ശരിക്കും ആഗ്രഹിച്ചുപോകും ചാര്‍ളിയായിരുന്നെങ്കില്‍ എന്ന്; കാണാനെത്തിയവര്‍ക്ക് സന്തോഷത്തിന്റെ സര്‍പ്രൈസായി ദുല്‍ഖര്‍-മാര്‍ട്ടിന്‍ കാഴ്ചകള്‍

സിനിമയിലെ വിശേഷണം അത്രമേല്‍ കരുത്തുറ്റതും സത്യവുമായിരുന്നു. കാഴ്ചയുടെ ആഘോഷത്തിന് ശേഷം തിയേറ്ററിലെ വെളിച്ചം കത്തിയപ്പോള്‍ നെഞ്ചില്‍തൊട്ടു പറഞ്ഞു. ചാര്‍ളി ശരിക്കും കാറ്റുപോലെ സഞ്ചരിക്കുന്ന മനുഷ്യന്‍തന്നെ. ചാര്‍ളിയോ ദുല്‍ഖര്‍ സല്‍മാനോ സത്യമെന്നു സംശയം.

ഏറെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ചാര്‍ളിയെത്തിയത്, ക്രിസ്മസ് നക്ഷത്രങ്ങള്‍ സന്തോഷവെളിച്ചം വിതറുന്നതിനിടയില്‍, പുതുവര്‍ഷത്തിന്റെ സ്വപ്‌നങ്ങള്‍ നിറയുന്നതിനിടയില്‍. തിയറ്ററിലെ ഒരു സിനിമാനേരം മാര്‍ട്ടിന്‍ പ്രക്കാട്ട് ശരിക്കും ആഘോഷമാക്കിക്കളഞ്ഞു. സോഷ്യല്‍ മീഡിയയിലും മറ്റും ലഭിച്ച വന്‍ സ്വീകാര്യതയും സംവിധായകന്റെ മുന്‍ സിനിമകളിലെ വിജയ ഫോര്‍മുലയും മറ്റു ഘടകങ്ങളും ചിത്രത്തിന്റെ പ്രതീക്ഷാഭാരം വലിയ അളവില്‍ വര്‍ദ്ധിപ്പിച്ചിരുന്നു… സ്ഥിരം ആഘോഷ ചിത്രങ്ങളുടെ വാര്‍പ്പ് മാതൃക പ്രതീക്ഷിച്ചെത്തുന്നവരെ മാറ്റി നിര്‍ത്തിയാല്‍ മറ്റുള്ള പ്രേക്ഷകരെ നിരാശപ്പെടുത്താത്ത ചിത്രമെന്ന്‌ന ഒറ്റവാചകത്തില്‍ ചാര്‍ളിയെ വിലയിരുത്താം. ഉണ്ണി ആറിന്റെ കഥയ്ക്ക് അദ്ദേഹത്തോടൊപ്പം മാര്‍ട്ടിന്‍ പ്രക്കാട്ടും ചേര്‍ന്നെഴുതിയ തിരക്കഥയും മികവുറ്റത്.

ചാര്‍ളിയെ അന്വേഷിച്ചുള്ള ടെസ്സയുടെ യാത്രയിലൂടെയാണു സിനിമ മുന്നോട്ട് പോകുന്നത്. ടെസ്സയായി പാര്‍വതിയും നായകനൊപ്പം മികച്ചുനിന്നു. വീടു വിട്ടിറങ്ങി, ഉത്തരവാദിത്തങ്ങളില്‍നിന്ന് ഒളിച്ചോടുന്ന ന്യൂ ജെന്‍ പ്രതിനിധിയായ ദുല്‍ഖര്‍ കഥാപാത്രങ്ങളെ മലയാളത്തില്‍ മുമ്പു കണ്ടിട്ടുണ്ടെങ്കിലും അവരില്‍നിന്നു വ്യത്യസ്തനാണു ചാര്‍ളി. സ്വാതന്ത്രമായ ഓരോ യാത്രകളും അനവധി മനുഷ്യരിലേക്കായിരുന്നു. ഒരു പരിചയവുമില്ലാത്ത മനുഷ്യരുടെ മനസിലേക്ക് യാത്ര ചെയ്യുന്നയാളായി ചാര്‍ളി. മറ്റുള്ളവരുടെ ജീവിതത്തിലേക്ക് ഇടിച്ച് കയറി അവര്‍ക്ക് സന്തോഷത്തിന്റെ സര്‍പ്രൈസ് നല്‍കി അവരുടെ കണ്ണിലുണ്ടാകുന്ന പ്രകാശം കാണുന്നതിലുള്ള ത്രില്ലാണു ചാര്‍ളിയുടെ ജീവിതം…

