മംഗലാപുരം: ഷാരൂഖ് ഖാന്‍ ചിത്രം ദില്‍വാലേയുടെ ചിത്രീകരണം ഭീഷണിപ്പെടുത്തി നിര്‍ത്തിച്ച ബജ്‌രംഗ്ദളുകാര്‍ക്കെതിരേ പരാതി നല്‍കിയ വനിതാ സാമൂഹിക പ്രവര്‍ത്തകയെ ബലാത്സംഗം ചെയ്യുമെന്നു ഭീഷണിയും ഓണ്‍ലൈനില്‍ അസഭ്യവര്‍ഷവും. മംഗലാപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വിദ്യ ദിന്‍കറിനാണ് ബജ്‌രംഗ്ദളിന്റെയും മറ്റ് സംഘപരിവാര്‍ സംഘടനകളുടെയും ഭീഷണി. ദ ന്യൂസ് മിനുട്ട് ഡോട് കോം എന്ന വെബ്‌സൈറ്റാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
കഴിഞ്ഞദിവസം തിയേറ്ററുകളില്‍ ബജ്‌രംഗ്ദളുകാര്‍ ബലംപ്രയോഗിച്ചു ദില്‍വാലേയുടെ പ്രദര്‍ശനം തടഞ്ഞിരുന്നു. പ്രദര്‍ശനം പലയിടങ്ങളിലും പാതിയില്‍ അവസാനിപ്പിച്ചു. ചിലയിടങ്ങളില്‍ ഭീഷണിയെത്തുടര്‍ന്നു സീറ്റ് റിസര്‍വ് ചെയ്തവര്‍ക്കു പ്രദര്‍ശനം ഒഴിവാക്കിയതിനെത്തുടര്‍ന്നു പണം മടക്കിക്കൊടുക്കുകയും ചെയ്തും. ബജ് രംഗ്ദളുകാരുടെ നടപടി ജനങ്ങളില്‍ ഭീതിയുണ്ടാക്കാനാണെന്നും നടപടിയെടുക്കണമെന്നും കാട്ടിയാണ് വിദ്യ ദിന്‍കര്‍ പൊലീസില്‍ പരാതി നല്‍കിയത്.
ബജ് രംഗ്ദള്‍ സംസ്ഥാന കണ്‍വീനര്‍ ശരണ്‍ പംപ്‌വെലിനെതിരായാണ് വിദ്യ മംഗലാപുരം നോര്‍ത്ത് പൊലീസില്‍ പരാതി നല്‍കിയത്. കുറ്റകരമായ ഭീഷണിപ്പെടുത്തല്‍, കുറ്റകരമായ അതിക്രമിച്ചു കടക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തത്. ഇതിനു പിന്നാലെ വിദ്യയുടെ ഫേസ്ബുക്കില്‍ പേജില്‍ ബജ്‌രംഗ്ദളുകാരും മറ്റു സംഘപരിവാര്‍ സംഘടനകളിലുള്ളവരും ഭീഷണിയും അസഭ്യവുമായി എത്തുകയായിരുന്നു.
തിയേറ്ററുടമകള്‍ സ്വമേധയാ ചിത്രം പ്രദര്‍ശിപ്പിക്കേണ്ടെന്നു തീരുമാനിച്ചതാണെന്നും അതുകൊണ്ടു പരാതിയില്‍ നടപടിയെടുക്കാനാവില്ലെന്നുമായിരുന്നു പൊലീസ് നിലപാട്. തിയേറ്റര്‍ ഉടമകള്‍ പരാതി നല്‍കാതെ നടപടിയെടുക്കാനാവില്ലെന്നും പൊലീസ് പറഞ്ഞു. നേരത്തേ, ആമിര്‍ ഖാന്റെ പി കെ പ്രദര്‍ശിപ്പിച്ചപ്പോഴും മംഗലാപുരത്തും ദക്ഷിണ കാനറയിലെങ്ങും സംഘപരിവാറുകാര്‍ തിയേറ്ററുകള്‍ക്കെതിരേ രംഗത്തുവന്നിരുന്നു.
Get real time update about this post categories directly on your device, subscribe now.
Discussion about this post