ദില്ലി: തിരുവനന്തപുരത്തിന്റെ എംപിയായിട്ടും കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം തന്നെ ഗൗനിക്കുകയോ തന്നോട് ആശയവിനിമയം നടത്തുകയോ ചെയ്യുന്നില്ലെന്നു ശശി തരൂര്‍ എംപിയുടെ പരാതി. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് നല്‍കിയ പരാതിയില്‍ കെപിസിസിക്കെതിരെ രൂക്ഷ ആരോപണങ്ങളാണ് തരൂര്‍ ഉന്നയിച്ചിരിക്കുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ രമേശ് ചെന്നിത്തല ഹൈക്കമാന്‍ഡിനു കത്ത് നല്‍കിയെന്ന വിവാദം തുടരുന്നതിനിടെയാണ് സംസ്ഥാനത്തെ മറ്റൊരു മുതിര്‍ന്ന നേതാവും ഹൈക്കമാന്‍ഡിനെ സമീപിക്കുന്നത്.
ഉമ്മന്‍ചാണ്ടിയെയാണ് രമേശ് ലക്ഷ്യംവച്ചതെങ്കില്‍ കെപിസിസി അധ്യക്ഷന്‍ വി എം സുധീരനാണ് ശശി തരൂരിന്റെ ലക്ഷ്യം. നേതാക്കളുടെ വ്യക്തഗത താല്‍പര്യങ്ങള്‍ സംസ്ഥാനത്തു പാര്‍ട്ടിയ നശിപ്പിക്കുന്നു എന്നാണ് തരൂരിന്റെ പ്രധാന പരാതി. താനും തന്റെ അണികളും സംസ്ഥാന നേതൃത്വത്തിന്റെ അവഗണന നേരിടുന്നു. കെപിസിസിയുടെ ഭാഗമായി തന്നെ നിര്‍ത്തണമെന്ന സോണിയാഗാന്ധിയുടെ നിര്‍ദേശവും പാലിക്കപ്പെടുന്നില്ല. യോഗങ്ങള്‍ അറിയിക്കുന്നില്ല. തിരുവനന്തപുരം ഡിസിസിയുടെ 92 അംഗ ഭാരവാഹിപ്പട്ടിക തയാറാക്കിയപ്പോള്‍ തന്നോട് ഒരു വാക്കുപോലും പറഞ്ഞില്ല. ഡിസിസി ജനറല്‍ സെക്രട്ടറിമാരായി മൂന്നു പേരെ നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ഒരാള്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയയാളെന്നു പറഞ്ഞു തള്ളി.
പലരെയും തിരുകിക്കയറ്റാന്‍ പാര്‍ട്ടി നിര്‍ദേശങ്ങള്‍ വരെ ലംഘിക്കുകയായിരുന്നു. പൊലീസ് അന്വേഷണം നേരിടുന്നവര്‍ വരെ പട്ടികയില്‍ ഇടം പിടിച്ചുവെന്നും പരാതിയിലുണ്ട്. പരാതിയെക്കുറിച്ച് അറിയില്ലെന്നു കെപിസിസി വൈസ് പ്രസിഡന്റ് വി ഡി സതീശന്‍ വ്യക്തമാക്കി. ഡിസിസികള്‍ പുനഃസംഘടിപ്പിക്കുമ്പോള്‍ എംപിമാരും മുതിര്‍ന്ന നേതാക്കളുമായി കൂടിയാലോചന വേണമെന്നു നിര്‍ദേശിച്ചിരുന്നതായും സതീശന്‍ ഇക്കണോമിക് ടൈംസിനോടു പറഞ്ഞു. ശശി തരൂരിന്റെ ആരോപണം ശരിയാണെങ്കില്‍ ഗുരുതരമാണെന്നും വേണ്ട രീതിയില്‍ പരിശോധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സുധീരനും തരൂരും തമ്മിലുള്ള ഏറ്റുമുട്ടല്‍ ആദ്യമല്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വച്ഛഭാരത് കാമ്പയിന്റെ ബ്രാന്‍ഡ് അംബാസിഡറായി തരൂര്‍ നിയോഗിക്കപ്പെട്ടപ്പോള്‍ ശക്തമായ ഭാഷയില്‍ സുധീരന്‍ വിമര്‍ശിച്ചിരുന്നു. രണ്ടു തെരഞ്ഞെടുപ്പുകളില്‍ വന്‍ പിന്തുണയോടെ ജയിച്ച തന്നെ പാര്‍ട്ടി മനപൂര്‍വം അവഗണിക്കുകയാണെന്ന പരാതി തരൂരിന് കുറച്ചുകാലമുണ്ടായിരുന്നു.
Get real time update about this post categories directly on your device, subscribe now.
Discussion about this post