ഡിഡിസിഎ അഴിമതി: ദില്ലിയില്‍ സര്‍ക്കാരും ലഫ്റ്റനന്റ് ഗവര്‍ണ്ണറും തമ്മില്‍ തുറന്ന പോര്; നിയമസഭയുടെ പ്രമേയം ഗവര്‍ണര്‍ തള്ളി; അധികാരപരിധി ചോദ്യം ചെയ്ത് മുഖ്യമന്ത്രി

ദില്ലി: ഡിഡിസിഎ അഴിമതിയില്‍ ആംആദ്മി സര്‍ക്കാരും ദില്ലി ലഫ്റ്റനന്റ് ഗവര്‍ണറും തമ്മില്‍ തുറന്ന പോര്. കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റലിക്ക് എതിരെയുള്ള അഴിമതി അന്വേഷിക്കാന്‍ ഏകാംഗ കമ്മീഷനെ നിയമിക്കാന്‍ ദില്ലി സര്‍ക്കാരിന് അധികാരമില്ലെന്ന് ഗവര്‍ണര്‍. ഏകാംഗ കമ്മീഷനെ നിയമിച്ച നടപടി റദ്ദാക്കാന്‍ അധികാരമുണ്ടെന്ന് ചൂണ്ടികാട്ടി ഗവര്‍ണര്‍ ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചു.

ധനകാര്യമന്ത്രി അരുണ്‍ ജയറ്റലിക്ക് എതിരെയുള്ള ഡിഡിസിഎ അഴിമതി അന്വേഷിക്കാന്‍ ഗോപാല്‍ സുബ്രഹ്മണ്യത്തെയാണ് ഏകാംഗ കമ്മീഷനായി ദില്ലി സര്‍ക്കാര്‍ നിയമിച്ചത്. ഏകാംഗ കമ്മീഷനെ നിയോഗിക്കുന്നതായി ദില്ലി നിയമസഭ പ്രമേയവും പാസാക്കി. അന്വേഷണ കമ്മീഷനെ നിയമിച്ച ഈ നടപടിക്ക് എതിരെയാണ് ഗവര്‍ണ്ണര്‍ നജീബ് ജങ്ങ് രംഗത്തെത്തിയത്.

1952ലെ അന്വേഷണ കമ്മീഷന്‍ നിയമ പ്രകാരം കമ്മീഷനെ നിയമിക്കാനുള്ള അധികാരം കേന്ദ്രത്തിന് ആണ്. അതിനാല്‍ ഗവര്‍ണ്ണര്‍ ആയ തനിക്ക് മാത്രമേ അധികാരം ഉള്ളൂവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് ലഫ്റ്റനന്റ് ഗവര്‍ണര്‍ വ്യക്തമാക്കി. ആംആദ്മി സര്‍ക്കാര്‍ നിയമിച്ച അന്വേഷണ കമ്മീഷനെ അസാധുവാക്കണമെന്നും ഗവര്‍ണര്‍ നജീബ് ജങ്ങ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കത്ത് നല്‍കി.

അതേസമയം ഭൂമിയുടേയും പോലീസിന്റെയും കാര്യം മാത്രം ലഫ്റ്റനന്റ് ഗവര്‍ണര്‍ നോക്കിയാല്‍ മതിയെന്ന് പറഞ്ഞ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും രംഗത്തെത്തി. അന്വേഷണ കമ്മീഷനെ കേന്ദ്രസര്‍ക്കാര്‍ എന്തിനാണ് ഭയക്കുന്നതെന്നും ഗവര്‍ണ്ണറെ വച്ച് നരേന്ദ്രമോദി സര്‍ക്കാര്‍ ചൂതാട്ടം നടത്തുകയാണെന്നും കെജ്രിവാള്‍ ആരോപിച്ചു.

ജയ്റ്റ്‌ലിക്ക് എതിരെ അഴിമതി ആരോപണം ഉന്നയിച്ച പാര്‍ട്ടി എംപി കീര്‍ത്തി അസാദിനെ സസ്‌പെന്‍ഡ് ചെയതതില്‍ അഡ്വാനി വിഭാഗം അതൃപ്തി രേഖപ്പെടുത്തിട്ടുണ്ട്. കീര്‍ത്തി ആസാദിനെ സസ്‌പെന്‍ഡ് ചെയത നടപടിയില്‍ ബിജെപിയില്‍ പൊട്ടിത്തെറിക്ക് വഴി വച്ചതിന് പിന്നാലെയാണ് ദില്ലി സര്‍ക്കാരിന് എതിരെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ച ഗവര്‍ണ്ണര്‍ തന്നെ രംഗത്തെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News