നിര്‍ഭയ കേസിലെ കുട്ടിക്കുറ്റവാളിയുടെ മോചനം; ബാലനിയമഭേദഗതി ബില്‍ രാജ്യസഭ ചര്‍ച്ച ചെയ്യും; പിന്തുണയ്ക്കുമെന്ന് പ്രതിപക്ഷം

ദില്ലി: ബാലനിയമഭേദഗതി ബില്‍ ഇന്ന് രാജ്യസഭ ചര്‍ച്ച ചെയ്യും. ദില്ലി കൂട്ടബലാത്സംഗ കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ മോചിപ്പിച്ചതിന്റെ പശ്ചാത്തലത്തിലാണ് ബില്‍ രാജ്യസഭ ചര്‍ച്ചയ്ക്ക് എടുക്കുന്നത്. ബില്ലിനെ പിന്തുണയ്ക്കുമെന്ന് പ്രതിപക്ഷം അറിയിച്ചു. ബില്‍ നേരത്തെ ലോക്‌സഭ പാസാക്കിയിരുന്നു. കുട്ടിക്കുറ്റവാളികളുടെ പ്രായപരിധി 18ല്‍ നിന്നും കുറയ്ക്കുന്ന ചട്ടത്തിലെ നിയമഭേദഗതിയാണ് രാജ്യസഭ ഇന്ന് ചര്‍ച്ചക്കെടുക്കുന്നത്.  പ്രതിപക്ഷ നിസ്സഹകരണം മൂലമാണ് രാജ്യസഭയില്‍ ഇതുവരെ ബില്‍ എത്താതിരുന്നത്.

കഴിഞ്ഞ ദിവസം ദില്ലി കൂട്ടബലാത്സംഗ കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ മോചിപ്പിച്ചിരുന്നു. ഇതിനെതിരെ രാജ്യമെങ്ങും കനത്ത പ്രതിഷേധങ്ങള്‍ അരങ്ങേറി. ഇതിന്റെ പശ്ചാത്തലത്തിലാണ് അടിയന്തരമായി ബാലനിയമഭേദഗതി രാജ്യസഭ ഇന്ന് ചര്‍ച്ചക്കെടുക്കുന്നത്. ബില്ലിനെ പിന്തുണയ്ക്കുമെന്ന് പ്രതിപക്ഷം അറിയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ബില്‍ ഇന്ന് പാസാകാനാണ് സാധ്യത. രാജ്യസഭ കൂടി ബില്‍ പാസാക്കിയാല്‍ ഭേദഗതി നിയമമാകും.

2012 ഡിസംബര്‍ 16ലെ കൂട്ടബലാത്സംഗ കേസിലെ കുട്ടിക്കുറ്റവാളിക്ക് ജയില്‍ മോചിതനാകാന്‍ സഹായിച്ചത് ബാലനീതി നിയമത്തിന്റെ പഴുതുകളിലൂടെയാണ്. ഈ നിയമ ഭേദഗതിയിലൂടെ അതിന് മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേസില്‍ പെണ്‍കുട്ടിയെ ഏറ്റവും ക്രൂരമായ പീഡനത്തിന് ഇരയാക്കിയതും പ്രായപൂര്‍ത്തിയാകാത്ത കുറ്റവാളിയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here