ഐസിസി ക്രിക്കറ്റര്‍ പുരസ്‌കാരങ്ങള്‍ തൂത്തുവാരി സ്റ്റീവ് സ്മിത്ത്; ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍, ടെസ്റ്റ് ക്രിക്കറ്റര്‍ പുരസ്‌കാരങ്ങള്‍ സ്മിത്തിന്

ദില്ലി: ഐസിസിയുടെ ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍, ടെസ്റ്റ് ക്രിക്കറ്റര്‍ പുരസ്‌കാരങ്ങള്‍ ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്തിന്. ഐസിസി ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം നേടുന്ന നാലാമത്തെ ഓസ്‌ട്രേലിയന്‍ താരമാണ് സ്മിത്ത്. ഒരേ വര്‍ഷം തന്നെ രണ്ടുപുരസ്‌കാരങ്ങളും നേടുന്ന ഏഴാമത്തെ താരമാണ് സ്മിത്ത്. ഇതിനു മുമ്പ് ലോകത്തില്‍ തന്നെ ആറുപേര്‍ മാത്രമാണ് ഒരേവര്‍ഷം തന്നെ രണ്ടു പുരസ്‌കാരങ്ങളും നേടിയിട്ടുള്ളത്. ഏകദിന ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം ദക്ഷിണാഫ്രിക്കയുടെ ഏകദിന നായകന്‍ എബി ഡിവില്ലിയേഴ്‌സാണ്. തുടര്‍ച്ചയായ രണ്ടാംവര്‍ഷമാണ് ഡിവില്ലിയേഴ്‌സ് പുരസ്‌കാരം നേടുന്നത്. ദക്ഷിണാഫ്രിക്കയുടെ തന്നെ ഫാഫ് ഡു പ്ലെസിസാണ് ട്വന്റി-20 പെര്‍ഫോമര്‍ പുരസ്‌കാരം നേടിയത്.

വോട്ടിംഗ് നടക്കുന്ന കാലയളവില്‍ സ്മിത്ത് ടെസ്റ്റ് ക്രിക്കറ്റിലെ മുന്‍നിര റണ്‍വേട്ടക്കാരനായിരുന്നു. 25 ഇന്നിംഗ്‌സുകളില്‍ നിന്നായി 1,734 റണ്‍സാണ് ഇക്കാലയളവില്‍ സ്മിത്ത് അടിച്ചു കൂട്ടിയത്. 13 മത്സരങ്ങളില്‍ നിന്നാണ് ഇത്. 82.57 ആയിരുന്നു റണ്‍ശരാശരി. 7 സെഞ്ച്വറികളും 6 അര്‍ധസെഞ്ച്വറികളും ഇതില്‍ ഉള്‍പ്പെടും. 26 ഏകദിന മത്സരങ്ങളില്‍ നിന്നായി 1,249 റണ്‍സും അടിച്ചു കൂട്ടി. 60-ല്‍ താഴെയാണ് റണ്‍ശരാശരി. ലോകകപ്പ് നേടിയ ഓസീസ് ടീമിലും സ്മിത്ത് അംഗമായിരുന്നു. ഇതിനുമുമ്പ് 2006, 2007 വര്‍ഷങ്ങളില്‍ റിക്കി പോണ്ടിംഗ്, 2009, 2014 വര്‍ഷങ്ങളില്‍ മിച്ചല്‍ ജോണ്‍സണ്‍, 2013-ല്‍ മൈക്കല്‍ ക്ലാര്‍ക്ക് എന്നിവരാണ് സ്മിത്തിനു മുമ്പ് ക്രിക്കറ്റര്‍ പുരസ്‌കാരം നേടിയിട്ടുള്ള താരങ്ങള്‍.

ഒരേവര്‍ഷം തന്നെ ക്രിക്കറ്റര്‍, ടെസ്റ്റ് ക്രിക്കറ്റര്‍ പുരസ്‌കാരങ്ങള്‍ നേടുന്ന ഏഴാമത്തെ താരമാണ് സ്മിത്ത്. ഇതിനു മുമ്പ് 2004-ല്‍ ഇന്ത്യയുടെ രാഹുല്‍ ദ്രാവിഡ്, 2005-ല്‍ ജാക്ക് കാലിസ്, 2006-ല്‍ റിക്കി പോണ്ടിംഗ്, 2012-ല്‍ കുമാര്‍ സംഗക്കാര, 2013-ല്‍ മൈക്കല്‍ ക്ലാര്‍ക്ക്, 2014-ല്‍ മിച്ചല്‍ ജോണ്‍സണ്‍ തുടങ്ങിയവരാണ് പുരസ്‌കാരം നേടിയിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News