പ്രധാനമന്ത്രിയുടെ പാക് സന്ദര്‍ശനം: അപ്രതീക്ഷിതമെന്ന വിശദീകരണവുമായി രാജ്‌നാഥ് സിംഗ്

ലക്‌നൗ: പ്രധാനമന്ത്രിയുടെ പാക്ക് സന്ദര്‍ശനം അപത്രീക്ഷിതമായിരുന്നെന്ന് ആഭ്യന്തമന്ത്രി രാജ്‌നാഥ് സിങ്ങ്. പാക്കിസ്ഥാന്‍ സന്ദര്‍ശിക്കുന്ന തീരുമാനം പ്രധാനമന്ത്രി സ്വയം കൈക്കൊണ്ടതാണെന്നും രാജ്‌നാഥ് വ്യക്തമാക്കി. നരേന്ദ്രമോദി തീരുമാനിച്ചതിന് ശേഷമാണ് താനും പാര്‍ട്ടി അധ്യക്ഷനും ഇക്കാര്യം അറിഞ്ഞതെന്നും രാജ്‌നാഥ് സിങ്ങ് ലകനൗവില്‍ പറഞ്ഞു.

വ്യവസായ പ്രമുഖന്റെ സാമീപ്യത്തില്‍ പാക്ക് പ്രധാനമന്ത്രിയുമായുള്ള നരേന്ദ്രമോദിയുടെ കൂടിക്കാഴ്ച്ച വലിയ വിമര്‍ശനങ്ങള്‍ക്ക് വഴി വച്ചതിന് പിന്നാലെ മറുപടിയുമായി രാജ്‌നാഥ് സിങ്ങ് രംഗത്തെത്തി. അഫ്ഗാന്‍ സന്ദര്‍ശനത്തിന് ഇടയില്‍ ലാഹോറില്‍ വച്ച് നവാസ് ഷെരീഫുമായി കൂടിക്കാഴ്ച്ച നടത്തുന്ന തീരുമാനം അപ്രതീക്ഷിതമായി പ്രധാനമന്ത്രി കൈക്കൊണ്ടതാണെന്ന് രാജ്‌നാഥ് സിംഗ് വിശദീകരിച്ചു.

താനും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായും ഔദ്യോഗിക വസതിയില്‍ സംസാരിച്ചിരിക്കവേയാണ് ലാഹോറിലേക്ക് പോവുകയാണെന്ന് പ്രധാനമന്ത്രി ഫോണിലൂടെ അറിയിച്ചത്. ഈ തീരുമാനം പാര്‍ട്ടി അധ്യക്ഷനിലും ഞെട്ടലുണ്ടാക്കി. അയല്‍ രാജ്യങ്ങളുമായി നല്ല ബന്ധമാണ് ബിജെപി ആഗ്രഹിക്കുന്നതെങ്കിലും നേരന്ദ്രമോദിയുടെ തീരുമാനം അപ്രതീക്ഷിതമായിരുന്നെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.

പാര്‍ട്ടി അധ്യക്ഷനും നേതൃത്വവും ഇക്കാര്യം അറിഞ്ഞത് മോദിയുടെ തീരുമാന ശേഷമാണെന്നും പ്രധാനമന്ത്രിയുടെ നവീനമായ നയതന്ത്രം വിജയം കാണുമെന്നാണ് പ്രതീക്ഷയെന്നും രാജ്‌നാഥ് ലക്‌നൗവില്‍ പറഞ്ഞു. ലക്‌നൗവിലെ ആര്‍എസ്എസ് ആസ്ഥാനത്ത് സംസാരിക്കവേ ആണ് രാജ്‌നാഥ് സിങ്ങ് ഇക്കാര്യം വ്യക്തമാക്കിയത്.

നരേന്ദ്രമോദിയുടെ സന്ദര്‍ശനം കരുതികൂട്ടി നടത്തിയതെന്നും വ്യവസായ പ്രമുഖന്റെ പങ്കാളിത്തത്തിലുള്ള ചര്‍ച്ച എന്തിനായിരുന്നെന്നുമുള്ള പ്രതിപക്ഷ വിമര്‍ശനത്തിന് ഇടയിലാണ് ആഭ്യന്തരമന്ത്രിയുടെ പ്രതികരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News