പാചകം ചെയ്ത മട്ടന്‍ കറിക്കു രുചി കുറഞ്ഞു; ഭര്‍ത്താവ് ഭാര്യയെ തീകൊളുത്തി കൊന്നു

ഹൈദരാബാദ്: ഭാര്യ പാചകം ചെയ്ത മട്ടന്‍ കറിക്കു രുചിയില്ലെന്നു പറഞ്ഞു മദ്യപിച്ച് ലക്കുകെട്ടെത്തിയ ഭര്‍ത്താവ് ഭാര്യയെ തീകൊളുത്തി കൊന്നു. ഇക്കഴിഞ്ഞ 20ന് വൈകുന്നേരം ഹൈദരാബാദിലെ മൈലാര്‍ദേവപ്പള്ളിയിലെ കതേദനിലാണ് സംഭവം നടന്നത്. ശരീരം മുഴുവന്‍ പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന സ്ത്രീ ഇന്നു രാവിലെ മരിച്ചു. ശങ്കര്‍ റാവു സി എന്ന തൊഴിലാളിയാണ് മട്ടന്‍ കറിയുടെ രുചി ശരിയായില്ലെന്നു പറഞ്ഞ് ഭാര്യ സുലോചനയെ മണ്ണെണ്ണയൊഴിച്ചു തീകൊളുത്തിയത്.

കഴിഞ്ഞയാഴ്ച മട്ടന്‍ വാങ്ങിയെത്തിയ ശങ്കര്‍ സുലോചനയോട് കറിവയ്ക്കാന്‍ ആവശ്യപ്പെട്ടു. കറി കഴിച്ച ഇയാള്‍ രുചി പോരെന്നു പറഞ്ഞ് ഭാര്യയെ മര്‍ദ്ദിക്കാന്‍ തുടങ്ങി. എന്നിട്ട് പാചകം ചെയ്യാനറിയാത്ത നീ ജീവിച്ചിരിക്കേണ്ടെന്നു പറഞ്ഞ് അടുക്കളയിലിരുന്ന മണ്ണെണ്ണയൊഴിച്ച് സുലോചനയെ തീകൊളുത്തുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. ഈ സമയം വീട്ടിലുണ്ടായിരുന്ന സുലോചനയുടെ മാതാവും സഹോദരിയും ഒച്ചവെച്ച് ആളെക്കൂട്ടുകയും വെള്ളമൊഴിച്ച് തീകെടുത്തി അവരെ ഒസ്മാനിയ ആസ്പത്രിയിലെത്തിച്ചു. ഇന്നു രാവിലെ അവര്‍ മരണത്തിന് കീഴടങ്ങി. കൃത്യം നടത്തിയ ശങ്കര്‍ റാവുവിനെ ബുധനാഴ്ച തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here