charlie-4

നമ്മുടെ ചതുര വടിവ് ജീവിതം വച്ചു താരതമ്യം ചെയ്താല്‍ ഉത്തരവാദിത്തങ്ങളേതുമില്ലാതെ കറങ്ങി നടക്കുന്നവനാണു ചാര്‍ളി. എന്നാല്‍ അയാള്‍ അങ്ങനെയല്ലെന്നു സിനിമയുടെ മുന്നോട്ട് പോക്കില്‍ വ്യക്തമാകുന്നു. വീട്ടുകാര്‍ ആലോചിക്കുന്ന വിവാഹത്തില്‍നിന്നും രക്ഷപ്പെടാന്‍ ബംഗളുരുവിലെ ജോലി ഉപേക്ഷിച്ച് കൊച്ചിയിലെ സുഹൃത്തായ മാധ്യമപ്രവര്‍ത്തകയുടെ അടുത്തെത്തുന്നു. ടെസ്സ. പിന്നീട് അവിചാരിതമായി ചാര്‍ളിയുടെ റൂമിലേക്കു താമസിക്കാന്‍ എത്തുകയും, അയാളുടെ പ്രത്യേകതകളില്‍ തോന്നിയ കൗതുകത്താല്‍ ചാര്‍ളിയെ കൂടുതലറിയാന്‍ തീരുമാനിക്കുന്നതിലൂടെയാണു കഥയുടെ സഞ്ചാരം. ചാര്‍ളിയിലേക്കെത്താന്‍ അയാള്‍ വരച്ച ചിത്രങ്ങളിലെ അപ്രതീക്ഷിത വഴികളിലൂടെ ടെസ്സ സഞ്ചരിക്കുമ്പോള്‍ അവിടെ കണ്ടുമുട്ടുന്നവരാണ് സിനിമയിലെ മറ്റ് കഥാപാത്രങ്ങള്‍.

charlie-1

ഡിസൂസയെന്നു ചാര്‍ളി വിളിക്കുന്ന കള്ളന്‍ സുനിയായെത്തുന്ന സൗബിന്റെയും ദുല്‍ഖറിന്റെയും രംഗങ്ങള്‍ ആസ്വാദ്യകരമായ തമാശകളാല്‍ നിറയുന്നു. പൗലോസ് എന്ന മത്തായിയായി ചെമ്പന്‍ വിനോദും, ക്യൂന്‍ മേരിയെന്ന് ചാര്‍ളി വിളിക്കുന്ന ലൈംഗിക തൊഴിലാളിയായ മറിയയായി കല്‍പ്പനയും. സിനിമയിലെ ചെറിയ വേഷങ്ങളിലെത്തുന്നവര്‍ക്ക് പോലും വളരെ കൃത്യമായ ഒരിടം നല്‍കുന്നുണ്ടെന്നാണ് ഓരോ കഥാപാത്രവും വ്യക്തമാക്കുന്നത്. ആഖ്യാനത്തിലും ഓരോരോ പാത്രസൃഷ്ടിയിലും ഉണ്ണി ആറിന്റെ ശ്രദ്ധാപൂര്‍വമായ ഇടപെടല്‍ കാണാം. നായികക്കൊപ്പം പ്രാധാന്യമുള്ള ഡോക്ടര്‍ കനിയായി എത്തുന്ന അപര്‍ണ്ണയും കൗമാരത്തില്‍ നഷ്ടമായ കാമുകിയെ കാത്തിരിക്കുന്ന കുഞ്ഞപ്പനായി നെടുമുടി വേണുവും ചെറിയ വേഷങ്ങളില്‍ എത്തുന്ന രഞ്ജി പണിക്കറും നീരജ് മാധവുമെല്ലാം സിനിമ ആവശ്യപ്പെടുന്ന ഒതുക്കത്തോടെ തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റിയിട്ടുണ്ട്.

aparna-gopinath

സ്വന്തം പിറന്നാള്‍ ദിനത്തില്‍ പത്രത്തില്‍ ചരമ പരസ്യം നല്‍കി അപ്രതീക്ഷിതരായെത്തുന്ന എക്സ്ലൂസീവ് അതിഥികളെ കാത്തിരിക്കുന്ന ‘ഭ്രാന്തനായും’, ജീവിതത്തില്‍ നമ്മള്‍ ഗൗരവമായി കരുതുന്ന പലതിനെയും നിസ്സാരമായി സമീപിക്കുന്ന, പൊട്ടിച്ചിരിക്കുന്ന ചാര്‍ളിയെ തന്റെ കരിയര്‍ ബെസ്റ്റ് റോള്‍ ആക്കി മാറ്റിയിട്ടുണ്ട് ദുല്‍ഖര്‍ സല്‍മാന്‍. ശരീരഭാഷ കൊണ്ടും ചലനങ്ങളിലും ചാര്‍ളിയെ കൃത്യമായി ഏറ്റെടുക്കുന്നു ദുല്‍ഖര്‍. ബന്ധങ്ങളില്‍നിന്നു സ്വതന്ത്രനായി സഞ്ചരിക്കുന്ന പതിവു കഥാപാത്രങ്ങളെക്കാളും ഏറെ മുകളില്‍ നില്‍ക്കുന്ന ചാര്‍ളിയെ ദുര്‍ഖറിലൂടെ വാര്‍ത്തെടുക്കാന്‍ സംവിധായകനു കഴിഞ്ഞിട്ടുണ്ട്.

