അരുണ്‍ ജെയ്റ്റ്‌ലിക്കെതിരേ അഴിമതി ആരോപണം ഉന്നയിച്ച കീര്‍ത്തി ആസാദിന് സസ്‌പെന്‍ഷന്‍; ആസാദ് പാര്‍ട്ടി അച്ചടക്കം ലംഘിച്ചെന്ന് ബിജെപി അധ്യക്ഷന്‍ അമിത്ഷാ

ദില്ലി: കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കെതിരേ അഴിമിതി ആരോപണം ഉന്നയിക്കുകയും ഡല്‍ഹി ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷന്‍ ക്രമക്കേടിന് തെളിവു പുറത്തുവിടുകയും ചെയ്ത കീര്‍ത്തി ആസാദ് എംപിയെ ബിജെപി സസ്‌പെന്‍ഡ് ചെയ്തു. പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായാണ് കീര്‍ത്തി ആസാദിനെ സസ്‌പെന്‍ഡ് ചെയ്തത്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനമാണ് കീര്‍ത്തി ആസാദ് നടത്തിയതെന്ന് ആരോപിച്ചാണ് നടപടി.

അരുണ്‍ ജെയ്റ്റ്‌ലി ഡിഡിസിഎ പ്രസിഡന്റായിരുന്ന കാലയളവില്‍ ഇല്ലാത്ത കമ്പനികള്‍ക്കു കോടികള്‍ നല്‍കിയെന്നായിരുന്നു കീര്‍ത്തി ആസാദിന്റെ ആരോപണം. ഇതിന് ഉപോല്‍ബലകമായ തെളിവുകളും ആസാദ് പുറത്തുവിട്ടിരുന്നു. വിക്കീലീക്‌സ് ഫോര്‍ ഇന്ത്യ എന്ന പേരിലുള്ള സംഘം നടത്തിയ ഒളികാമറാ ഓപ്പറേഷനില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പുറത്തുവിട്ടാണ് ആസാദ് ജയ്റ്റ്‌ലിയെ കുടുക്കിയത്. ആസാദിന്റെ വെളിപ്പെടുത്തലിനു പിന്നാലെ ദില്ലി സര്‍ക്കാര്‍ ജെയ്റ്റ്‌ലിക്കെതിരേ സമഗ്രാന്വേഷണം നടത്തിയിരുന്നു.

ജെയ്റ്റ്‌ലി ഡിഡിസിഎ പ്രസിഡന്റായിരുന്ന 1999 മുതല്‍ 2003 വരെയുള്ള കാലത്ത് ഇല്ലാത്ത പതിനാലു കമ്പനികള്‍ക്ക് 87 കോടി രൂപ കൈമാറിയെന്നാണ് ആരോപണം. 2007-ല്‍ പൂര്‍ത്തിയായ സ്റ്റേഡിയം നവീകരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായി കൗശ്‌നിക് ബില്‍ഡ്കാസ്റ്റ് എന്ന കമ്പനിക്ക് പതിനൊന്നു കോടി നല്‍കിയതായി കണ്ടെത്തിയിരുന്നു. ഈ കമ്പനി സ്ഥാപിച്ചതു തന്നെ 2009-ലാണ്. വിവിധ കമ്പനികള്‍ക്കു പണം നല്‍കിയതായുള്ള ബില്ലുകളില്‍ കാണുന്ന വിലാസങ്ങളും വ്യാജമാണ്.

സ്റ്റേഡിയത്തിലെ ആവശ്യങ്ങള്‍ക്കായി പ്രിന്ററുകള്‍ ലാപ്‌ടോപ്പുകള്‍ എന്നിവ വാടകയ്‌ക്കെടുത്തതിലും വ്യാപക ക്രമക്കേടു നടന്നതായി ആരോപണമുണ്ട്. ഒരു ദിവസത്തേക്കു പതിനാറായിരം രൂപ വരെയായിരുന്നു ലാപ്‌ടോപ്പിന് വാടക നല്‍കിയത്. ഇതിന്റെ തെളിവുകള്‍ പുറത്തുവന്നതോടെ ബിജെപിയും അരുണ്‍ ജെയ്റ്റ്‌ലിയും പ്രതിരോധത്തിലായിരുന്നു. അരുണ്‍ ജെയ്റ്റ്‌ലിക്കെതിരേ വാര്‍ത്താ സമ്മേളനം നടത്തരുതെന്ന് കീര്‍ത്തി ആസാദിന് ബിജെപി നേതൃത്വം അന്ത്യശാസനം നല്‍കിയിരുന്നു. ഇതു ലംഘിച്ചാണ് തെളിവുകള്‍ പുറത്തുവിട്ടുകൊണ്ടു കീര്‍ത്തി ആസാദ് വാര്‍ത്താ സമ്മേളനം നടത്തിയത്. കീര്‍ത്തി ആസാദിനെതിരായ നടപടി ബിജെപി ദേശീയ നേതൃത്വത്തില്‍ വലിയ ചര്‍ച്ചകള്‍ക്കും ഭിന്നതകള്‍ക്കും വഴിവച്ചേക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel