വെടിയുണ്ടകള്‍ കാണാതായ സംഭവം; അന്വേഷണം രാജ്യതലസ്ഥാനത്തേക്ക്

പാലക്കാട്: വെടിയുണ്ടകള്‍ കാണാതായ കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ദില്ലിയിലേക്ക്. നാഷണല്‍ റൈഫിള്‍ അസോസിയേഷന്‍, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എന്നിവിടങ്ങളില്‍ നിന്ന് ക്രൈംബ്രാഞ്ച് സംഘം വിവരങ്ങള്‍ ശേഖരിക്കും. അതേസമയം റൈഫിള്‍ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ജോ ഐ മംഗലി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് പാലക്കാട് ജില്ലാ സെഷന്‍സ് കോടതി ഈ മാസം 28 ലേക്ക് മാറ്റി. നാഷണല്‍ റൈഫിള്‍ അസോസിയേഷന്റെ ഡല്‍ഹിയിലേയും സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ തിരുവനന്തപുരത്തേയും ഓഫീസുകളില്‍ നിന്ന് രേഖകള്‍ കണ്ടെത്താനാണ് പാലക്കാട് ക്രൈംബ്രാഞ്ച് സംഘത്തിന്റെ തീരുമാനം.

ദേശീയ ഗെയിംസിന്റെ പരിശീലനത്തിനായി നാഷണല്‍ റൈഫിള്‍ അസോസിയേഷനില്‍ നിന്ന് ലഭിച്ച വെടിയുണ്ടകളാണ് ഇവയെന്ന സംസ്ഥാന അസോസിയേഷന്റെ നിലപാടിനെ തുടര്‍ന്നാണ് അന്വേഷണം ദില്ലിയിലേക്ക് വ്യാപിപ്പിക്കാന്‍ തീരുമാനിച്ചത്. ബാക്കി വന്ന വെടിയുണ്ടകള്‍ എന്തു ചെയ്യണമെന്ന് സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിനോട് ചോദിച്ചിരുന്നതായാണ് സംസ്ഥാന സെക്രട്ടറി ജോ ഐ മംഗലിയുടെ നിലപാട്. ഇതില്‍ വ്യക്തത വരുത്താനാണ് സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ രേഖകള്‍ അന്വേഷണസംഘം പരിശോധിക്കുക. എന്നാല്‍ കേസ് ഏറ്റെടുത്ത് 10 ദിവസമായിട്ടും ജോ ഐ മംഗലിയെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് തയ്യാറായിട്ടില്ല.

അതേസമയം സംസ്ഥാന സെക്രട്ടറി ജോ ഐ മംഗലിയില്‍ നിന്ന് പാലക്കാട് അസോസിയേഷന്‍ സെക്രട്ടറി ദേവസ്യ കുര്യന്‍ വെടിയുണ്ടകള്‍ പണയത്തിന് വാങ്ങിയെന്ന പരാതിയില്‍ കസബ പൊലീസ് കേസെടുത്തു. വെടിയുണ്ടകള്‍ കാണാതായ പരാതിയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലം അസോസിയേഷന്‍ സെക്രട്ടറി സജു എസ് ദാസ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ സംഭവം ഗൗരവമുളളതാണെന്ന നിലപാടാണ് സിബിഐ അഭിഭാഷകന്‍ സ്വീകരിച്ചത്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് അറിയിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News