000 ഡോളറും പ്ലറ്റീനിയില്‍ നിന്ന് 80,000 ഡോളറും പിഴയീടാക്കാനും എത്തിക്‌സ് കമ്മിറ്റി തീരുമാനിച്ചു. ഇതോടെ ഫുട്‌ബോളുമായി ബന്ധപ്പെട്ട ഒരു കാര്യത്തിലും ഇനി ബ്ലാറ്റര്‍ക്കും പ്ലറ്റീനിക്കും പങ്കെടുക്കാനാവില്ല.

ബ്ലാറ്ററും പ്ലറ്റീനിയും അച്ചടക്കം ലംഘിച്ചതായി ഫിഫ എത്തിക്‌സ് കമ്മിറ്റി കണ്ടെത്തി. 2011-ലാണ് അന്ന് ഫിഫ പ്രസിഡന്റായിരുന്ന സെപ് ബ്ലാറ്ററുടെ അക്കൗണ്ടില്‍ നിന്ന് പ്ലറ്റീനിയുടെ അക്കൗണ്ടിലേക്ക് പണം കൈമാറിയതായി കണ്ടെത്തിയത്. എന്നാല്‍, 1998 മുതല്‍ 2002 വരെ ബ്ലാറ്ററുടെ ടെക്‌നിക്കല്‍ അഡൈ്വസറായി പ്രവര്‍ത്തിച്ച കാലത്തു നടത്തിയ ജോലിക്കുള്ള പ്രതിഫലമാണെന്ന് ഇരുവരും ഫിഫയെ അറിയിച്ചു. എന്നാല്‍, പ്ലറ്റീനിയുടെ കരാറില്‍ ഇത് ഉള്‍പ്പെടുത്തിയില്ലെന്ന് ഫിഫ കണ്ടെത്തി. കരാറില്‍ എഴുതിച്ചേര്‍ത്തിരുന്നില്ലെന്നും വാക്കാലുള്ള കരാര്‍ ആയിരുന്നൈന്നും പ്ലറ്റീനിയും ബ്ലാറ്ററും വ്യക്തമാക്കി. എത്തിക്‌സ് കമ്മിറ്റിയിലെ ജര്‍മന്‍ ജഡ്ജ് ഹന്‍സ് യോക്കിം എക്കേര്‍ട്ട് നടത്തിയ അന്വേഷണത്തിനൊടുവില്‍ 50 പേജുള്ള റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്. സ്വാര്‍ത്ഥ താല്‍പര്യം, അനധികൃതമായ പണം കൈമാറ്റം, സഹകരണമില്ലായ്മ എന്നിവയാണ് ഇരുവര്‍ക്കുമെതിരായ കുറ്റങ്ങള്‍.

ഒക്ടോബറില്‍ ഇരുവരെയും അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍, ബ്ലാറ്ററും പ്ലറ്റീനിയും ആരോപണം നിഷേധിച്ചു. വിധിക്കെതിരെ പ്ലറ്റീനി അപ്പീല്‍ സമര്‍പ്പിക്കുമെന്ന് പ്ലറ്റീനിയുടെ അഭിഭാഷകന്‍ വ്യക്തമാക്കി. 79 കാരനായ ബ്ലാറ്റര്‍ 1998 മുതല്‍ 2015 വരെ ഫിഫയുടെ പ്രസിഡന്റായിരുന്നു. വേദി അനുവദിച്ചതിലെ ക്രമക്കേടിനെ തുടര്‍ന്നാണ് പ്രസിഡന്റ് സ്ഥാനത്തു നിന്ന് ബ്ലാറ്ററെ വിലക്കിയത്. ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് നേരത്തെ ബ്ലാറ്റര്‍ വ്യക്തമാക്കിയിരുന്നു. 2007-ലാണ് 60 കാരനായ പ്ലറ്റീനി യുവേഫയുടെ തലപ്പത്തെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here