charlie-2

കഥാപാത്രങ്ങളുടെ ഭൂതകാലം ചികഞ്ഞു പോകുന്നേയില്ല. ഓരോ കഥാപാത്രത്തിനും അര്‍ഹിക്കുന്ന സ്വാതന്ത്ര്യം നല്‍കുന്നുണ്ട്. ആത്മഹത്യ ചെയ്ത നായകന്റെ ജീവിതവഴികള്‍ അന്വേഷിച്ചെത്തുന്ന നായികയിലൂടെ വികസിക്കുന്ന സിനിമയായിരുന്നു ടി.വി ചന്ദ്രന്റെ കഥാവശേഷന്‍. അതില്‍നിന്നും വ്യത്യസ്തമാണെങ്കിലും മറ്റൊരു പ്ലോട്ടില്‍ അതു പോലൊരു അഖ്യാനത്തിലൂടെയാണ് ഈ സിനിമയും മുന്നോട്ട് പോകുന്നത്. കഥപറച്ചിലിന് ഏറെ സഹായകരമായി പതിവ് സൗന്ദര്യക്കാഴ്ചകള്‍ നല്‍കുന്നതാണ് ജോമോന്റെ കാമറക്കാഴ്ചകള്‍. ലൊക്കേഷന്‍ ഭംഗിക്കപ്പുറം സിനിമ ആവശ്യപ്പെടുന്ന ദൃശ്യപരിചരണമാണ് ജോമോന്‍ ഒരുക്കിയിരിക്കുന്നത്. നായകനും നായികയ്ക്കുമൊപ്പം ക്യാമറയും സിനിമയുടെ ഹൈലൈറ്റ് ആണ്. സമാനമായി പശ്ചാത്തല സംഗീതം ഒരുക്കാന്‍ ഗോപി സുന്ദറിനും കഴിഞ്ഞിട്ടുണ്ട്. എടുത്തു പറയാവുന്നതാണ് സമീറ സനീഷിന്റെ വസ്ത്രാലങ്കാരം.

venu

നായകന്റെ അയഞ്ഞ മേല്‍ക്കുപ്പായവും നായികയുടെ വേഷങ്ങളും സിനിമക്ക് ഗുണം ചെയ്യുന്നുണ്ടെന്നു പറയണം. ഗാനങ്ങള്‍ ശരാശരിയുടെ മാത്രം. തന്റെ മുന്‍ ചിത്രങ്ങളായ ബെസ്റ്റ് ആക്ടര്‍, എബിസിഡി എന്നിവയില്‍നിന്നും പലപടി മികച്ച സിനിമയുമായെത്തിയ മാര്‍ട്ടിന്‍ എന്തുകൊണ്ടു പ്രതീക്ഷ നഷ്ടപ്പെടുത്തിയില്ല. ഒരു കൊമേഷ്യല്‍ എന്റര്‍ടെയിനര്‍ എന്ന നിലയിലാണു സിനിമയെ സമീപ്പിച്ചിരുന്നതെന്നു സംവിധായകനും കഥാകൃത്തും നേരത്തേ വ്യക്തമാക്കിയിരുന്നെങ്കിലും പതിവ് ആഘോഷരസക്കാഴ്ചകള്‍ എന്നു പറയുന്ന അടി-ഇടി-വെടി സിനിമയേ അല്ല ചാര്‍ളി. പ്രണയം സിനിമയില്‍ ആദ്യാവസാനം ഫീല്‍ ചെയ്യും. പതിവ് പ്രണയ രസക്കൂട്ടാണ് പ്രതീക്ഷിക്കുന്നതെങ്കില്‍ അതും നിരാശ നല്‍കും. എന്തൊക്കെ പറഞ്ഞാലും സിനിമ ക്ലൈമാക്‌സും കഴിഞ്ഞു നമ്മുടെ മനസിലേക്കു സഞ്ചരിക്കുമ്പോള്‍ ആരും ആഗ്രഹിച്ചുപോകും ഒരു ചാര്‍ളിയാകാന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News