മോദിക്ക് റഷ്യയിലും പണി പാളി; ദേശീയഗാന സമയത്ത് നടന്ന് നീങ്ങി; യഥാസ്ഥാനത്ത് നിര്‍ത്തിയത് റഷ്യന്‍ ഉദ്യോഗസ്ഥന്‍

മോസ്‌കോ: മലേഷ്യയില്‍ ദേശീയ പതാക തലതിരിച്ചുകെട്ടിയതിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മൂകസാക്ഷിയാകേണ്ടിവന്നത്. പതിവ് അമളി തെറ്റിയില്ല. റഷ്യന്‍ സന്ദര്‍ശനത്തിനിടെ ഇത്തവണ സ്വന്തം വകയായിരുന്നു അബദ്ധം.

മോസ്‌കോയിലെ വനുകോവ രണ്ട് എയര്‍പോര്‍ട്ടിലായിരുന്നു മോദിക്ക് സ്വീകരണം ഒരുക്കിയിരുന്നത്. സ്വീകരണത്തിന്റെ ഭാഗമായി റഷ്യന്‍ സൈന്യം ഗാര്‍ഡ് ഓഫ് ഓണര്‍ ഒരുക്കി. ടാര്‍മാര്‍ക്കില്‍ നിശ്ചിത സ്ഥലത്തായിരുന്നു മോദി നില്‍ക്കേണ്ടിയിരുന്നത്.

മോദി എത്തിക്കഴിഞ്ഞതോടെ ഗാര്‍ഡ് ഓണര്‍ തുടങ്ങി. ജനഗണമന ആലപിക്കുന്ന സമയത്ത് ടാര്‍മാര്‍ക്ക് തെറ്റിച്ച് മോദി നടന്നു നീങ്ങി. പരേഡിനായി ഒരുങ്ങിയ സൈനികരുടെ അടുത്തേക്കായിരുന്നു മോദി നടന്നത്. ദേശീയ ഗാനത്തോടുള്ള ബഹുമാനം സൂചിപ്പിച്ച് ശ്രദ്ധയോടെ നിശ്ചലനായി നിവര്‍ന്നാണ് നില്‍ക്കേണ്ടത്. ഈ സമയത്താണ് മോദി നടന്നു നീങ്ങിയത്.

ഇന്ത്യന്‍ പ്രധാനമന്ത്രി കാണിക്കുന്ന അബദ്ധം റഷ്യന്‍ സൈനിക ഉദ്യോഗസ്ഥന്‍ വേഗം തിരിച്ചറിഞ്ഞു. മോദിയെ തിരികെ നിശ്ചിത സ്ഥാനത്ത് എത്തിക്കുകയും ചെയ്തു. റഷ്യന്‍ ഉദ്യോഗസ്ഥന്റെ അംഗവിക്ഷേപത്തെ തെറ്റിദ്ധരിച്ച് മോദി നടന്നുനീങ്ങിയതാണ് എന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍ ഇത് ബാന്‍ഡ് ആരംഭിക്കുന്നതിനായി കാണിച്ച അംഗവിക്ഷേപമായിരുന്നു. ഇതാണ് മോദി തെറ്റിദ്ധരിച്ചത്.

മോദിയുടെ റഷ്യയിലെ സ്വീകരണം രാജ്യാന്തര ദൃശ്യമാധ്യമ വാര്‍ത്താ ഏജന്‍സികള്‍ ഉള്‍പ്പടെ തത്സമയം കാണിച്ചു. ദേശീയ – പ്രാദേശിക ചാനലുകളും ദൃശ്യങ്ങള്‍ തത്സമയം കാണിച്ചതോടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സംഭവിച്ച പിഴവ് എല്ലാവരും കാണുകയും ചെയ്തു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here