മാഡ്രിഡ്: സ്‌പെയിന്‍ പാര്‍ലമെന്റിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഇടതുപാര്‍ട്ടിയുടെ മുന്നേറ്റം. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ആദ്യമായി മത്സരത്തിനിറങ്ങിയ പൊഡെമോസ് പാര്‍ട്ടി ശക്തമായ സാന്നിധ്യം അറിയിച്ചപ്പോള്‍ മുന്നേറിയപ്പോള്‍ ഭരണം കൈയാളുന്ന പോപ്പുലര്‍ പാര്‍ട്ടിയും പ്രതിപക്ഷമായ സോഷ്യലിസ്റ്റുകളും കനത്ത തിരിച്ചടിയാണ് നേരിട്ടത്. ആര്‍ക്കും ഭൂരിപക്ഷം ലഭിച്ചില്ല. സര്‍ക്കാര്‍ രൂപീകരണത്തിനുള്ള സഖ്യചര്‍ച്ചകള്‍ തുടങ്ങി.
20.66 ശതമാനം വോട്ടാണ് കന്നിയങ്കത്തില്‍ പൊഡെമോസ് പാര്‍ട്ടി നേടിയത്. 69 സീറ്റുകളില്‍ ജയിച്ചു. ഭരണകക്ഷിയും പ്രധാനമന്ത്രി മരിയാനോ രസോയിയുടെ നേതൃത്വത്തിലുള്ളതുമായ പോപ്പുലര്‍ പാര്‍ട്ടി 123 സീറ്റ് നേടി. 28.72 ശതമാനം വോട്ടാണ് നേടിയത്. പ്രതിപക്ഷമായ സോഷ്യല്‍ ഡെമോക്രാറ്റുകള്‍ 22.01 ശതമാനം വോട്ടോടെ 90 സീറ്റ് നേടി. പുതിയകക്ഷിയായ സിയുഡാഡനോസും 13.93 ശതമാനം വോട്ടോടെ 40 സീറ്റുകള്‍ നേടി. മറ്റ് ചെറുകക്ഷികള്‍ക്ക് 28 സീറ്റുണ്ട്. കാറ്റലോണിയയിലും ബാസ്‌ക്യൂവിലും ഒന്നാമതെത്തിയ പൊഡെമോസ് മാഡ്രിഡില്‍ രണ്ടാംസ്ഥാനത്തെത്തി. 20 ശതമാനത്തിലേറെ വോട്ടുനേടിയ പൊഡെമോസിന് മറ്റ് കക്ഷികളുടെ പിന്തുണയോടെ സഖ്യം രൂപീകരിക്കാനാകും. സിയുഡാഡനോസുമായും സഖ്യസാധ്യതയുണ്ട്. സോഷ്യലിസ്റ്റുകള്‍ക്ക് പൊഡെമോസിനെ പിന്തുണയ്ക്കുകയുമാകാം.വലിയ ഒറ്റക്കക്ഷിയായെങ്കിലും സഖ്യം രൂപീകരിക്കുക പോപ്പുലര്‍ പാര്‍ടിക്ക് എളുപ്പമാവില്ല. മാറിമാറി രാജ്യംഭരിച്ചിരുന്ന കക്ഷികള്‍ ഒന്നിച്ച് മഹാസഖ്യം രൂപീകരിക്കാനുള്ള സാധ്യതയും കുറവാണ്.
