സത്വരാഷ്ട്രീയ ശക്തികള്‍ സാമൂഹിക വൈരുദ്ധ്യങ്ങള്‍ മുതലെടുക്കുമ്പോള്‍ പ്ലീനത്തിന് പ്രസക്തിയേറെ; കൊല്‍ക്കത്തയില്‍ ചര്‍ച്ച ചെയ്യുന്നത് മെച്ചപ്പെട്ട ഇന്ത്യയിലേക്കുള്ള വഴികള്‍

പ്ലീനം എന്ന വാക്കിന് ഇംഗ്ലീഷ് മലയാളം നിഘണ്ടുവില്‍ മഹാസമ്മേളനം എന്നാണ് അര്‍ത്ഥം നല്‍കിയിരിക്കുന്നത്. എന്നാല്‍ സിപിഐഎമ്മിന്റെ മഹാസമ്മേളനത്തിന്റെ പേര് പാര്‍ട്ടി കോണ്‍ഗ്രസ് എന്നാണ്. രണ്ട് കോണ്‍ഗ്രസുകള്‍ക്കിടയില്‍ ചേരുന്ന വിശേഷ സമ്മേളനമാണ് പ്ലീനം എന്നപേരില്‍ അറിയപ്പെടുന്നത്. സിപിഐഎം രൂപീകരിക്കപ്പെട്ടതിന് ശേഷം നടക്കുന്ന മൂന്നാമത്തെ പ്ലീനമാണ് ഈ മാസം 27 മുതല്‍ 31 വരെ കൊല്‍ക്കത്തയില്‍ നടക്കുന്നത്. 1968ല്‍ ബര്‍ദ്വനിലായിരുന്നു ആദ്യത്തെ പ്ലീനം. 1964ലെ പിളര്‍പ്പിനെത്തതുടര്‍ന്ന് സിപിഐഎം രൂപം കൊണ്ടപ്പോള്‍ അംഗീകരിച്ച പാര്‍ട്ടി പരിപാടിയില്‍ സാര്‍വ്വദേശീയ രംഗത്ത് നിലവിലുള്ള പ്രത്യയശാസ്ത്ര പ്രശ്‌നങ്ങളെ സംബന്ധിച്ച് ഏകീകൃത ധാരണ ഇല്ലാത്തതിനാല്‍ അത് ഉള്‍പ്പെടുത്തിയിരുന്നില്ല. തുടര്‍ന്നാണ് 1968-ല്‍ ചേര്‍ന്ന പ്ലീനത്തില്‍ ഈ വിഷയം ചര്‍ച്ച ചെയ്യപ്പെട്ടത്. സോവിയറ്റ് യൂണിയനും ചൈനയും സാര്‍വ്വദേശീയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ വ്യത്യസ്തങ്ങളായ നിലപാടുകളാണ് അന്ന് എടുത്തിരുന്നത്. ഈ രണ്ട് പാര്‍ട്ടികളില്‍ നിന്നും വ്യത്യസ്തമായി ഒരു സ്വതന്ത്ര നിലപാട് സ്വീകരിക്കുകയാണ് സിപിഐഎം ചെയ്തത്. ചൈനീസ് പക്ഷപാതികളായ ചിലര്‍ക്ക് ഇത് പിടിച്ചില്ല. അവരാണ് പിന്നീട് സിപിഐഎംഎല്‍ രൂപീകരിച്ചത്.

1975-77 കാലഘട്ടത്തെ അടിയന്തരാവസ്ഥാ ഭരണവും അതിനെതിരായ പോരാട്ടത്തിന്റെ അനുഭവങ്ങളും വച്ച് പാര്‍ട്ടി സംഘടനയില്‍ മൗലികമായ ചിലമാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടെന്ന് പാര്‍ട്ടി കേന്ദ്ര കമ്മിറ്റിക്ക് ബോധ്യപ്പെട്ടു. അങ്ങനെയാണ് 1978-ല്‍ സാല്‍ക്കിയയില്‍ ് സംഘടനാപ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനായി ഒരു പ്ലീനം നടത്തുന്നത്. ഒരു ബഹുജന വിപ്ലവ പാര്‍ട്ടി എങ്ങനെയായിരിക്കണം എന്നത് സംബന്ധിച്ച് ശരിയായ ധാരണയുണ്ടാക്കാന്‍ ആപ്ലീനത്തിന് കഴിഞ്ഞു. ജനാധിപത്യ യുവജന പ്രസ്ഥാനവും ജനാധിപത്യ മഹിളാ പ്രസ്ഥാനവുമൊക്കെ രൂപീകരിക്കപ്പെടുന്നത് സാല്‍ക്കിയാ പ്ലീനം കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ്. സാല്‍ക്കിയാ പ്ലീനം കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പ്രവര്‍ത്തനത്തിന്റെ ഭാഗമായി 1978നും 90നും ഇടയില്‍ പാര്‍ട്ടി അംഗസംഖ്യ 1.61 ലക്ഷത്തില്‍ നിന്ന് 1990ല്‍ 5.79 ലക്ഷമായി വര്‍ദ്ധിച്ചു.ഇപ്പോഴത് 10 ലക്ഷത്തിലേറെയാണ്. വര്‍ഗ്ഗ ബഹുജനസംഘടനാ അംഗത്വത്തിലും വന്‍തോതിലുള്ള വര്‍ദ്ധനവുണ്ടായി. 1978ല്‍ 70ലക്ഷമായിരുന്ന വര്‍ഗ്ഗ ബഹുജനസംഘടനാ അംഗത്വം ഇന്ന് 7കോടിയോളമായി വര്‍ദ്ധിച്ചിരിക്കുന്നു.

