ബ്രണ്ടന്‍ മക്കല്ലം ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു; ഫെബ്രുവരിയിലെ ഓസ്‌ട്രേലിയന്‍ പര്യടനത്തോടെ ക്രീസ് വിടും

ക്രൈസ്റ്റ് ചര്‍ച്ച്: ന്യൂസിലന്‍ഡ് ക്രിക്കറ്റ് നായകന്‍ ബ്രണ്ടന്‍ മക്കല്ലം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു. താന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതായി മക്കല്ലം പ്രഖ്യാപിച്ചു. ഫെബ്രുവരിയില്‍ ആരംഭിക്കുന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തോടെ കരിയര്‍ അവസാനിപ്പിക്കാനാണ് മക്കല്ലം ലക്ഷ്യമിടുന്നത്. ഫെബ്രുവരി 20-ന് നടക്കുന്ന രണ്ടാം ടെസ്റ്റ് ആയിരിക്കും മക്കല്ലത്തിന്റെ അവസാന ടെസ്റ്റ്. മക്കല്ലത്തിന്റെ 101-ാമത് അന്താരാഷ്ട്ര ടെസ്റ്റ് മത്സരമാണ് ഇത്. ഹഗ്ലെ ഓവല്‍ സ്‌റ്റേഡിയത്തിലാണ് മത്സരം നടക്കുക. കിവീസിന്റെ കളിക്കാരനായും പിന്നീട് നായകനായും പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചതില്‍ സന്തുഷ്ടനാണ്. എന്നാല്‍ എല്ലാ ശുഭകാര്യങ്ങള്‍ക്കും ഒരു അവസാനമുണ്ട്. തനിക്കുതന്ന മികച്ച അനുഭവങ്ങള്‍ക്കു നന്ദിയുള്ളവനാണെന്നും ക്രൈസ്റ്റ് ചര്‍ച്ചില്‍ നടന്ന പത്രസമ്മേളനത്തില്‍ മക്കല്ലം പറഞ്ഞു.

കിവീസിന്റെ എക്കാലത്തെയും മികച്ച ടെസ്റ്റ് റണ്‍വേട്ടക്കാരില്‍ രണ്ടാമനായ മക്കല്ലം കഴിഞ്ഞ ലോകകപ്പില്‍ ന്യൂസിലന്‍ഡിനെ ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു. ഇതുവരെ 99 ടെസ്റ്റുകള്‍ കളിച്ച മക്കല്ലം 11 സെഞ്ചുറിയും 31 അര്‍ധസെഞ്ചുറിയുടെയും അകമ്പടിയില്‍ 6,273 റണ്‍സ് നേടി. 254 ഏകദിനത്തില്‍ നിന്നായി 30.30 ശരാശരിയില്‍ 5,909 റണ്‍സ് സമ്പാദിച്ചു. 71 ട്വന്റി20 മത്സരങ്ങളില്‍ നിന്നായി 2,140 റണ്‍സും നേടി. 2002-ല്‍ സിഡ്‌നിയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെയായിരുന്നു അരങ്ങേറ്റം.

മക്കല്ലത്തിന്റെ അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപനത്തോടെ മാര്‍ച്ചില്‍ ആംരഭിക്കുന്ന ലോക ട്വന്റി20 ക്രിക്കറ്റില്‍ കിവീസിനെ കെയ്ന്‍ വില്യംസണ്‍ നയിക്കുമെന്നാണ് സൂചനകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News