സിപിഐഎം പ്ലീനത്തിന് ഞായറാഴ്ച തുടക്കം; കേന്ദ്രകമ്മിറ്റി-പിബി യോഗങ്ങള്‍ നാളെ; അന്തിമ റിപ്പോര്‍ട്ടിന് അംഗീകാരം നല്‍കും

കൊല്‍ക്കത്ത: സിപിഐഎം സംഘടനാ പ്ലീനത്തിന് മുന്നോടിയായുള്ള കേന്ദ്രകമ്മറ്റി – പോളിറ്റ് ബ്യൂറോ യോഗങ്ങള്‍ നാളെ കൊല്‍ക്കത്തയില്‍ ചേരും. പ്ലീനത്തില്‍ അവതരിപ്പിക്കേണ്ട റിപ്പോര്‍ട്ടിന് കേന്ദ്ര കമ്മറ്റി അന്തിമ അംഗീകാരം നല്‍കും. ഞായറാഴ്ച രാവിലെ പത്ത് ലക്ഷത്തോളം പേര്‍ അണിനിരക്കുന്ന റാലിയോട് കൂടിയാണ് പ്ലീനത്തിന് തുടക്കമാകുക.

സംഘടനാപരമായ ദൗര്‍ബല്യങ്ങള്‍ പരിഹരിച്ച് പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സംഘടനാ പ്ലീനം വിളിച്ചു ചേര്‍ത്തിരിക്കുന്നത്. കീഴ്ഘടകങ്ങള്‍ക്ക് വിശദമായ ചോദ്യാവലി നല്‍കി അഭിപ്രായ നിര്‍ദ്ദേശങ്ങള്‍ സ്വരൂപിച്ചതിന് ശേഷമാണ് കേന്ദ്ര കമ്മറ്റി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. സാമ്പത്തിക – രാഷ്ട്രീയ – ആശയരംഗത്തെ വര്‍ഗ്ഗസമരം ശക്തിപ്പെടുത്തുന്നതിന് ആവശ്യമായ ഇടപെടലുകള്‍ നിര്‍ദ്ദേശിക്കുന്നതാണ് പ്രമേയം.

നവ ഉദാരവത്കരണ സാമ്പത്തിക നയങ്ങളുടെയും വര്‍ഗ്ഗീയതയുടെയും കാലത്ത് സമരമുന്നേറ്റങ്ങള്‍ക്ക് പ്ലീനം പുത്തന്‍ ദിശാ ബോധം നല്‍കുമെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഞായറാഴ്ച രാവിലെ ചരിത്ര പ്രസിദ്ധമായ ബ്രിഗേഡ് പരേഡ് മൈതാനത്ത് പത്ത് ലക്ഷത്തോളം പേര്‍ അണിനിരക്കുന്ന റാലിയോട് കൂടിയാണ് പ്ലീനത്തിന് തുടക്കമാവുക. ഞായറാഴ്ച വൈകിട്ട് പ്രതിനിധി സമ്മേളനം ആരംഭിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here