മോദിയുടെ അപ്രതീക്ഷിത പാക് സന്ദര്‍ശനം പച്ചക്കള്ളം; ഉരുക്കു വ്യവസായി സജ്ജന്‍ ജിന്‍ഡാല്‍ ഒരുക്കങ്ങള്‍ നടത്തിയത് ദിവസങ്ങള്‍; കത്തോലിക്കാ സഭയുടെ ക്രിസ്മസ് വിരുന്നും മാറ്റിവപ്പിച്ചു

ദില്ലി: റഷ്യയില്‍നിന്ന് അഫ്ഗാനിസ്താന്‍ വഴി ഇന്ത്യയിലേക്കു മടങ്ങുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി പാകിസ്താനില്‍ ഇറങ്ങിയത് അപ്രതീക്ഷിത തീരുമാനമായിരുന്നില്ലെന്ന് വ്യക്തമാകുന്നു. മുന്‍കൂട്ടി നിശ്ചയിച്ചതും പാക് പ്രധാനമന്ത്രി നവാസ് ഷെരീഫുമായി ധാരണയായതുമായ സന്ദര്‍ശനമാണ് ഇന്നലെ ലാഹോറില്‍ നടന്നതെന്നാണ് തെളിവുകള്‍. ഇന്നലെ ദില്ലിയില്‍ സിറോ മലബാര്‍ സഭ നടത്തേണ്ടിയിരുന്ന ക്രിസ്മസ് വിരുന്ന് നീട്ടിവച്ചതും പ്രധാനമന്ത്രിയുടെ ഇന്നലത്തെ അസൗകര്യത്തെത്തുടര്‍ന്നായിരുന്നെന്നും വ്യക്തമായി.

ഉരുക്കു വ്യവസായി സജ്ജന്‍ ജിന്‍ഡാലാണ് മോദി-നവാസ് കൂടിക്കാഴ്ചയ്ക്ക് ഇടനില നിന്നതെന്നാണ് സൂചനകള്‍. നേരത്തേതന്നെ കൂടിക്കാഴ്ച തീരുമാനിച്ചിരുന്നെന്നും നവാസുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന സജ്ജന്‍ പാകിസ്താനില്‍ ഇതിനായാണു പാകിസ്താനില്‍ എത്തിയതെന്നുമാണു വിവരം. കഴിഞ്ഞവര്‍ഷം കാഠ്മണ്ഡുവില്‍ സാര്‍ക്ക് ഉച്ചകോടിക്കിടെ മോദി-നവാസ് കൂടിക്കാഴ്ചയ്ക്കു വഴിയൊരുക്കിയത് സജ്ജനായിരുന്നെന്ന് ഒരു പാകിസ്താനി മാധ്യമപ്രവര്‍ത്തക തന്റെ പുസ്തകത്തില്‍ പരാമര്‍ശിച്ചിരുന്നു.

മോദി ലാഹോറിലേക്കു പോകുന്നുവെന്നു ട്വീറ്റിലൂടെ അറിയിച്ചതിനു പിന്നാലെ താന്‍ ലാഹോറിലുണ്ടെന്ന സജ്ജന്റെ ട്വീറ്റും വന്നിരുന്നു. ഇന്ത്യയിലെ പാകിസ്താന്‍ ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബാസിത് കുറച്ചു നാളുകള്‍ക്കു മുമ്പു പാകിസ്താനിലേക്കു പോയത് ഇന്നലത്തെ കൂടിക്കാഴ്ചയ്ക്കു കളമൊരുക്കാനുമായിരുന്നെന്നു സൂചനയുണ്ട്. ബാസിത് ഇപ്പോഴും പാകിസ്താനില്‍ തുടരുകയാണ്. വെള്ളിയാഴ്ചയാണ് ഭാര്യാസമേതനായി ചാര്‍ട്ടര്‍ ചെയ്ത വിമാനത്തില്‍ സജ്ജന്‍ ലാഹോറിലെത്തിയത്.

