കെജ്‌രിവാളിനെതിരെ ജെയ്റ്റ്‌ലി മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു; 10 കോടി രൂപ നഷ്ടപരിഹാരം വേണമെന്ന് ആവശ്യം; കേസ് ജനുവരിയില്‍ പരിഗണിക്കും

ദില്ലി: ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ അഴിമതിക്കേസില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അടക്കം അഞ്ച് ആം ആദ്മി നേതാക്കള്‍ക്കെതിരെ കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി നല്‍കിയ മാനനഷ്ടക്കേസ് കോടതി ജനുവരി അഞ്ചിനു പരിഗണിക്കും. 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് അരുണ്‍ ജെയ്റ്റ്‌ലി മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിട്ടുള്ളത്. ദില്ലി പാട്യാല ഹൗസ് കോടതിയില്‍ നേരിട്ട് ഹാജരായാണ് ജെയ്റ്റ്‌ലി മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. അതേസമയം ആരോപണം ഉന്നയിച്ച ബിജെപി എം.പി കീര്‍ത്തി ആസാദിനെതിരെ ജെയ്റ്റ്‌ലി കേസു കൊടുത്തിട്ടില്ല. കഴിവുണ്ടെങ്കില്‍ തനിക്കെതിരേയും കേസു കൊടുക്കട്ടെയെന്ന് കീര്‍ത്തി ആസാദ് ജെയ്റ്റ്‌ലിയെ വെല്ലുവിളിച്ചു.

കീര്‍ത്തി ആസാദിന്റെ ആരോപണം ഏറ്റുപിടിച്ചതിനാണ് അരവിന്ദ് കെജ്‌രിവാള്‍, എഎപി നേതാക്കളായ കുമാര്‍ ബിശ്വാസ്, അഷുതോഷ്, സഞ്ജയ് സിംഗ്, രാഘവ് ചന്ദാ, ദീപക് ബാജ്‌പേയ് എന്നിവര്‍ക്കെതിരെ കേസ് ഫയല്‍ ചെയ്തത്. വ്യാജ ആരോപണം ഉന്നയിച്ച് തന്നേയും കുടുംബാംഗങ്ങളേയും അപമാനിച്ചെന്നാണ് ജെയ്റ്റ്‌ലി പറയുന്നത്. ഒരുരൂപ പോലും ഡിഡിസിഎയില്‍ നിന്നും എടുത്തിട്ടില്ല. ആരോപണത്തില്‍ പറയുന്ന ഒരു സ്വകാര്യ കമ്പനിയിലും ഷെയറുകള്‍ ഇല്ല. ആരോപണം പിന്‍വലിച്ച് കെജ്‌രിവാള്‍ മാപ്പു പറയണമെന്നും ജെയ്റ്റ്‌ലി കോടതിയില്‍ ആവശ്യപ്പെട്ടു. ജനുവരി അഞ്ചിന് കേസില്‍ കോടതി വിശദമായ വാദം കേള്‍ക്കും. അന്ന് ജെയ്റ്റ്‌ലിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്യും.

ഡല്‍ഹി ആന്‍ഡ് ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷന്‍ അധ്യക്ഷനായിരിക്കെ 98 കോടി രൂപയുടെ അഴിമതി നടത്തിയെന്നാണ് മുന്‍ ക്രിക്കറ്റ് താരവും ബിജെപി എം.പിയുമായ കീര്‍ത്തി ആസാദ് വെളിപ്പെടുത്തിയത്. ജെയ്റ്റ്‌ലിക്കൊപ്പം കേന്ദ്രമന്ത്രിമാരായ വെങ്കയ്യാ നായിഡു, സ്മൃതി ഇറാനി, വി.കെ മല്‍ഹോത്ര എംപി എന്നിവരും പാട്യാല കോടതിയില്‍ എത്തിയിരുന്നു. അതേസമയം, ആരോപണം ഉന്നയിച്ച തനിക്കെതിരെ കേസു കൊടുക്കാത്തത് തന്നെ വിഷമിപ്പിച്ചെന്ന് കീര്‍ത്തി ആസാദ് പറഞ്ഞു. താന്‍ കൊണ്ടുവന്ന അഴിമതിയാരോപണം കോണ്‍ഗ്രസും ആം ആദ്മിയും കോടതിയിലേക്ക് കൊണ്ടുപോകുകയായിരുന്നെന്നും കീര്‍ത്തി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here