ചണ്ഡിഗഡ്: ദില്ലിയിലെ നിര്‍ഭയയ്ക്കു സമാനമായി യുവതിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസില്‍ ഹരിയാന കോടതി ഏഴു പ്രതികള്‍ക്കും വധശിക്ഷ വിധിച്ചു. ഫെബ്രുവരിയിലായിരുന്നു സംഭവം. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണെന്നും പ്രതികളെല്ലാം പരമോന്നത ശിക്ഷ അര്‍ഹിക്കുന്നെന്നും ശിക്ഷാവിധി പ്രഖ്യാപിച്ചുകൊണ്ടു റോഹ്തക് അതിവേഗ കോടതി ജഡ്ജി സീമ സിംഗാള്‍ പറഞ്ഞു. പ്രതികള്‍ ഓരോരുത്തരും 1.40 ലക്ഷം രൂപ പിഴയും അടയ്ക്കണം. കേസില്‍ പ്രതികളില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്തയാളാണ്. മറ്റൊരാള്‍ ആത്മഹത്യ ചെയ്തു.
പദം സിംഗ്, മന്‍വീര്‍ സിംഗ്, സര്‍വാര്‍ കുമാര്‍, രാജേഷ് കുമാര്‍, പവന്‍ കുമാര്‍കഴിഞ്ഞ ഫെബ്രുവരി ഒന്നിനാണ് നേപ്പാള്‍ സ്വദേശിനിയായി ഇരുപതെട്ടുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. ബ്ലേഡുകളും കല്ലുകളും ഉപയോഗിച്ചു പരുക്കേല്‍ച്ച നിലയിലും ജനനേന്ദ്രിയത്തില്‍ കോണ്ടവും വടിയും കുത്തിയിറക്കിയ നിലയിലുമായിരുന്നു മൃതദേഹം. കാണാതായി മൂന്നു ദിവസത്തിനു ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. യുവതി ക്രൂര ബലാത്സംഗത്തിന് ഇരയായതെന്നു പോസ്റ്റ്‌മോര്‍ട്ടത്തില്‍ തെളിഞ്ഞിരുന്നു.
സമൂഹത്തിലെ ദുര്‍ബലരായ വിഭാഗമായി സ്ത്രീകളെ കണക്കുകൂട്ടുന്നെന്നും ഓരോ കുറ്റകൃത്യത്തിനും ഇരകളാകുന്ന സ്ത്രീകളുടെ കരച്ചില്‍ തനിക്കു കേള്‍ക്കാനാവുമെന്നും ജഡ്ജി സീമ സിംഗാള്‍ പറഞ്ഞു. ഇതൊരു ആണധികാര സമൂഹമാണ്. സ്ത്രീയെ അടിച്ചമര്‍ത്തണമെന്നും ഇരകളാക്കണമെന്നും കരുതുന്ന പുരുഷന്‍മാര്‍ സ്വയം നാണംകെടണമെന്നും അവര്‍ ചൂണ്ടിക്കാട്ടി.
ദില്ലിയിലെ നിര്‍ഭയ കൂട്ടബലാത്സംഗക്കേസിനു സമാനമായിരുന്നു റോഹ്തകിലുണ്ടായതും. ഒമ്പതുപേരാണ് യുവതിയെ ബലാത്സംഗം ചെയ്തത്. ഇതില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്തയാളാണ്. ഇയാളെ റോഹ്തകിലെ ഒബ്‌സര്‍വേഷന്‍ ഹോമില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ഒരാള്‍ പൊലീസ് പിടികൂടും മുമ്പ് ജീവനൊടുക്കിയിരുന്നു.

Get real time update about this post categories directly on your device, subscribe now.