ഈ വര്‍ധനവൊക്കെയുണ്ടായെങ്കിലും അതൊക്കെ ഏതാനും ചില സംസ്ഥാനങ്ങളില്‍ മാത്രമായി ഒതുങ്ങി നില്‍ക്കുന്ന സ്ഥിതിയാണ് ഉണ്ടായത്. മാത്രവുമല്ല, ഏറ്റവും ശക്തമായ സംസ്ഥാനമായ പശ്ചിമബംഗാളില്‍ പാര്‍ട്ടിക്ക് വന്‍ തോതിലുള്ള തിരിച്ചടി സംഭവിക്കുകയും ചെയ്തു. 1991 മുതല്‍ നടപ്പിലാക്കി വരുന്ന നവലിബറല്‍ സാമ്പത്തിക നയങ്ങള്‍ ഇന്ത്യയിലെ വന്‍കിട ബൂര്‍ഷ്വാസിയും സാമ്രാജ്യത്വവും തമ്മിലും വന്‍കിട ബൂര്‍ഷ്വാസിയും പ്രാദേശിക ബുര്‍ഷ്വാസിയും തമ്മിലുമുള്ള വൈരുദ്ധ്യങ്ങള്‍ മയപ്പെടുത്തിയിട്ടുണ്ട്. തൊഴിലാളി വര്‍ഗ്ഗത്തിന്റെ ഘടനയിലും ഉള്ളടക്കത്തിലും വലിയ മാറ്റം വന്നിട്ടുണ്ട്. സംഘടിത തൊഴിലാളിവര്‍ഗ്ഗം എണ്ണത്തില്‍ കുറയുകയും അസംഘടിത തൊളിലാളികളുടെ എണ്ണം വന്‍ തോതില്‍ വര്‍ദ്ധിക്കുകയും ചെയ്തിട്ടുണ്ട്. മാത്രവുമല്ല നവലിബറല്‍ നയങ്ങളുടെ ഗുണഭോക്താക്കളായ ഇടത്തരക്കാരുടെ എണ്ണത്തിലും വന്‍തോതില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. സത്വരാഷ്ട്രീയ ശക്തികള്‍ക്ക് സാമൂഹ്യ വൈരുദ്ധ്യങ്ങളെ മുതലെടുക്കാന്‍ കൂടുതല്‍ കൂടുതല്‍ കഴിയുന്ന സ്ഥിതിയുണ്ടായിട്ടുണ്ട്. ഇതിനുപരിയായി ഫാസിസ്റ്റ് സ്വഭാവമുള്ള ആര്‍എസ്എസ് നിയന്ത്രിക്കുന്ന ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി കേന്ദ്രത്തില്‍ അധികാരത്തില്‍ വരികയും ചെയ്തിരിക്കുന്നു.

ഈ പുതിയ പശ്ചാത്തലത്തിലാണ് തൊഴിലാളി വര്‍ഗ്ഗം അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ നേരിടാന്‍ തക്കവിധം സംഘടനയെ ശക്തിപ്പെടുത്തുന്നതിനും ആവശ്യമായ മാറ്റങ്ങള്‍ സംഘടനാ രംഗത്ത് വരുത്തുന്നതിനുമായി കൊല്‍ക്കത്ത പ്ലീനം ചേരുന്നത്. കൂടുതല്‍ മെച്ചപ്പെട്ട ഒരു ഇന്ത്യ കെട്ടിപ്പടുക്കുന്നതിനും ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും സിപിഐഎമ്മിന്റെ സംഘടനാ ശേഷി ശക്തിപ്പെടുത്തുന്നത് ഏറെ പ്രാധാന്യമര്‍ഹിക്കുന്നു എന്നാണ് സീതാറാം യെച്ചൂരി പറഞ്ഞത്. ആ കടമ നിര്‍വ്വഹിക്കാവുന്ന വിധം പ്ലീനത്തിലെ ചര്‍ച്ചയും തീരുമാനങ്ങളും ഉണ്ടാവട്ടെ എന്ന് പ്രതീക്ഷിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News