കെഎസ്ഇബിയില്‍ നിയമനം പിന്‍വാതിലിലൂടെ; മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് നടപ്പാക്കിയില്ല; പട്ടികജാതി വിഭാഗത്തില്‍ നിയമനം കാത്ത് 76 പേര്‍

തൃശൂര്‍: അനുകൂല ഉത്തരവുണ്ടായിട്ടും കെഎസ്ഇബി മസ്ദൂര്‍ തസ്തികയില്‍ പട്ടികജാതിക്കാര്‍ക്ക് നിയമനം നല്‍കിയില്ലെന്ന് പരാതി. എഴുപത്തിയാറ് ഒഴിവുകളുണ്ടായിരുന്നിട്ടും റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരെ അവഗണിച്ച് നിയമനം നടത്തിയെന്നാണ് ആരോപണം. മനുഷ്യാവകാശ കമ്മീഷനും പട്ടികജാതി പട്ടിക വര്‍ഗ കമ്മീഷനും അനുകൂല നിലപാടെടുത്തുവെങ്കിലും നിയമനം നടത്താന്‍ കെഎസ്ഇബി തയ്യാറായില്ല.

കെഎസ്ഇബി മസ്ദൂര്‍ തസ്തികയിലേക്കുള്ള പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളാണ് നിയമനം ലഭിക്കാതെ ആശങ്കയിലായത്. തൃശൂര്‍ ജില്ലയില്‍ എഴുപത്തിയാറ് ഒഴിവുകളുണ്ടായിരുന്നിട്ടും കെഎസ്ഇബി നിയമനം നടത്തിയില്ല. പ്രായപരിധി കഴിഞ്ഞതോടെ സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഉദ്യോഗാര്‍ത്ഥികള്‍ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു. പട്ടികജാതി – പട്ടികവര്‍ഗ കമ്മീഷനും യുവജന കമ്മീഷനും വിഷയത്തില്‍ ഇടപെട്ടു. മാനുഷിക പരിഗണനയില്‍ അനുകൂല തീരുമാനമെടുക്കാന്‍ കമ്മീഷനുകള്‍ നിര്‍ദ്ദേശം നല്‍കിയിട്ടും കെഎസ്ഇബി നടപടിയെടുത്തില്ല.

മസ്ദൂര്‍ തസ്തികയിലേക്ക് കരാര്‍ തൊഴിലാളികളെയെടുത്ത് നിയമനം നീട്ടിവെച്ചതോടെ റാങ്ക് ലിസ്റ്റിന്റെ കാലാവധിയും കഴിഞ്ഞു. സമാന സാഹചര്യമുണ്ടായ എറണാകുളം ജില്ലയിലെ ഉദ്യോഗാര്‍ത്ഥികള്‍ കോടതിവിധി മുഖേന ജോലിയില്‍ പ്രവേശിച്ചു. തൃശൂര്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്ക് മാത്രം നിയമനം നല്‍കിയില്ല. അവഗണനയിലൂടെ സര്‍ക്കാര്‍ തങ്ങള്‍ക്ക് നീതി നിഷേധിക്കുകയാണെന്നാണ് ഉദ്യോഗാര്‍ത്ഥികളുടെ ആരോപണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News