നരേന്ദ്രമോദി ലാഹോറില്‍ നവാസ് ഷെരീഫുമായി കൂടിക്കാഴ്ച നടത്തി; അപ്രതീക്ഷിത സന്ദര്‍ശനത്തെ സ്വാഗതം ചെയ്ത് പാകിസ്താന്‍; വിമര്‍ശനവുമായി കോണ്‍ഗ്രസും ശിവസേനയും

ദില്ലി/ലാഹോര്‍: വിദേശ സന്ദര്‍ശനം കഴിഞ്ഞു മടങ്ങുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി പാകിസ്താന്‍ സന്ദര്‍ശിച്ചു. വൈകിട്ട് ലാഹോറില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി പാക് പ്രധാനമന്ത്രി നവാസ് ഷെരീഫുമായി കൂടിക്കാഴ്ച നടത്തി. അപ്രതീക്ഷിതമായാണ് തീരുമാനമെടുത്തതെന്ന് നരേന്ദ്രമോദി ട്വിറ്ററിലൂടെ അറിയിച്ചു. റഷ്യന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം കാബൂള്‍ വഴി ദില്ലിക്ക് മടങ്ങുന്നതിനിടെയാണ് ലാഹോറില്‍ ഇറങ്ങിയത്.

തെക്കനേഷ്യന്‍ രാജ്യങ്ങളുടെ സഹകരണത്തിനും ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ സഹകരണവുമാണ് ലക്ഷ്യമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ വിശദീകരണം. നവാസ് ഷെരീഫിന്റെ ജന്മദിനം കൂടിയായിരുന്നു ഇന്ന്. ട്വിറ്ററിലൂടെയാണ് കാബുളില്‍നിന്നു ദില്ലിയിലേക്കുള്ള യാത്രാമധ്യേ ലാഹോറില്‍ ഇറങ്ങാനുള്ള തീരുമാനം മോദി പ്രഖ്യാപിച്ചത്. മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ക്ക് അപ്രതീക്ഷിതമായിരുന്നു തീരുമാനം.

രണ്ടാഴ്ചമുന്‍പ് പാരിസില്‍ നടന്ന യുഎന്‍ കാലാവസ്ഥാ ഉച്ചകോടിക്കിടെ ഇരു രാഷ്ട്രനേതാക്കളും കൂടിക്കാഴ്ച നടത്തിയതാണ്. തൊട്ടുപിന്നാലെ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പാകിസ്താന്‍ സന്ദര്‍ശിക്കുകയും ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് മോദിയുടെ പാകിസ്താന്‍ സന്ദര്‍ശനം.

അഫ്ഗാനിസ്താനെ വികസനത്തിലേക്കു നയിക്കണമെങ്കില്‍ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് അന്ത്യം കാണേണ്ടതുണ്ടെന്നു മോദി കാബൂളില്‍ പറഞ്ഞു. ഇതിന് പിന്നാലെയാണ് മോദി ലാഹോര്‍ സന്ദര്‍ശന തീരുമാനം ട്വിറ്ററിലൂടെ അറിയിച്ചത്. പാകിസ്താന്റെ പേരെടുത്തു പറയാതെയായിരുന്നു അഫ്ഗാനിസ്താനിലെ തീവ്രവാദപ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള മോദിയുടെ പ്രസംഗം. ഇന്ത്യ കാബൂളില്‍ നിര്‍മിച്ചുകൊടുത്ത അഫ്ഗാന്‍ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു മോദി.

കാബൂളില്‍നിന്നു മടങ്ങുമ്പോള്‍ ലാഹോറില്‍ ഇറങ്ങാന്‍ തീരുമാനിച്ച ഉടനെ മോദി നവാസ് ഷെരീഫിനെ ഫോണില്‍ വിളിച്ചു. നവാസിനെ ജന്മദിനത്തില്‍ ആശംസിച്ചതിനു ശേഷമാണ് ലാഹോര്‍ സന്ദര്‍ശനത്തെക്കുറിച്ചു മോദി പറഞ്ഞത്. കൂടിക്കാഴ്ചയ്ക്കു നവാസ് സന്നദ്ധനാവുകയായിരുന്നു എന്നാണ് ഔദ്യോഗിക വിശദീകരണം. ലാഹോര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ മോദി നവാസ് ഷെരീഫിന്റെ വീട്ടില്‍ എത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. പാകിസ്താനിലെ ഹൃസ്വ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ മോദി രാത്രിയോടെ ദില്ലിയില്‍ മടങ്ങിയെത്തി.

മോദിയുടെ അപ്രതീക്ഷിത സന്ദര്‍ശനത്തെ കോണ്‍ഗ്രസ് രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. രാജ്യത്തെ അറിയിക്കാതെയാണ് മോദി സന്ദര്‍ശനം നടത്തിയതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യാനുള്ള തന്ത്രമാണ് മോദി കാണിക്കുന്നതെന്ന് ബിജെപിയുടെ മുഖ്യ ഘടകകക്ഷിയായ ശിവസേന വിമര്‍ശനം ഉന്നയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News