നവാസ് ഷെരീഫുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന സജ്ജന് അദ്ദേഹത്തിനുമേല്‍ ശക്തമായ സ്വാധീനവുമുണ്ട്. കഴിഞ്ഞ മേയില്‍ ഇന്ത്യയില്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ സജ്ജന്റെ വീട്ടില്‍ ചായസല്‍കാരത്തില്‍ നവാസ് പങ്കെടുത്തതും ഇരുവരും തമ്മിലുള്ള ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്നു.

മോദി-നവാസ് കൂടിക്കാഴ്ചയ്ക്ക് കളമൊരുക്കാന്‍ സജ്ജന്‍ കുറേ നാളുകളായി കരുക്കള്‍ നീക്കുകയായിരുന്നു. അതേസമയം, മോദിക്കും നവാസിനും കൂടിക്കാഴ്ചയുടെ വിവരം രഹസ്യമായി സൂക്ഷിക്കാനുമായി. നവാസിനെ പിറന്നാള്‍ ദിനത്തില്‍ ആശംസിക്കാനെന്ന പേരില്‍ ഫോണ്‍ കോളില്‍ അസാധാരണത്വം ഒഴിവാക്കാനും ആയി. കൂടിക്കാഴ്ചയ്ക്കു സജ്ജനും മോദിയും നവാസും തയാറായിരുന്നെങ്കിലും അക്കാര്യം ഇന്ത്യന്‍ ഹൈക്കമ്മീഷന് അറിയില്ലായിരുന്നു. വിവരമറിഞ്ഞയുടന്‍ ഇസ്ലാമാബാദില്‍നിന്ന് അടിയന്തരമായി ഹൈക്കമ്മീഷണര്‍ ലാഹോറില്‍ എത്തുകയായിരുന്നു.

ഈ തെളിവുകള്‍ക്കു പിന്നാലെയാണ്, കത്തോലിക്കാ സഭ ദില്ലിയില്‍ നടത്താനിരുന്ന ക്രിസ്മസ് സല്‍ക്കാരം മോദിയുടെ രഹസ്യമായി തീരുമാനിച്ച അസൗകര്യം കാരണം മാറ്റിവച്ചതായ വാര്‍ത്തയും പുറത്തുവന്നത്. ഇന്നലെ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ വസതിയിലാണ് സിറോ മലബാര്‍ സഭ ക്രിസ്മസ് സല്‍ക്കാരത്തിനു പദ്ധതിയിട്ടിരുന്നത്. ഈ മാസം പതിനാലിന് കൊച്ചിയിലെത്തിയപ്പോഴാണ് മോദിയെ സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി നേരിട്ടു ക്ഷണിച്ചത്. തനിക്ക് 25ന് അസൗകര്യമുണ്ടെന്നു മറുപടി നല്‍കിയ മോദിക്കുവേണ്ട സല്‍കാരപരിപാടി 29 ലേക്കു മാറ്റാന്‍ സഭ തീരുമാനിക്കുകയായിരുന്നു.

റഷ്യയില്‍നിന്ന് കാബൂള്‍ വഴി ഇന്നലെ ഉച്ചകഴിഞ്ഞ് മോദി ദില്ലിയില്‍ തിരിച്ചെത്തേണ്ടതായിരുന്നു. ഈ സാഹചര്യത്തില്‍ മോദിക്കു സല്‍കാരച്ചടങ്ങില്‍പങ്കെടുക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നില്ല. എന്നാല്‍, തനിക്ക് അസൗകര്യമുണ്ടെന്നു നേരത്തെതന്നെ പറയണമെങ്കില്‍ ലാഹോറിലെ കൂടിക്കാഴ്ച അപ്രതീക്ഷിതമായിരുന്നില്ലെന്ന സൂചനയാണ് എബിപി ന്യൂസ് നല്‍കിയ വാര്‍ത്തയിലുള്ളത്. രാഷ്ട്രീയ രംഗത്തും സമൂഹമാധ്യമങ്ങളിലും കനത്ത വിമര്‍ശനം ഏറ്റുവാങ്ങുന്ന മോദിയുടെ പാകിസ്താന്‍ സന്ദര്‍ശനം അപ്രതീക്ഷിതമായിരുന്നെന്ന അവകാശവാദമാണ് ഇതോടെ പൊളിയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel