ശബരിമല മണ്ഡലപൂജ; തങ്കയങ്കി ഘോഷയാത്ര ഇന്ന് സന്നിധാനത്തെത്തും; ഭക്തര്‍ക്ക് നിയന്ത്രണം

സന്നിധാനം: മണ്ഡലപൂജയോടനുബന്ധിച്ച് ശാസ്താവിന് ചാര്‍ത്താനുള്ള തങ്കയങ്കി വഹിച്ചുള്ള ഘോഷയാത്ര ഇന്നു വൈകുന്നേരം സന്നിധാനത്തെത്തും. വൈകിട്ട് ശരംകുത്തിയിലെത്തിക്കുന്ന തങ്കയങ്കിയെ ആചാരപൂര്‍വം സ്വീകരിച്ച് സന്നിധാനത്തെത്തിക്കും. തുടര്‍ന്ന് വൈകിട്ട് തങ്കയങ്കി ചാര്‍ത്തി ദീപാരാധന നടത്തും. നാളെയാണ് മണ്ഡലപൂജ. ഇന്നും നാളെയും സന്നിധാനത്ത് തീര്‍ത്ഥാടകര്‍ക്ക്് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.

തങ്കയങ്കിയെത്തുന്ന തിരക്ക് പ്രമാണിച്ച് ഇന്നുച്ചയ്ക്ക് 12.30 വരെ മാത്രമേ പമ്പയില്‍ നിന്ന് ഭക്തരെ മല ചവിട്ടാന്‍ അനുവദിക്കുകയുള്ളൂ. തങ്കയങ്കി മരക്കൂട്ടത്തെത്തിയ ശേഷമായിരിക്കും പമ്പയില്‍ നിന്ന് പിന്നീട് അയ്യപ്പന്‍മാരെ കയറ്റിവിടുക. തങ്കയങ്കി സോപാനത്തെത്തിയ ശേഷം മരക്കൂട്ടത്തുനിന്ന് ഭക്തരെ സന്നിധാനത്തേക്ക് അയക്കും. ഇന്നു മൂന്നുമണിയോടെ പമ്പയില്‍ നിന്നു പുറപ്പെടുന്ന തങ്കയങ്കിയെ 5 മണിക്ക് ശരംകുത്തിയില്‍ വരവേല്‍ക്കും. സോപാനത്തേക്ക് പുറപ്പെടുന്ന തങ്കയങ്കിയെ പതിനെട്ടാംപടിക്ക് മുകളില്‍ ദേവസ്വം ഭാരവാഹികള്‍ സ്വീകരിക്കും. തുടര്‍ന്നാണ് ദീപാരാധന. തിരക്ക് അധികമായതിനാല്‍ യാതൊരുവിധ സ്‌പെഷല്‍ പാസുകളും പരിഗണിക്കേണ്ടെന്ന് ദേവസ്വം ബോര്‍ഡും പൊലീസും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നാളെ 11.02നും 11.39നും ഇടയ്ക്കുള്ള കുംഭംരാശി മുഹൂര്‍ത്തത്തിലാണ് മണ്ഡലപൂജ നടക്കുന്നത്. മണ്ഡലപൂജാ സമയത്തും അന്നത്തെ ദീപാരാധനയ്ക്കും തങ്കയങ്കി ചാര്‍ത്തിയുള്ള അയ്യപ്പനെ തൊഴാം. 27ന് രാത്രി പത്തിന് നട അടച്ചാല്‍ മകരവിളക്കിനായി 30ന് വൈകീട്ട് 5നാണ് നട തുറക്കുക. മണ്ഡലപൂജയ്ക്കായി 15 ലക്ഷം ടിന്‍ അരവണയും 60000 കവര്‍ അപ്പവും സന്നിധാനത്ത് സ്റ്റോക്കുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here