എംപിമാരുടെ ശമ്പളം ഇരട്ടിയാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു; പരിഷ്‌കരണ ശേഷം ലഭിക്കുന്നത് അലവന്‍സ് ഉള്‍പ്പടെ രണ്ടേമുക്കാല്‍ ലക്ഷത്തിലധികം രൂപ

ദില്ലി: എംപിമാരുടെ ശമ്പളം ഇരട്ടിയാക്കും. കേന്ദ്രസര്‍ക്കാര്‍ ഇതിനുള്ള നടപടി തുടങ്ങി. ശമ്പളവും അലവന്‍സും ഉള്‍പ്പെടെ പ്രതിമാസം രണ്ടേമുക്കാല്‍ ലക്ഷത്തിലധികം രൂപ എംപിമാര്‍ക്ക് ലഭിക്കും. ഈ രീതിയിലാണ് പരിഷ്‌കരണത്തിന് കേന്ദ്രസര്‍ക്കാര്‍ നടപടി തുടങ്ങിയത്. കേന്ദ്ര ധനമന്ത്രാലയത്തിന്റെ പരിഗണനയിലാണ് ശുപാര്‍ശ.

എംപിമാരുടെ അടിസ്ഥാന ശമ്പളം അന്‍പതിനായിരം രൂപയില്‍ നിന്ന് ഒരു ലക്ഷം രൂപയാക്കുന്നതാണ് ഒരു നിര്‍ദ്ദേശം. മണ്ഡല അലവന്‍സ് 45,000 രൂപയില്‍ നിന്ന് 90,000 രൂപയാക്കി ഉയര്‍ത്തണം. ഓഫിസ് അലവന്‍സും 45,000 നിന്ന് 90,000 രൂപയാക്കി ഉയര്‍ത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്. എംപിമാരുടെ പ്രതിമാസ പെന്‍ഷന്‍ 20,000 രൂപയില്‍ നിന്ന് 35,000 ആക്കി ഉയര്‍ത്താനും ശുപാര്‍ശയുണ്ട്. ഇത്തരം നിര്‍ദ്ദേശങ്ങളാണ് കേന്ദ്ര ധനമന്ത്രാലയത്തിന്റെ പരിഗണനയിലുള്ളത്.

അഞ്ചുവര്‍ഷത്തില്‍ കൂടുതല്‍ പാര്‍ലമെന്റംഗമായിരുന്നവര്‍ക്ക് ഓരോ വര്‍ഷത്തിനും രണ്ടായിരം രൂപ വീതം അധികം അനുവദിക്കും. കാര്‍ ലോണിനുള്ള പരിധി ഉയര്‍ത്തണമെന്നും ശുപാര്‍ശയുണ്ട്. ബിജെപി എംപി യോഗി ആദിത്യനാഥ് അധ്യക്ഷനായ സംയുക്ത സമിതിയാണ് ശുപാര്‍ശകള്‍ തയാറാക്കിയത്. പാര്‍ലമെന്ററി കാര്യമന്ത്രാലയത്തിന് സമര്‍പ്പിച്ച ശുപാര്‍ശ ധനമന്ത്രാലയത്തിന് കൈമാറി.

പാര്‍ലമെന്ററി കാര്യമന്ത്രാലയം നല്‍കിയ നിര്‍ദേശങ്ങള്‍ അതേപടി അംഗീകരിക്കില്ല. ശുപാര്‍ശകളില്‍ ചിലത് ഒഴിവാക്കാനാണ് ധനമന്താലയത്തിന്റെ ശ്രമം. നിര്‍ദേശങ്ങള്‍ ധനമന്ത്രാലയം അംഗീകരിച്ച ശേഷം കേന്ദ്രമന്ത്രിസഭയുടെ പരിഗണനയ്ക്കു വിടും. കേന്ദ്രമന്ത്രിസഭ അംഗീകരിച്ച ശേഷം ശമ്പള വര്‍ധനബില്‍ പാര്‍ലമെന്റിന്റെ പരിഗണനയ്ക്കു വിടും. അടുത്ത സമ്മേളനത്തില്‍ ബില്‍ അവതരിപ്പിച്ചേക്കുമെന്നാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel