ദേശീയ സ്‌കൂള്‍ കായികമേളയ്ക്ക് കോഴിക്കോട് വേദിയാകും; സംസ്ഥാനം നിലപാട് തിരുത്തിയത് കായിക കൗമാരത്തിന്റെ നേട്ടം

ദില്ലി: 19- ാമത് ദേശീയ സ്‌കൂള്‍ കായികമേളയ്ക്ക് കോഴിക്കോട് വേദിയാകും. മീറ്റ് നടത്താന്‍ ആകില്ലെന്ന മുന്‍നിലപാട് കേരളം തിരുത്തിയതാണ് കോഴിക്കോടിന് നറുക്കുവീണത്. ഒളിമ്പ്യന്‍മാര്‍ അടക്കമുള്ളവരുടെ വലിയ പ്രതിഷേധത്തിന് ഒടുവിലാണ് വേദിയാകാമെന്ന് കേരളം അറിയിച്ചത്. ഇക്കാര്യമറിയിച്ച് ചീഫ് സെക്രട്ടറി ജിജി തോംസണ്‍ കേന്ദ്ര കായിക മന്ത്രാലയത്തിന് കത്തയച്ചു. തുടര്‍ന്നാണ് തീരുമാനം.

അടുത്ത ദേശീയ ഗെയിംസ് നടക്കുന്ന ഗോവയും കായിക മന്ത്രാലയത്തിന്റെ പരിഗണനയില്‍ ഉണ്ടായിരുന്നു. എങ്കിലും ഗോവയുടെ താത്പര്യകുറവ് കേരളത്തിന് വേദിയാകാന്‍ അവസരമൊരുക്കി. ജനുവരി 25മുതല്‍ 30വരെയാണ് ദേശീയ സകൂള്‍ കായികമേള കോഴിക്കോട് നടക്കുക. ദേശീയ കായിക സെക്രട്ടറി രാജീവ് ഗുപതയാണ് ഇക്കാര്യം അറിയിച്ചത്.

5000ത്തോളം കായിക പ്രതിഭകള്‍ക്ക് അവസരമൊരുക്കുന്നതാണ് ദേശീയ സ്‌കൂള്‍ കായികമേള. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം നടത്താമെന്ന് മഹാരാഷ്ട്ര നിലപാട് സ്വീകരിച്ചത് വലിയ വിവാദങ്ങള്‍ക്ക വഴിവച്ചു. ഇതോടെയാണ് കേരളത്തിന് അവസരം ആദ്യം കൈവന്നത്. എന്നാല്‍ മാര്‍ച്ചിലെ എസ്എസ്എല്‍സി പരീക്ഷയും പിന്നാലെവരുന്ന നിയമസഭാ തെരഞ്ഞെടുപ്പും ചൂണ്ടികാട്ടി കേരളം വിസ്സമതം അറിയിച്ചു.

വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ മറ്റു സംസ്ഥാനങ്ങളും വേദിയാകാന്‍ കഴിയില്ലെന്ന് നിലപാട് സ്വീകരിച്ചു. ഗുജറാത്ത് അനുകൂല നിലപാട്‌കേന്ദ്രസര്‍ക്കാരിനെ അറിയിച്ചു. എന്നാല്‍ സംസ്ഥാന കായികമേള നടന്ന കോഴിക്കോടിന്റെ അനുകൂല സാഹചര്യം കണക്കിലെടുത്ത് കേരളം വേദിയാകട്ടെ എന്ന് കേന്ദ്രകായിക മന്ത്രാലയം തീരുമാനിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here