ക്രിസ്തുമസും മദ്യത്തില്‍മുക്കി മലയാളി; ക്രിസ്തുമസ് തലേന്ന് കുടിച്ച് തീര്‍ത്തത് ഏഴരക്കോടി രൂപയുടെ മദ്യം; മുന്നില്‍ എറണാകുളം

കൊച്ചി: ക്രിസ്തുമസ് തലേന്ന് സംസ്ഥാനത്ത് റെക്കോഡ് മദ്യവില്‍പന. ഡിസംബര്‍ 24ന് സംസ്ഥാനത്ത് വിറ്റത് 7 കോടി 40 ലക്ഷം രൂപയുടെ മദ്യം. മദ്യഉപഭോഗത്തില്‍ എറണാകുളം ജില്ലയാണ് ഒന്നാമത്. ഒരു കോടി എണ്‍പത് ലക്ഷം രൂപയുടെ മദ്യമാണ് എറണാകുളത്ത് വിറ്റത്.

എറണാകുളത്തെ വൈറ്റില ഔട്ട്‌ലെറ്റിലാണ് ഏറ്റവും കൂടുതല്‍ മദ്യവില്‍പന നടന്നത്. ക്രിസ്തുമസ് തലേന്ന് വൈറ്റില ഔട്ട്‌ലെറ്റില്‍ മാത്രം 54 ലക്ഷം രൂപയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് വൈറ്റില ഔട്ട്‌ലറ്റില്‍ 18 ലക്ഷം രൂപയുടെ മദ്യമാണ് വിറ്റത്. ഇതാണ് ഇപ്പോള്‍ മൂന്നിരട്ടി ആയത്.

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഒരു കോടി രൂപയുടെ വര്‍ധനവാണ് കണ്‍സ്യൂമര്‍ ഫെഡിന്റെ മദ്യവില്പനയില്‍ ഒറ്റ ദിവസം മാത്രം ഉണ്ടായത്. സംസ്ഥാനത്തെ 49 ഔട്ട് ലെറ്റുകളിലായി 7 കോടി 40 ലക്ഷം രൂപയുടെ മദ്യമാണ് ക്രിസ്തുമസ് തലേന്ന് വിറ്റഴിച്ചത്. ഇതില്‍ എറണാകുളം ജില്ലയാണ് മദ്യവില്‍പനയില്‍ മുന്നില്‍. 1 കോടി 87 ലക്ഷം രൂപയുടെ വില്പനയാണ് എറണാകുളത്ത് നടന്നത്. ജില്ലയിലെ വൈറ്റില ഔട്ട് ലെറ്റില്‍ റെക്കോഡ് വില്പനയാണ് ഉണ്ടായത്.

വൈറ്റിലയില്‍ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 24 ന് 18 ലക്ഷം രൂപയുടെ മദ്യമാണ് വിറ്റതെങ്കില്‍ ഇത്തവണ 53,83,000 രൂപയുടെ വില്പനയാണ് നടന്നത്. കഴിഞ്ഞ തവണത്തേക്കാള്‍ മൂന്ന് മടങ്ങ് വര്‍ധനയാണ് മദ്യവില്പനയില്‍ ഈ വര്‍ഷം ഇവിടെ ഉണ്ടായത്. ഓണത്തിനും ഏറ്റവും കൂടുതല്‍ മദ്യവില്പന നടന്നത് ഇതേ ഔട്ട് ലെറ്റിലാണ്.

ക്രിസ്തുമസ് തലേന്നത്തെ മദ്യവില്പനയില്‍ രണ്ടാം സ്ഥാനം തിരുവനന്തപുരം ജില്ലക്കാണ്. 98 ലക്ഷം രൂപയുടെ മദ്യമാണ് തിരുവനന്തപുരത്ത് വിറ്റഴിച്ചത്. തൃശ്ശൂരില്‍ 94 ലക്ഷം കോട്ടയത്ത് 77 ലക്ഷം കണ്ണൂരില്‍ 63 ലക്ഷം എന്നിങ്ങനെ പോകുന്നു വിവിധ ജില്ലകളിലെ കണക്കുകള്‍.

പത്തനംതിട്ട ജില്ലയിലാണ് ഏറ്റവും കുറവ് മദ്യവില്പന നടന്നത്. ഒരേ ഒരു ഔട്ട്‌ലെറ്റ് മാത്രമുള്ള പത്തനംതിട്ടയില്‍ വിറ്റത് 20 ലക്ഷം രൂപയുടെ മദ്യമാണ്. കണ്‍സ്യൂമര്‍ ഫെഡിനേക്കാള്‍ ഇരട്ടിയിലധികം ഔട്ട് ലെറ്റുകളുള്ള ബീവറേജസ് കോര്‍പ്പറേഷന്റെ കണക്കു കൂടി പുറത്ത് വരുന്നതോടെ മലയാളിയുടെ മദ്യാസക്തി എത്ര മടങ്ങ് വര്‍ധിച്ചുവെന്ന് വ്യക്തമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News