സ്ത്രീ എന്നാല്‍ പ്രസവിക്കാന്‍ മാത്രമല്ല, യുദ്ധമുഖത്ത് ഹീറോയിസം കാണിക്കാനും ഉള്ളതാണെന്ന് സിറിയന്‍ സൈന്യം; ഐഎസിനെ തുരത്താന്‍ പെണ്‍പട്ടാളം

ദമാസ്‌കസ്: സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരതയെ നേരിടാന്‍ ഇനി പെണ്‍കരുത്തും. സിറിയന്‍ പട്ടാളത്തോടൊപ്പം ഒരു ബറ്റാലിയന്‍ വനിതാ സൈനികരും ചേര്‍ന്നു. സൈന്യത്തിന് പിന്തുണയര്‍പ്പിച്ച് പട്ടാള പരിശീലനത്തിലും വനിതകള്‍ പങ്കാളികളായി. ദക്ഷിണ ദമാസ്‌കസിലാണ് വനിതകള്‍ പരിശീലനത്തില്‍ ഏര്‍പ്പെട്ടത്. മാതൃരാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാനാണ് പോരാട്ടത്തിനിറങ്ങുന്നതെന്ന് ഇവര്‍ പറഞ്ഞു.

അല്‍ മഹാവീര്‍ എന്നാണ് ബറ്റാലിയന്‍ അറിയപ്പെടുക. വനിതകള്‍ക്കാണ് ബറ്റാലിയനില്‍ പ്രാമുഖ്യം നല്‍കുക. പരിശീലനത്തിന്റെ വീഡിയോയില്‍ സൈന്യത്തില്‍ ചേരാന്‍ നേരിട്ട ബുദ്ധിമുട്ടുകളെ കുറിച്ചും സ്ത്രീകള്‍ വിശദീകരിച്ചു. സ്ത്രീകള്‍ സൈന്യത്തില്‍ ചേരുന്നതിനെ അറബ് രാഷ്ട്രങ്ങള്‍ എതിര്‍ക്കുന്നുണ്ട്. ഈ എതിര്‍പ്പുകളെ അവഗണിച്ചാണ് വനിതകള്‍ സിറിയയില്‍ ഐഎസ് ഭീകരതയ്‌ക്കെതിരെ പോരാടാന്‍ തയ്യാറെടുക്കുന്നത്. രാജ്യത്തെ സംരക്ഷിക്കാന്‍ തങ്ങള്‍ക്ക് സാധിക്കും എന്നു തെളിയിക്കുകയാണ് വനിതകളുടെ ലക്ഷ്യം.

സ്ത്രീകള്‍ വന്നെന്നു കരുതി പട്ടാളത്തിലെ ആണുങ്ങള്‍ക്ക് വെല്ലുവിളിയാകുന്നില്ല. സ്ത്രീയുടെ പങ്ക് കുഞ്ഞുങ്ങളെ പ്രസവിക്കാനുള്ളതു മാത്രമല്ല. അവള്‍ ഹീറോയിസം കാണിക്കാനുള്ളതു കൂടിയാണെന്നാണ് സൈന്യത്തിലെ ഒരു കമാന്‍ഡര്‍ പറഞ്ഞത്. യുദ്ധമുഖത്തും പരിശീലന സ്ഥലത്തും ഹീറോയിസം കാണിക്കണം. അവിടെയാണ് ഒരു സ്ത്രീ മഹിതയാകുന്നതെന്നും കമാന്‍ഡര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News