വെള്ളാപ്പള്ളി മുന്‍കൂര്‍ ജാമ്യം തേടി; സാമുദായിക സ്പര്‍ധയുണ്ടാക്കുന്ന പ്രസ്താവന നടത്തിയിട്ടില്ല; വെള്ളാപ്പള്ളിക്കെതിരേ ശക്തമായ നടപടിവേണമെന്ന് പ്രതാപന്‍

കൊച്ചി: ആലുവയില്‍ നടത്തിയ വിവാദ പ്രസംഗത്തില്‍ കേസെടുത്തതിനെത്തുടര്‍ന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കി. താന്‍ സമുദായ വികാരം വ്രണപ്പെടുത്തുന്ന പ്രസംഗം നടത്തിയിട്ടില്ലെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നുമാണ് അപേക്ഷയിലെ ഉള്ളടക്കം. ഹര്‍ജി ഹൈക്കോടതി മറ്റന്നാള്‍ പരിഗണിക്കും.

രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചതിലുള്ള വിരോധം മൂലമാണ് കേസെടുത്തതെന്നും സമൂഹത്തില്‍ മാന്യമായി ജീവിക്കുന്നവരെ അപകീര്‍ത്തിപ്പെടുത്താനാണു കേസിലൂടെ സര്‍ക്കാര്‍ ശ്രമം നടത്തുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു. കോഴിക്കോട് മാന്‍ഹോള്‍ ദുരന്തത്തില്‍ മരിച്ച നൗഷാദ് മുസ്ലിം ആയതുകൊണ്ടാണ് സര്‍ക്കാര്‍ നഷ്ടപരിഹാരവും സഹായവും നല്‍കിയതെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പ്രസംഗം. ഇതാണ് വിവാദമായത്.

അതേസമയം, വെള്ളാപ്പള്ളിക്കെതിരെ ശക്തമായ നടപടി വേണമെന്ന് ആലുവ പൊലീസിന് ടി എന്‍ പ്രതാപന്‍ എംഎല്‍എ മൊഴി നല്‍കി. വെള്ളാപ്പള്ളിയുടെ പ്രസംഗം കേരളത്തിന്റെ മതനിരപേക്ഷത തകര്‍ക്കാന്‍ ലക്ഷ്യമിട്ടാണെന്നും പ്രതാപന്‍ പറഞ്ഞു. പ്രസംഗത്തിന്റെ തീവ്രത വ്യക്തമാക്കുന്ന സിഡി പ്രതാപന്‍ പൊലീസിന് സമര്‍പ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here