ആകെ 9 ബില്ലുകള്‍ പാസാക്കി പാര്‍ലമെന്റ് പിരിഞ്ഞു; അവസാന ദിനവും പാര്‍ലമെന്റില്‍ ബഹളം; പ്രതിപക്ഷത്തിന് രാജ്യസ്‌നേഹമില്ലെന്ന ലോക്‌സഭാ സ്പീക്കറുടെ പരാമര്‍ശം രേഖകളില്‍നിന്ന് നീക്കി

ദില്ലി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം സമാപിച്ചു. ശീതകാല സമ്മേളനത്തിലെ രാജ്യസഭയുടെ പ്രവര്‍ത്തനം നിരാശപ്പെടുത്തിയെന്ന് സഭ ഉപസംഹരിച്ച് ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി കുറ്റപ്പെടുത്തി. പ്രതിപക്ഷത്തിന് രാജ്യതാല്‍പര്യമില്ലെന്ന് സ്പീക്കര്‍ സുമിത്രാ മഹാജന്റെ പരാമര്‍ശം അവസാന ദിവസം ലോക്‌സഭയെ സ്തംഭിപ്പിച്ചു. ഖേദം പ്രകടിപ്പിച്ച സ്പീക്കര്‍ സ്വന്തം പരാമര്‍ശം സഭാ രേഖകളില്‍ നീക്കി. ആകെ 9 ബില്ലുകള്‍ മാത്രമാണ് ഇരുസഭകളും പാസാക്കിയത്

കേന്ദ്ര സര്‍ക്കാര്‍ ഏറെ പ്രതീക്ഷയോടെ കൊണ്ട് വന്ന ജിഎസ്ടി ബില്‍ പാസാക്കാതെയാണ് ഇത്തവണയും പാര്‍ലമെന്റ് സമ്മേളനം സമാപിച്ചത്. അവസാന ദിവസം ഏറെ നാടകീയ മുഹൂര്‍ത്തങ്ങള്‍ക്ക് ഇരുസഭകളും സാക്ഷ്യം വഹിച്ചു. രാമക്ഷേത്ര നിര്‍മ്മാണത്തിന് കല്ലുകള്‍ ഇറക്കിയ വിഎച്ച്പി നടപടിക്കെതിരെ സമാജ്‌വാദി, ബിഎസ്പി, ജെഡിയു അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി.

കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജറ്റ്‌ലിയുടെ രാജി ആവശ്യപ്പെട്ട് മറ്റ് പ്രതിപക്ഷ പാര്‍ടികളും ബഹളം വച്ചു. ചോദ്യത്തരവേള പോലും മുന്നോട്ട് കൊണ്ട് പോകാതെ ഉച്ചയ്ക്ക് മുമ്പ് നിരവധി തവണ രാജ്യസഭ നിറുത്തി വച്ചു. ക്ഷേത്ര നിര്‍മ്മാണത്തില്‍ കോടതി വിധി അംഗീകരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചെങ്കിലും പ്രതിപക്ഷം തൃപ്തരായില്ല.

പിന്നീട് ചെയറിലെത്തിയ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി സഭാ നടപടികള്‍ നിരന്തരം തടസപ്പെടുന്നതില്‍ അതൃപ്തി അറിയിച്ച് കടുത്ത വിമര്‍ശനം നടത്തി. ശീതകാല സമ്മേളനം രാജ്യത്തിന് സമ്മാനിച്ചത് നിരാശമാത്രമെന്ന് ഹമീദ് അന്‍സാരി പറഞ്ഞു. പല അംഗങ്ങളും ഉത്തരവാദിത്വം പോലും മാറുന്നുവെന്നും ഹമീദ് അന്‍സാരി കുറ്റപ്പെടുത്തി.

പ്രതിപക്ഷ അംഗങ്ങള്‍ക്ക് രാജ്യ താല്‍പര്യമില്ലെന്ന സ്പീക്കര്‍ സുമിത്രാ മഹാജന്റെ പരാമര്‍ശം ലോക്‌സഭയെ സംതംഭിപ്പിച്ചു. സ്വന്തം പരാമര്‍ശം രേഖകളില്‍ നിന്ന് പിന്നീട് നീക്കിയ സുമിത്ര ഇക്കാര്യത്തില്‍ ഖേദം പ്രകടിപ്പിച്ചു. ശൈത്യകാല സമ്മേളത്തില്‍ 38 ബില്ലുകള്‍ പാസാക്കാനാണ് നിശ്ചിയിച്ചിരുന്നത്. എങ്കിലും ഇരുസഭകളും ഒരു പോലെ പാസാക്കിയത് 9 ബില്ലുകള്‍ മാത്രം. 14 ബില്ല് ലോക്‌സഭ പാസാക്കി. ബാലനീതി ഭേദഗതി ബില്‍ രാജ്യസഭയും പാസാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News