ഫുട്‌ബോളിനായി കൈകോര്‍ത്ത് സച്ചിനും ക്രിസ്റ്റ്യാനോയും; സച്ചിന്റെ സ്മാഷുമായി ക്രിസ്റ്റിയാനോ റൊണാള്‍ഡോ കരാര്‍ ഒപ്പിട്ടു

ദില്ലി: സച്ചിന്‍ ടെണ്ടുല്‍ക്കര്‍ സഹഉടമയായ സ്‌പോര്‍ട്‌സ് സെന്‍ട്രിക് വിര്‍ച്വല്‍ എന്റര്‍ടെയ്ന്‍മെന്റ് കമ്പനിയുമായി പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ കരാര്‍ ഒപ്പിട്ടു. സ്മാഷ് എന്റര്‍ടെയ്ന്‍മെന്റ് എന്ന കമ്പനി ദുബായിലും ജിദ്ദയിലും ആരംഭിക്കാനിരിക്കുന്ന ഫുട്‌ബോള്‍ സെന്ററുകള്‍ക്കു വേണ്ടിയാണ് ക്രിസ്റ്റിയാനോയുമായി കൈകോര്‍ക്കുന്നത്. അടുത്ത ആറു മാസത്തിനകം മിഡില്‍ ഈസ്റ്റിലെ ഫുട്‌ബോളിന്റെ വികസനത്തിനായി 2 കോടി ഡോളര്‍ നിക്ഷേപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഗള്‍ഫ് രാഷ്ട്രങ്ങളിലെ ആരാധകര്‍ക്ക് ഫുട്‌ബോള്‍ കളിക്കാനും പരിശീലിക്കാനും ഇവിടെ അവസരം ഉണ്ടാകും. ഏതാണ്ട് 15 കോടിയോളം രൂപ ഇതിനകം കമ്പനി നിക്ഷേപിച്ചിട്ടുണ്ട്.

ജിദ്ദയിലും സൗദി അറേബ്യയിലും ആദ്യം ഓരോ സെന്ററുകള്‍ ആരംഭിക്കാനാണ് സ്മാഷ് ആലോചിക്കുന്നത്. 65,000 ചതുരശ്രയടി ആയിരിക്കും ഈ സ്‌പോര്‍ട്‌സ് ആര്‍ക്കേഡിന്റെ വിസ്തീര്‍ണം. ഫുട്‌ബോള്‍, ക്രിക്കറ്റ്, മറ്റു വിര്‍ച്വല്‍ ഗെയിംസ് എന്നിവ ഇവിടെ ഉണ്ടാകും. ക്രിസ്റ്റ്യാനോയുമായി ഫുട്‌ബോള്‍ കൡക്കാനും അവസരമുണ്ടാകും. രണ്ടുമാസം കഴിയുന്നതോടെ ദുബായിലും ആര്‍ക്കേഡ് തുറക്കും. ഇതിനു ശേഷമായിരിക്കും സ്മാഷ് ഇന്ത്യയിലേക്കെത്തുന്നത്. തുടക്കത്തില്‍ ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ആരംഭിക്കാനാണ് ആലോചിക്കുന്നത്. ജിസിസി രാഷ്ട്രങ്ങളിലെ പല പാര്‍ട്ണറുമാരുമായും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. പ്രഖ്യാപനം ഉടനുണ്ടാകും.

സ്മാഷുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അതിയായ സന്തോഷമുണ്ടെന്ന് സഹഉടമയായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പറഞ്ഞു. ക്രിസ്റ്റിയുമായുള്ള ടൈഅപ്പും സന്തോഷം പകരുന്നു. ഇന്ത്യയിലെയും ലോകത്ത് എമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകര്‍ക്കായി പ്രവര്‍ത്തിക്കും. ക്രിസ്റ്റ്യാനോക്കെതിരെ ഫുട്‌ബോള്‍ കളിക്കാനുള്ള അവസരം ഫുട്‌ബോള്‍ ആരാധകര്‍ക്ക് അവരുടെ കളി മെച്ചപ്പെടുത്താന്‍ അവസരം നല്‍കുമെന്നും സച്ചിന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here