ശാശ്വതികാനന്ദയെ ഇടിക്കട്ടകൊണ്ടു തലയ്ക്കടിച്ചു കൊന്നെന്നു പ്രകാശാനന്ദ; കൊന്നശേഷം പെരിയാറില്‍ തള്ളി; മറുകരയിലേക്ക് ഒരാള്‍ നീന്തുന്നതു കണ്ടു

തിരുവനന്തപുരം: ശ്വാശ്വതീകാനന്ദയെ കൊലപ്പെടുത്തിയതു തന്നെയെന്നു വ്യക്തമാക്കി ശിവഗിരി മഠാധിപതി സ്വാമി പ്രകാശാനന്ദ. ഇടിക്കട്ടകൊണ്ടു ശാശ്വതികാനന്ദയെ തലയില്‍ ഇടിച്ചു കൊന്നു പുഴയില്‍ തള്ളുകയായിരുന്നെന്നാണു കോഴിക്കോട്ടു പ്രകാശാനന്ദ വ്യക്തമാക്കിയത്. പുഴയില്‍താണുപോയ ശാശ്വതികാനന്ദയെ തെരയുന്നതിനിടയില്‍ പെരിയാറിന്റെ മറുകരയിലേക്ക് ഒരാള്‍ നീന്തിപ്പോകുന്നതു കണ്ടതായും പ്രകാശാനന്ദ പറയുന്നു.

നേരത്തെയും ശാശ്വതികാനന്ദയുടെ മരണം കൊലപാതകമാണെന്നുറപ്പിച്ചു പ്രകാശാനന്ദ വിവരങ്ങള്‍ പുറത്തുവിട്ടിരുന്നു. ഇപ്പോഴാണ് കൂടുതല്‍ വ്യക്തമായി അദ്ദേഹം കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. തലയ്ക്കടിച്ചു ശാശ്വതികാനന്ദയെ കൊന്നതാകാം എന്നാണ് പ്രകാശാനന്ദയുടെ വിശദീകരണം. പുഴയോടു ചേര്‍ന്ന കല്‍കെട്ടില്‍നിന്നു മൃതദേഹം കണ്ടെത്തിയതിലും ദുരൂഹതയുണ്ടെന്നാണ് പ്രകാശാനന്ദയുടെ വാക്കുകള്‍.

ശാശ്വതികാനന്ദയ്ക്കു നന്നായി നീന്തല്‍ അറിയാമായിരുന്നെന്നും പിന്നെങ്ങനെ മുങ്ങിമരിക്കുമെന്നും നേരത്തേ പ്രകാശാനന്ദ ചോദിച്ചിരുന്നു. ശാശ്വതികാനന്ദയെ കൊന്നതുതന്നെയാണെന്ന നിലപാടിലായിരുന്നു കേസിന്റെ തുടക്കം മുതല്‍ പ്രകാശാനന്ദ. ശാശ്വതികാനന്ദയുടെ നെറ്റിയില്‍ കണ്ട മുറിവ് കമ്പോ കയറോ കൊണ്ടതാകാമെന്നായിരുന്നു ആദ്യം പ്രകാശാനന്ദ പറഞ്ഞത്. ഇപ്പോഴത്തെ മൊഴിയോടെ ശാശ്വതികാനന്ദയുടെ മരണം കൊലപാതകമാണെന്നതില്‍ കൂടുതല്‍ വ്യക്തത വരികയാണ്.

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ സഹായി പള്ളുരുത്തി പ്രിയനാണ് ശാശ്വതികാനന്ദയെ കൊന്നതെന്ന ആരോപണവുമായി ഡോ. ബിജു രമേശ് രംഗത്തെത്തിയതോടെയാണ് വര്‍ഷങ്ങള്‍ക്കു ശേഷം സംഭവം വീണ്ടും ചര്‍ച്ചയായത്. പ്രിയന്‍ തന്നോട് ഇക്കാര്യം പറഞ്ഞിരുന്നെന്നാണ് ബിജു രമേശ് പറഞ്ഞത്. തുടര്‍ന്ന് ശാശ്വതികാനന്ദയുടെ മരണം കൊലപാതകമാണെന്നു കാട്ടി നിരവധി മൊഴികളും തെളിവുകളും പുറത്തുവന്നിരുന്നു. ശാശ്വതികാനന്ദയുടെ മരണത്തില്‍ തുടരന്വേഷണം നടത്തണമെന്നു ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ആ സാഹചര്യത്തില്‍ കൂടുതല്‍ വ്യക്തതയോടെയുള്ള പ്രകാശാനന്ദയുടെ വെളിപ്പെടുത്തല്‍ ശാശ്വതികാനന്ദ മരണത്തിന്റെ ചുരുളഴിക്കാന്‍ പോന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News