ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ അഞ്ചു ദളിത് വിദ്യാര്‍ഥികള്‍ക്ക് ‘ഭ്രഷ്ട്’; നടപടി എബിവിപി നേതാവിന്റെ പരാതിയെത്തുടര്‍ന്ന്; രാഷ്ട്രീയ സമ്മര്‍ദമെന്ന് ആക്ഷേപം

ഹൈദരാബാദ്: ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ അഞ്ചു ദളിത് ഗവേഷക വിദ്യാര്‍ഥികള്‍ക്കെതിരെ നടപടി. ഹോസ്റ്റലിലും കാമ്പസിലെ സൗഹൃദക്കൂട്ടങ്ങളിലും ഭ്രഷ്ട് കല്‍പിച്ചുകൊണ്ടാണ് എബിവിപി നേതാവിന്റെ പരാതിയെത്തുടര്‍ന്നുള്ള നടപടി. അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തകരാണു നടപടി നേരിടുന്നത്.

സാമ്പത്തികശാസ്ത്ര ഗവേഷക വിദ്യാര്‍ഥിയും സര്‍വകലാശാലാ യൂണിയന്‍ മുന്‍ പ്രസിഡന്റുമായ ദൊന്ത പ്രകാശ്, സയന്‍സ് ആന്‍ഡ് ടെക്‌നോളജി ആന്‍ഡ് സൊസൈറ്റി സ്റ്റഡീസ് ഗവേഷകനായ ചക്രവര്‍ത്തി രോഹിത് വിമുല, പൊളിറ്റിക്കല്‍ സയന്‍സ് ഗവേഷകന്‍ വിജയകുമാര്‍, സോഷ്യല്‍ എക്‌സ്‌ക്ലൂഷന്‍ ആന്‍ഡ് ഇന്‍ക്ലൂസീവ് പോളിസി ഗവേഷകന്‍ ശേഷയ്യ ചെമുദുഗുന്ത, ഫിലോസഫി വകുപ്പിലെ വെല്‍പുല സുങ്കണ്ണ എന്നിവര്‍ക്കാണ് വിലക്കേര്‍പ്പടുത്തിയത്.

ഹോസ്റ്റലില്‍ പ്രവേശിക്കാന്‍ പാടില്ലെന്നും വിദ്യാര്‍ഥികളുടെ കൂട്ടായ്മകളില്‍ പങ്കെടുക്കരുതെന്നും വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവില്‍ വ്യക്തമാക്കുന്നു. ഇവര്‍ ഗവേഷണം നടത്തുന്ന വകുപ്പുകളിലും സെന്ററുകളിലും വിഷയവുമായി ബന്ധപ്പെട്ട സെമിനാറുകളിലും ശില്‍പശാലകളിലും മാത്രമേ ഇവര്‍ക്കു പ്രവേശിക്കാന്‍ അനുമതിയുണ്ടാകൂ. ഇതു ലംഘിക്കുന്ന പക്ഷം, ഇവരെ പുറത്താക്കുന്നതടക്കമുള്ള നടപടികളെടുക്കുമെന്നും ഉത്തരവില്‍ പറയുന്നു. അഞ്ചു പേര്‍ക്കും സ്റ്റുഡന്റ് യൂണിയന്‍ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനുമാവില്ല.

ബിജെപിയുടെ രാഷ്ട്രീയ സമ്മര്‍ദത്തിന്റെ ഫലമാണ് സര്‍വകലാശാലയുടെ നടപടിയെന്ന് അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ വ്യക്തമാക്കി. കഴിഞ്ഞ ഓഗസ്റ്റിലാണ് എബിവിപി യൂണിറ്റ് പ്രസിഡന്റ് എന്‍ സുശീല്‍ കുമാര്‍ പരാതി നല്‍കിയത്. പരാതിയില്‍ അന്വേഷണം നടത്തിയിട്ടില്ലെന്നും സര്‍വകലാശാലയിലെ പരമോന്നത സമിതിയായ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ഏകപക്ഷീയമായി തീരുമാനമെടുക്കുകയായിരുന്നെന്നും എഎസ്എ ആരോപിച്ചു.

ഓഗസ്റ്റ് മൂന്നിന് അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തകരെ അപകീര്‍ത്തിപ്പെടുത്തിക്കൊണ്ടു ഫേസ്ബുക്കില്‍ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. അന്വേഷണത്തില്‍ ഈ പോസ്റ്റുകള്‍ നടത്തിയത് സുശീല്‍ കുമാറാണെന്നു വ്യക്തമായി. ഇതേതുടര്‍ന്ന് എഎസ്എ പ്രവര്‍ത്തകര്‍ സുശീല്‍ കുമാറില്‍നിന്നു മാപ്പെഴുതിവാങ്ങിയിരുന്നു. പിറ്റേദിവസം സഹോദരനായ യുവമോര്‍ച്ചാപ്രവര്‍ത്തകനൊപ്പം സുശീല്‍ കുമാര്‍ ആശുപത്രിയില്‍ ചികിത്സ തേടുകയും എഎസ്എ പ്രവര്‍ത്തകര്‍ അക്രമിച്ചെന്നു പറഞ്ഞുപരത്തുകയും ചെയ്തു. ബിജെപി എംഎല്‍സി രാമചന്ദ്ര റാവു സര്‍വകലാശാലാ വൈസ് ചാന്‍സലറെ കണ്ട് എഎസ്എ പ്രവര്‍ത്തകര്‍ക്കെതിരേ നടപടിവേണമെന്നും ആവശ്യപ്പെട്ടു. നേരത്തേ, സംഭവം നടന്നപ്പോള്‍ നാലു പേരെ സസ്‌പെന്‍ഡ് ചെയ്യുകയും പിന്നീട് ഇതു നീക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷം മറ്റൊരു അന്വേഷണവും ഇല്ലാതെയാണ് ഇന്നലെ അഞ്ചുപേര്‍ക്കു കാമ്പസില്‍ വിലക്കേര്‍പ്പെടുത്തിക്കൊണ്ട് ഉത്തരവു വന്നിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News