ബിജെപിയില്‍ പൊട്ടിത്തെറി; അരുണ്‍ജെയ്റ്റ്‌ലിക്കെതിരേ അദ്വാനിയും ജോഷിയും; പ്രത്യേക സമിതി അന്വേഷിക്കണം; കാരണംതേടി കീര്‍ത്തി ആസാദിന്റെ കത്ത്

ദില്ലി: ഡല്‍ഹി ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷന്‍ നവീകരണത്തില്‍ അഴിമതിയാരോപണ വിധേയനായ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കെതിരേ ബിജെപിയിലെ മുതിര്‍ന്ന നേതാക്കള്‍. എല്‍ കെ അദ്വാനിയും മുരളീ മനോഹര്‍ ജോഷിയുമാണ് അരുണ്‍ ജെയ്റ്റ്‌ലിക്കെതിരേ രംഗത്തെത്തിയത്. അഴിമതിയാരോപണം പ്രത്യേക സമിതി അന്വേഷിക്കണമെന്നു മുതിര്‍ന്ന നേതാക്കള്‍ ആവശ്യപ്പെട്ടു. അതിനിടെ, ജെയ്റ്റ്‌ലിക്കെതിരായ ആരോപണം ഉന്നയിച്ച കീര്‍ത്തി ആസാദ്, തന്നെ പാര്‍ട്ടിയില്‍നിന്നു സസ്‌പെന്‍ഡ് ചെയ്യാനുണ്ടായ കാരണം കാണിക്കണമെന്നാവശ്യപ്പെട്ടു ദേശീയ നേതൃത്വത്തിനു കത്തു നല്‍കി.

ഇന്നു രാവിലെയാണ് ബിജെപിയിലെ തലമുതിര്‍ന്ന നേതാക്കള്‍ എല്‍ കെ അദ്വാനിയുടെയും എം എം ജോഷിയുടെയും നേതൃത്വത്തില്‍ ദില്ലിയില്‍ യോഗം ചേര്‍ന്നത്. കീര്‍ത്തി ആസാദിന് പിന്തുണ നല്‍കുന്ന വിധമായിരുന്നു യോഗത്തിലെ ചര്‍ച്ചകളെന്നാണ് അറിയുന്നത്. അരുണ്‍ ജെയ്റ്റ്‌ലിക്കെതിരായി ആരോപണം ഉന്നയിച്ചപ്പോള്‍ ജെയ്റ്റ്‌ലിയെ പൂര്‍ണമായി സംരക്ഷിച്ചുകൊണ്ടു കീര്‍ത്തി ആസാദിനെ മാത്രം സസ്‌പെന്‍ഡ് ചെയ്ത നടപടിയെ നേതാക്കള്‍ വിമര്‍ശിച്ചു.

മുതിര്‍ന്ന നേതാക്കളുടെ യോഗം ബിജെപി ദേശീയ നേതൃത്വത്തിനു തലവേദനയാകുമെന്നാണ് റിപ്പോര്‍ട്ട്. നരേന്ദ്രമോദിയുടെയും അമിത് ഷായുടെയും നേതൃത്വത്തിലേക്ക് പാര്‍ട്ടി എത്തിയതോടെ കടുത്ത അസംതൃപ്തിയിലാണ് എല്‍ കെ അദ്വാനിയും മുരളീ മനോഹര്‍ ജോഷിയും അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍. അരുണ്‍ ജെയ്റ്റ്‌ലിക്കെതിരേ എഎപിയും സ്വന്തം പാര്‍ട്ടിയിലെ ഒരു എംപിയും രംഗത്തുവന്നിട്ടും ചെറുവിരല്‍ അനക്കാത്ത പാര്‍ട്ടി അധ്യക്ഷന്‍ അമിത്ഷായുടെ നിലപാടിനോടും ഇവര്‍ക്കു കടുത്ത വിയോജിപ്പാണ്.

അതിനിടെയാണ് തന്നെ സസ്‌പെന്‍ഡ് ചെയ്യാന്‍ കാരണമെന്താണെന്നു വിശദീകരിക്കണമെന്നാവശ്യപ്പെട്ടു കീര്‍ത്തി ആസാദ് ബിജെപി നേതൃത്വത്തിനു കത്തു നല്‍കിയത്. വിപ്പ് ലംഘിച്ചതിനാണ് നടപടിയെന്നായിരുന്നു ഇന്നലെ തീരുമാനം അറിയിച്ചുകൊണ്ട് അമിത് ഷാ പറഞ്ഞത്. അരുണ്‍ ജെയ്റ്റ്‌ലിക്കെതിരേ തന്റെ കൈവശം തെളിവുണ്ടെന്നു പറഞ്ഞ കീര്‍ത്തി ആസാദ് വാര്‍ത്താ സമ്മേളനം നടത്തരുതെന്നു പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News