കാലിക്കറ്റ് സര്‍വകലാശാലയില്‍ സുരക്ഷ ഒരുക്കും; റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ആറംഗ സമിതി

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയില്‍ മതിയായ സുരക്ഷ ഒരുക്കാന്‍ തീരുമാനം. വിസി വിളിച്ചു ചേര്‍ത്ത ഡിപ്പാര്‍ട്ട്‌മെന്റ് മേധാവിമാരുടെ യോഗത്തിലാണ് തീരുമാനം. വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ആറംഗ സമിതിയെ നിയോഗിച്ചു. ക്യാമ്പസിനകത്ത് അതിക്രമം നേരിടുന്നുവെന്ന് കാണിച്ച് വിദ്യാര്‍ത്ഥികള്‍ നല്‍കിയ പരാതി വിവാദമായതിനെ തുടര്‍ന്നാണ് സുരക്ഷ വര്‍ധിപ്പിക്കാന്‍ സര്‍വകലാശാല തീരുമാനമെടുത്തത്. ഡിപ്പാര്‍ട്ട്‌മെന്റ് മേധാവികളുടെ യോഗം വിളിച്ചു ചേര്‍ത്ത് വൈസ് ചാന്‍സലര്‍ കാര്യങ്ങള്‍ വിലയിരുത്തി.

പെണ്‍കുട്ടികളുടെ ഹോസ്റ്റലിലേക്കുള്ള വഴിയില്‍ തെരുവു വിളക്കുകള്‍ സ്ഥാപിക്കാനും യൂണിവേഴ്‌സിറ്റിയുടെ കവാടങ്ങളില്‍ സുരക്ഷാ കാവല്‍ക്കാരെ നിയോഗിക്കാനും തീരുമാനമെടുത്തു. സുരക്ഷ ഒരുക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് വിശദമായ പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആറംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഹ്രസ്വകാല-ദീര്‍ഘകാല പദ്ധതികള്‍ നടപ്പിലാക്കാനാണ് തീരുമാനം. അതേസമയം, യുജിസിക്ക് പരാതി നല്‍കിയ വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ സര്‍വകലാശാല ഇടപെട്ട് കള്ളക്കേസുകള്‍ ചുമത്തുന്നതായി എസ്എഫ്‌ഐ ആരോപിച്ചു. കായിക വിദ്യാര്‍ത്ഥികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പരാതിക്കാരായ വിദ്യാര്‍ത്ഥിനികളുടെ പേരില്‍ ഇതിനകം രണ്ടു കേസുകള്‍ തേഞ്ഞിപ്പലം പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News