ദില്ലി: ഫേസ്ബുക്കിന്റെ ഫ്രീ ബേസിക്‌സ് ഇന്ത്യയില്‍ ആരംഭിക്കുന്നത് ടെലികോം റെഗുലേറ്ററി അഥോറിട്ടി താല്‍കാലികമായി തടഞ്ഞു. പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ ഫ്രീബേസിക്‌സിന്റെ ഇന്ത്യയിലെ സേവനദാതാക്കളായ റിലയന്‍സ് കമ്യൂണിക്കേഷന്‍സിനു ട്രായ് നിര്‍ദേശം നല്‍കി.
ഇന്റര്‍നെറ്റ് സമത്വത്തിന് ഭീഷണിയാണോ എന്നു പരിശോധിച്ചശേഷം മാത്രമായിരിക്കും ഫ്രീ ബേസിക്‌സിന് ഇനി അനുമതി നല്‍കുക. ഫ്രീ ബേസിക്‌സ് ഇന്ത്യയില്‍ ഇന്റര്‍നെറ്റ് സമത്വം ഇല്ലാതാക്കുന്നതാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. പരാതികള്‍ ശക്തമായ സാഹചര്യത്തിലാണ് ഫ്രീ ബേസിക്‌സ് ഇന്ത്യയില്‍ ആരംഭിക്കുന്നത് താല്‍കാലികമായി ട്രായ് വിലക്കേര്‍പ്പെടുത്തിയത്.
ഇന്റര്‍നെറ്റിലെ വിവിധ സേവനങ്ങള്‍ക്കു പല രീതിയില്‍ ഒരു സേവനദാതാവ് പണമീടാക്കുന്നത് അനുവദിക്കാനാവുമോ എന്ന ചോദ്യത്തിനാണ് ഉത്തരം വേണ്ടത്. ഇതിന് ഉത്തരം കിട്ടാത്തതു വരെ ഇത്തരമൊരു സേവനം അനുവദിക്കുന്നത് ചിന്തിക്കാനാവില്ലെന്നു ട്രായ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. പ്രത്യേക പണം നല്‍കാതെ ഇന്റര്‍നെറ്റിലെ എല്ലാ സേവനങ്ങള്‍ക്കും എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമാക്കുന്നതാണ് ഇന്റര്‍നെറ്റ് സമത്വം കൊണ്ട് ഉദ്ദേശിക്കുന്നത്. ഫ്രീബേസിക്‌സ് വിവിധ സേവനങ്ങള്‍ക്കും വിവിധ ഉള്ളടക്കത്തിനും വിവിധ സൈറ്റുകള്‍ക്കും പല രീതിയില്‍ നിരക്കീടാക്കുന്ന രീതിയിലാണ് വിഭാവനം ചെയ്തിരിക്കുന്നത്. പല സൈറ്റുകള്‍ക്കും പല രീതിയില്‍ പണം ഈടാക്കുന്നത് ഇപ്പോഴത്തെ നിലയില്‍നിന്ന് രാജ്യത്തെ ഇന്റര്‍നെറ്റ് മേഖലയുടെ നിയന്ത്രണം പൂര്‍ണമായി ഫേസ്ബുക്ക് കൈക്കലാക്കുന്ന അവസ്ഥയിലെത്തിക്കുമെന്നായിരുന്നു വിമര്‍ശകരുടെ പ്രധാന അഭിപ്രായം.
സൗജന്യമായി ലഭിക്കുന്ന സൈറ്റുകളുടെ എണ്ണം കുറയുകയും നിത്യവും വേണ്ട സൈറ്റുകള്‍ക്ക് പ്രത്യേകം നിരക്ക് ഈടാക്കുകയും ചെയ്യുന്നതിനാണ് ഫ്രീബേസിക്‌സില്‍ പദ്ധതി. ഇതു മാത്രമല്ല, അതൊക്കെ സൈറ്റുകള്‍ ഇന്ത്യയില്‍ നല്‍കണമെന്നും നല്‍കേണ്ടെന്നും തീരുമാനിക്കാനും ഫേസ്ബുക്കിന് സാധിക്കും. അതുവഴി ഇന്ത്യയിലെ ഇന്റര്‍നെറ്റ് മേഖലയിലെ പരിപൂര്‍ണ അധികാരം ഫേസ്ബുക്കിന് ലഭിക്കുകയും ചെയ്യും. ഇക്കാര്യങ്ങളില്‍ ഉത്തരം തേടി ട്രായ് നല്‍കിയ ചോദ്യാവലിക്കു മറുപടി നല്‍കാന്‍ റിലയന്‍സ് കമ്യൂണിക്കേഷന്‍സോ ഫേസ്ബുക്കോ തയാറായിട്ടില്ല.
ഏഷ്യ, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളിലായി 19 രാജ്യങ്ങളിലാണ് ഫേസ്ബുക്ക് ഫ്രീ ബേസിക്‌സ് നടപ്പാക്കിയിട്ടുള്ളത്. നൂറോളം ടെലികോം സേവനദാതാക്കളുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിട്ടുമുണ്ട്. 2014-ലാണ് ഫ്രീ ബേസിക്‌സ് ആരംഭിച്ചത്. കഴിഞ്ഞ അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഫേസ്ബുക്ക് തലവന്‍ മാര്‍ക്കു സുക്കര്‍ബര്‍ഗുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഫ്രീ ബേസിക്‌സിനെ പിന്തുണച്ചിരുന്നു. എന്നാല്‍, രാജ്യത്താകമാനം കടുത്ത പ്രതിഷേധമാണ് ഇതിനെതിരെ ഉയര്‍ന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here