കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് മറനീക്കിപുറത്തേക്ക്; ശൈലി മാറ്റില്ലെന്ന് ഉമ്മന്‍ചാണ്ടി; കരുണാകരന്‍ എല്ലാവരെയും നിര്‍ത്തേണ്ടിടത്തു നിര്‍ത്തി ഭരിച്ചെന്ന് ചെന്നിത്തല

തിരുവനന്തപുരം: കെ കരുണാകരന്റെ ചരമവാര്‍ഷിക ദിനത്തില്‍ കേരളത്തിലെ കോണ്‍ഗ്രസിലെ പോര് മറനീക്കി പുറത്തേക്ക്. താന്‍ പ്രവര്‍ത്തനശൈലി മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെ കരുണാകരനെ മാതൃകയാക്കേണ്ട കാലമാണിതെന്നു ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും പ്രതികരിച്ചു. ഹൈക്കമാന്‍ഡിന് അയച്ച കത്തിന്റെ പേരിലുള്ള വിവാദം അവസാനിക്കുന്നതിനു മുമ്പാണ് വീണ്ടും ചെന്നിത്തല ഉമ്മന്‍ചാണ്ടിക്കെതിരേ പരോക്ഷമായി രംഗത്തുവന്നിരിക്കുന്നത്.

കെ കരുണാകരനെ അധികാരത്തില്‍നിന്ന് അട്ടിമറിച്ചതില്‍ തനിക്കും പങ്ക്ുണ്ടായിരുന്നെന്നും കരുണാകരനോടു മാപ്പുചോദിക്കുന്നെന്നും ചെറിയാന്‍ ഫിലിപ്പ് ഫേസ്ബുക്കില്‍ പറഞ്ഞതിനു പിന്നാലെയാണ് ഉമ്മന്‍ചാണ്ടിയെ ലക്ഷ്യമിട്ട് രമേശ് ചെന്നിത്തല രംഗത്തുവന്നത്.

 

ലീഡര്‍ കെ കരുണാകരന്‍ വിടവാങ്ങിയിട്ട് ഇന്നേക്ക് അഞ്ച് വര്‍ഷമായി. അദ്ദേഹത്തിന്റെ ഓര്‍മകള്‍ക്ക് മുമ്പെത്തെന്നെത്തേക്കാളുമ…

Posted by Ramesh Chennithala on Tuesday, December 22, 2015

അതേസമയം, തന്റെ പ്രവര്‍ത്തന ശൈലിയില്‍ യാതൊരു മാറ്റവും വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. പ്രതിച്ഛായ തകര്‍ക്കാന്‍ ബോധപൂര്‍വമായി ആരെങ്കിലും ശ്രമിക്കുന്നു എന്ന ആക്ഷേപം തനിക്കില്ല. കേരള കൗമുദി പത്രത്തിനു നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. പ്രവര്‍ത്തനശൈലി സുതാര്യമാണ്. അതില്‍ മാറ്റം വരുത്തിയാല്‍ താനൊരു മുറിക്കകത്ത് അകപ്പെട്ടതു പോലെയാകും. ആളുകളുമായി ബന്ധപ്പെടാന്‍ സാധിക്കുകയില്ല. തന്റെ ശക്തി ജനങ്ങളാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. പ്രവര്‍ത്തനശൈലിയെ വിമര്‍ശിച്ച് കഴിഞ്ഞ ദിവസം വീക്ഷണം പത്രത്തില്‍ വന്ന ലേഖനത്തിന് മറുപടി കൂടിയാണ് ഉമ്മന്‍ചാണ്ടിയുടെ വാക്കുകള്‍.

വിവാദമായ കത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിച്ഛായ തകര്‍ക്കാന്‍ പാര്‍ട്ടിക്കും മുന്നണിക്കും അകത്തു നിന്നോ പുറത്തു നിന്നോ ബോധപൂര്‍വമായ ശ്രമമുണ്ടെന്ന് താന്‍ കരുതുന്നില്ല. തന്റെ പ്രവര്‍ത്തന ശൈലിയുടെ ഭാഗമായി ആര്‍ക്കും തന്നെ എവിടെ വച്ചും കാണാം. ഏതുസമയത്തും കാണാം. ജനങ്ങളുമായി സംസാരിക്കുമ്പോള്‍ അവരില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളാണ് തനിക്ക് സുപ്രധാനം. ജനങ്ങളുമായി അടുത്ത് ഇടപഴകുമ്പോള്‍ അവരുടെ പള്‍സ് അറിയാന്‍ സാധിക്കും. ജനസമ്പര്‍ക്ക പരിപാടി പോലും ആ അര്‍ത്ഥത്തില്‍ തനിക്കാണ് നേട്ടമുണ്ടാക്കിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതേ നിലയില്‍ തന്നെയാണ് യുഡിഎഫ് അടുത്ത തെരഞ്ഞെടുപ്പിനെയും നേരിടുക. അതില്‍ ജയിച്ചു വരുകയും ചെയ്യുമെന്നും ഉമ്മന്‍ചാണ്ടി അഭിമുഖത്തില്‍ പറഞ്ഞു.

കെ കരുണാകരന്റെ മാതൃക ഓര്‍മിക്കേണ്ട കാലമാണെന്നു ജോസഫ് വാഴയ്ക്കനും പ്രതികരിച്ചു.

#ലീഡര്‍ കെ കരുണാകരന്‍ വിടവാങ്ങിയിട്ട് ഇന്നേക്ക് അഞ്ച് വര്‍ഷമായി. അദ്ദേഹത്തിന്റെ ഓര്‍മകള്‍ക്ക് മുമ്പെത്തെന്നെത്തേക്കാളു…

Posted by Joseph Vazhackan on Tuesday, December 22, 2015

ഇതോടെ, കേരളത്തിലെ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോരും ഉമ്മന്‍ചാണ്ടിക്കെതിരായ വികാരവും ശക്തമാകുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പല പല പ്രശ്‌നങ്ങളില്‍ പാര്‍ട്ടിക്കുള്ളില്‍ പുകഞ്ഞിരുന്ന വികാരങ്ങള്‍ പുറത്തുവരുന്നതിന്റെ തുടക്കമായാണ് രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റിനെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel