ബാലനീതി ഭേദഗതി ബില്‍ രാജ്യസഭ പാസാക്കി; പ്രായം കുറച്ചതുകൊണ്ടു പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവില്ലെന്നു സീതാറാം യെച്ചുരി; രാഷ്ട്രപതി ഒപ്പിടുന്നതോടെ നിയമമാവും

ദില്ലി: ബാലനീതി നിയമഭേദഗതിബില്‍ രാജ്യസഭ പാസാക്കി. ഇടതുപക്ഷത്തിന്റെ എതിര്‍പ്പോടെയാണ് സഭ ബില്‍ പാസാക്കിയത്. രാഷ്ട്രപതി ഒപ്പിടുന്നതോടെ ബില്‍ നിയമമാകും. നേരത്തേ, ലോക്‌സഭയും ബില്‍ പാസാക്കിയിരുന്നു. പതിനാറിനും പതിനെട്ടിനുമിടയ്ക്ക് വയസില്‍ ഗുരുതര കുറ്റകൃത്യം ചെയ്യുന്ന കുട്ടികളെ മുതിര്‍ന്നവരായി കണക്കാക്കി വിചാരണ ചെയ്യുന്നതിന് അനുമതി നല്‍കുന്നതാണ് പ്രധാന ഭേദഗതി. വിവേകത്തിന്റെ പേരില്‍ ബില്ലുകള്‍ പാസാക്കരുതെന്നും ഈ ബില്‍ സെലക്ട് കമ്മിറ്റിക്കു വിടണമെന്നുമായിരുന്നു ഇടതു പാര്‍ട്ടികളുടെ ആവശ്യം.

ഇതനുസരിച്ച് രണ്ടായിരത്തിലെ ബാലനീതി ശിശു സംരക്ഷണ നിയമത്തിന് പകരം പുതിയ നിയമം നിലവില്‍ വരും. ഒപ്പം ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡും ശിശുക്ഷേമ സമിതികളും എല്ലാ ജില്ലകളിലും സ്ഥാപിക്കും. കുറ്റകൃത്യം ചെയ്ത കുട്ടികളെ എങ്ങോട്ടേക്കു വിടണമെന്ന കാര്യത്തില്‍ ജുവനൈല്‍ ജസ്റ്റിസ്‌ബോര്‍ഡിന് തീരുമാനമെടുക്കാം.

കുട്ടികള്‍ക്കെതിരായ ക്രൂരത, മയക്കുമരുന്നു നല്‍കി വശത്താക്കല്‍, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയവയ്ക്കുള്ള ശിക്ഷ ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. കുറ്റം ചെയ്ത കുട്ടികളെ മുതിര്‍ന്നവരായി പരിഗണിക്കണോ എന്ന കാര്യം വിദഗ്ധരടങ്ങുന്ന സമിതി തീരുമാനിക്കും. സമത്വം, ജീവിക്കാനുള്ള അവകാശം തുടങ്ങിയവ ഹനിക്കുന്ന കുറ്റകൃത്യങ്ങള്‍ ഗുരുതരമായി കണക്കാക്കും.

പതിനെട്ടു വയസില്‍ താഴെയുള്ളവരെ കുട്ടികളായി കണക്കാക്കണമെന്നാണ് ഐക്യ രാഷ്ട്രസഭയുടെ ശിശു അവകാശ കണ്‍വന്‍ഷന്‍ വ്യക്തമാക്കുന്നത്. എന്നാല്‍, ഇതിനു വിരുദ്ധമാണ് പാസാക്കിയ ബില്‍. നിയമത്തില്‍ ചില കുറ്റകൃത്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ശിക്ഷ ആനുപാതികമല്ലെന്ന വിമര്‍ശനവും നിലവിലുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News