ജനകീയപ്രക്ഷോഭത്തിലേര്‍പ്പെട്ട ഇടതുപക്ഷത്തെ ജനങ്ങളില്‍ വലിയൊരു വിഭാഗം അംഗീകരിച്ചെന്ന് ഫലങ്ങളില്‍ വ്യക്തമാകുന്നത്. വലതുപക്ഷ സര്‍ക്കാരുകളുടെ ചെലവുചുരുക്കല്‍നയത്തിനെതിരെ പൊരുതി ഉയര്‍ന്നുവന്ന പൊഡെമോസും സിയുഡാഡനോസും കൂടി മൂന്നിലൊന്ന് സീറ്റ് കരസ്ഥമാക്കിയതോടെയാണ് പരമ്പരാഗതകക്ഷികള്‍ക്ക് തിരിച്ചടിയേറ്റത്. മൂന്നു പതിറ്റാണ്ടിലേറെയായി പോപ്പുലര്‍ പാര്‍ടിയും സോഷ്യലിസ്റ്റുകളുമാണ് സ്‌പെയിന്‍ മാറിമാറി ഭരിച്ചത്. ഈ ചരിത്രം മാറ്റിയെഴുതിയിരിക്കുകയാണെന്നും സ്‌പെയിന്‍ ഇനി പഴയതുപോലെ ആകില്ലെന്നും പൊഡെമോസ് നേതാവ് പാബ്‌ളോ ഇഗ്‌ളേഷ്യാസ് പറഞ്ഞു. സ്‌പെയിന്‍ കടുത്ത സാമ്പത്തികപ്രതിസന്ധിയില്‍ ഉലയുന്ന കാലഘട്ടത്തിലാണ് പൊഡെമോസ് പുതിയ ജനകീയപ്രസ്ഥാനമായത്.
യൂറോപ്യന്‍ യൂണിയന്‍ നേതൃത്വത്തിന് വഴങ്ങിയുള്ള ചെലവുചുരുക്കല്‍ നയങ്ങളും അഴിമതിയുമാണ് പോപ്പുലര്‍ പാര്‍ടി സര്‍ക്കാരിനെ ജനങ്ങളില്‍നിന്ന് അകറ്റിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിന്റെ സമയത്തേക്കാള്‍ ദരിദ്രരാണ് സാധാരണക്കാര്‍. തൊഴിലില്ലായ്മ യൂറോപ്യന്‍ യൂണിയനിലെ രണ്ടാമത്തെ ഉയര്‍ന്ന നിരക്കായ 21 ശതമാനമായി ഉയര്‍ന്നു. ഗ്രീസാണ് ഒന്നാമത്. ജനവിരുദ്ധ നടപടികള്‍ തന്റെ സര്‍ക്കാരിന് സ്വീകരിക്കേണ്ടിവന്നെന്ന് രസോയ് സമ്മതിച്ചു. സഖ്യചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് സോഷ്യലിസ്റ്റ് നേതാവ് പെഡ്രോ സാഞ്ചസ് പറഞ്ഞു.
ഗ്രീസിലെ ഇടതുപക്ഷ പ്രധാനമന്ത്രി അലക്‌സി സിപ്രാസ് പൊഡെമോസിനെ അഭിനന്ദിച്ചു. സ്‌പെയിനില്‍ ചെലവുചുരുക്കല്‍നയം രാഷ്ട്രീയമായി പരാജയപ്പെട്ടെന്ന് സിപ്രാസ് പറഞ്ഞു. യൂറോപ്പ് മാറുന്നുവെന്നതിന്റെ സൂചനയാണ് ഫലമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗ്രീസിലും ചെലവുചുരുക്കല്‍ നയത്തിനെതിരെ പൊരുതിമുന്നേറിയാണ് സിറിസ പാര്‍ടി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. സ്‌പെയിനില്‍ പൊഡെമോസിന്റെ സഖ്യകക്ഷിയാണ് സിറിസ.
സ്പാനിഷ് ഭരണഘടന അനുശാസിക്കുന്ന രീതിയില്‍ എല്ലാ കക്ഷികളോടും ആശയവിനിമയം നടത്തിയശേഷം ഫിലിപ്പെ ആറാമന്‍ രാജാവാണ് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുടെ പേര് നിര്‍ദേശിക്കുന്നത്. ജനുവരി 13ന് പുതിയ സഭ സമ്മേളിച്ചശേഷമാകും ഈ പ്രക്രിയ നടക്കുക. രാജാവ് നിര്‍ദേശിക്കുന്ന സ്ഥാനാര്‍ഥി പാര്‍ലമെന്റില്‍ വിശ്വാസവോട്ട് നേടണം. അതിന് കഴിഞ്ഞില്ലെങ്കില്‍ മറ്റൊരു സ്ഥാനാര്‍ഥിയെ രാജാവ് വീണ്ടും നിര്‍ദേശിക്കും. രണ്ടുമാസത്തിനുള്ളില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ വീണ്ടും തെരഞ്ഞെടുപ്പിലേക്ക് നീങ്ങും.
Get real time update about this post categories directly on your device, subscribe now.
Discussion about this post