പ്രവര്‍ത്തനശൈലി മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി; പ്രതിച്ഛായ തകര്‍ക്കാന്‍ ബോധപൂര്‍വമായ ശ്രമമില്ല

തിരുവനന്തപുരം: തന്റെ പ്രവര്‍ത്തന ശൈലിയില്‍ യാതൊരു മാറ്റവും വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പ്രതിച്ഛായ തകര്‍ക്കാന്‍ ബോധപൂര്‍വമായി ആരെങ്കിലും ശ്രമിക്കുന്നു എന്ന ആക്ഷേപം തനിക്കില്ല. കേരള കൗമുദി പത്രത്തിനു നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. പ്രവര്‍ത്തനശൈലി സുതാര്യമാണ്. അതില്‍ മാറ്റം വരുത്തിയാല്‍ താനൊരു മുറിക്കകത്ത് അകപ്പെട്ടതു പോലെയാകും. ആളുകളുമായി ബന്ധപ്പെടാന്‍ സാധിക്കുകയില്ല. തന്റെ ശക്തി ജനങ്ങളാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. പ്രവര്‍ത്തനശൈലിയെ വിമര്‍ശിച്ച് കഴിഞ്ഞ ദിവസം വീക്ഷണം പത്രത്തില്‍ വന്ന ലേഖനത്തിന് മറുപടി കൂടിയാണ് ഉമ്മന്‍ചാണ്ടിയുടെ വാക്കുകള്‍.

വിവാദമായ കത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിച്ഛായ തകര്‍ക്കാന്‍ പാര്‍ട്ടിക്കും മുന്നണിക്കും അകത്തു നിന്നോ പുറത്തു നിന്നോ ബോധപൂര്‍വമായ ശ്രമമുണ്ടെന്ന് താന്‍ കരുതുന്നില്ല. തന്റെ പ്രവര്‍ത്തന ശൈലിയുടെ ഭാഗമായി ആര്‍ക്കും തന്നെ എവിടെ വച്ചും കാണാം. ഏതുസമയത്തും കാണാം. ജനങ്ങളുമായി സംസാരിക്കുമ്പോള്‍ അവരില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളാണ് തനിക്ക് സുപ്രധാനം. ജനങ്ങളുമായി അടുത്ത് ഇടപഴകുമ്പോള്‍ അവരുടെ പള്‍സ് അറിയാന്‍ സാധിക്കും. ജനസമ്പര്‍ക്ക പരിപാടി പോലും ആ അര്‍ത്ഥത്തില്‍ തനിക്കാണ് നേട്ടമുണ്ടാക്കിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതേ നിലയില്‍ തന്നെയാണ് യുഡിഎഫ് അടുത്ത തെരഞ്ഞെടുപ്പിനെയും നേരിടുക. അതില്‍ ജയിച്ചു വരുകയും ചെയ്യുമെന്നും ഉമ്മന്‍ചാണ്ടി അഭിമുഖത്തില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News