ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പാകിസ്താന്‍ സന്ദര്‍ശനത്തെ വിമര്‍ശിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. രാജ്യത്തെ അറിയിക്കാതെയാണ് മോദി സന്ദര്‍ശനം നടത്തിയതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യാനുള്ള തന്ത്രമാണ് മോദി കാണിക്കുന്നതെന്ന് ബിജെപിയുടെ മുഖ്യ ഘടകകക്ഷിയായ ശിവസേന വിമര്‍ശനം ഉന്നയിച്ചു.
കരുതികൂട്ടി കണക്കുകൂട്ടിയുള്ള സന്ദര്‍ശനമാണ് മോദിയുടേത് എന്ന ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മയാണ് വിമര്‍ശനങ്ങള്‍ക്ക് തുടക്കമിട്ടത്. വലിയ വിനാശനത്തിനാണ് നരേന്ദ്രമോദിയുടെ പാക് സന്ദര്‍ശനം വഴിവയക്കുക എന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
ലാഹോറിലേക്ക് ബസ് യാത്ര നടത്തിയ അടല്‍ ബിഹാരി വാജ്‌പേയിയുടെ നിലപാടും, തുടര്‍ന്നുണ്ടായ കാര്‍ഗില്‍ യുദ്ധവും ചൂണ്ടികാട്ടിയായിരുന്നു കോണ്‍ഗ്രസ് ആരോപണം. പത്ത് തവണ ചര്‍ച്ച നടത്തിയത് കൊണ്ട് മാത്രം കാര്യമില്ലെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
പത്രത്തില്‍ പടം വരുത്താനായി മാത്രമാണ് മോദിയുടെ സന്ദര്‍ശനം എന്നായിരുന്നു സഖ്യകക്ഷിയായ ശിവസേനയുടെ പ്രതികരണം. കോണ്‍ഗ്രസ് ഭരണകാലത്ത് പാക്ക് ബന്ധത്തെ എതിര്‍ത്ത ബിജെപി ഇപ്പോള്‍ മലക്കം മറിഞ്ഞെന്ന് ആംആദ്മി തുറന്നടിച്ചു.
അതേസമയം മോദിയുടെ സന്ദര്‍ശനത്തെ ഹുറിയത്ത് കോണ്‍ഫ്രന്‍സ് നേതാക്കള്‍ സ്വാഗതം ചെയ്തു. ഇന്ത്യാ പാക്ക് ബന്ധം മെച്ചപെടുത്തുന്ന കൂടിക്കാഴ്ച ആണെങ്കില്‍ മോദിക്ക് സ്വാഗതമെന്ന് പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി ചെയര്‍മാന്‍ ബിലാവല്‍ ഭൂട്ടോയും പ്രതികരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here