വെള്ളാപ്പള്ളിയെ അറസ്റ്റു ചെയ്യാത്തത് ഉമ്മന്‍ചാണ്ടി-ആര്‍എസ്എസ് ധാരണയെന്ന് കോടിയേരി ബാലകൃഷ്ണന്‍; കോണ്‍ഗ്രസിന് ആര്‍എസ്എസിനോട് മൃദുസമീപനം

കണ്ണൂര്‍: വെള്ളാപ്പള്ളിയെ അറസ്റ്റു ചെയ്യാത്തതിനു പിന്നില്‍ കോണ്‍ഗ്രസും ആര്‍എസ്എസും തമ്മിലുള്ള അവിശുദ്ധബന്ധമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആര്‍എസ്എസും ഉമ്മന്‍ചാണ്ടിയും തമ്മില്‍ അവിശുദ്ധബന്ധമാണ്. ഈ പരസ്പര ധാരണയുടെ പുറത്താണ് മതവിദ്വേഷ പ്രസംഗം നടത്തിയിട്ടും വെള്ളാപ്പള്ളിയെ അറസ്റ്റു ചെയ്യാത്തത്. കേരളത്തെ വര്‍ഗീയ ഭൂമിയാക്കാന്‍ ആര്‍എസ്എസ് ആസൂത്രിതശ്രമം നടത്തുകയാണ്. സമൂഹത്തെ വര്‍ഗീയമായി ഭിന്നിപ്പിക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്. എന്നാല്‍, കോണ്‍ഗ്രസിന് ആര്‍എസ്എസിനോട് മൃദുസമീപനമാണെന്നും കോടിയേരി പറഞ്ഞു. കണ്ണൂര്‍ പിണറായിയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപക ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ന്യൂനപക്ഷ വിരുദ്ധ വികാരം സൃഷ്ടിച്ച് വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുകയാണ് ആര്‍എസ്എസ് ചെയ്യുന്നത്. ഇതിനായി മുസ്ലിമിനെയും ക്രിസ്ത്യാനിയെയും മാത്രമല്ല ഹിന്ദുവിനെയും ആര്‍എസ്എസ് കൊല്ലും. മുസ്ലിമിനെയും ക്രിസ്ത്യാനിയെയും കൊല്ലാനാണ് ആദ്യം കമ്മ്യൂണിസ്റ്റുകളെ കൊല്ലുന്നത്. ഇതിനായി യുക്തിചിന്ത പ്രചരിപ്പിക്കുന്നു. ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ഐഎസ് ഏറ്റവും അധികം കൊല്ലുന്നത് മുസ്ലിമിനെയാണ്. ഐഎസിന്റെ ഇന്ത്യന്‍ പതിപ്പാണ് ആര്‍എസ്എസ് എന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

വര്‍ഗീയതയെ ചെറുത്തുതോല്‍പിച്ചാല്‍ മാത്രമേ വെല്ലുവിളികളെ നേരിടാനാകൂ. ആര്‍എസ്എസ് ഹിന്ദുരാഷ്ട്രം സ്ഥാപിക്കാന്‍ കോര്‍പ്പറേറ്റ് വത്കരണം നടത്തുന്നു. കോണ്‍ഗ്രസിന് പൂര്‍ത്തിയാകാനാത്ത കോര്‍പ്പറേറ്റ് വത്കരണമാണ് ആര്‍എസ്എസ് നടപ്പാക്കുന്നത്. മുസ്ലിംവിരുദ്ധ വികാരം ഇളക്കിവിട്ട ബിജെപി കശ്മീരില്‍ പിഡിപിയുമായി അധികാരം പങ്കിടുന്നു. അധികാരം പിടിച്ചെടുത്ത് കുത്തകമുതലാളിക്ക് ജനങ്ങളെ ചൂഷണം ചെയ്യാന്‍ അവസരം ഒരുക്കുകയാണ് ആര്‍എസ്എസ് ചെയ്യുന്നതെന്നും കോടിയേരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News