സാഫ് കപ്പ് ഫുട്‌ബോളില്‍ സെമിഫൈനല്‍ ബര്‍ത്ത് ലക്ഷ്യമിട്ട് ഇന്ത്യ; നേപ്പാളിനെ നേരിടും

തിരുവനന്തപുരം: സാഫ് കപ്പ് ഫുട്‌ബോളില്‍ സെമിഫൈനല്‍ ബര്‍ത്ത് ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങുന്നു. കരുത്തരായ നേപ്പാളാണ് ഇന്ത്യയുടെ എതിരാളികള്‍. ഇന്നു ജയിക്കാനായാല്‍ ഇന്ത്യക്ക് സെമിഫൈനല്‍ ബര്‍ത്ത് ഉറപ്പിക്കാം. മികച്ച മാര്‍ജിനില്‍ ജയിക്കാനായാല്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി തന്നെ ഇന്ത്യക്ക് സെമിഫൈനലിലെത്താം. എന്നാല്‍, ഇത് എത്രത്തോളം സാധ്യമാകുമെന്ന് കണ്ടറിയുക തന്നെ വേണം. മറികടക്കാന്‍ അത്ര എളുപ്പമുള്ള ടീമല്ല നേപ്പാള്‍. കഴിഞ്ഞ നവംബറില്‍ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ഇന്ത്യയെ അക്കൗണ്ട് തുറക്കാന്‍ പോലും നേപ്പാള്‍ അനുവദിച്ചിരുന്നില്ല.

ക്രിസ്മസ് ദിനത്തില്‍ ശ്രീലങ്കയെ തോല്‍പിച്ചു കൊണ്ടായിരുന്നു ഇന്ത്യയുടെ സാഫ് കപ്പിലെ തുടക്കം. അതേ മികവു നിലനിര്‍ത്താനായിരിക്കും ഇന്ത്യയുടെ ശ്രമം. ഐഎസ്എല്ലിലെ മികച്ച പ്രകടനത്തിനു ശേഷം ദേശീയ ടീമിനൊപ്പം ചേര്‍ന്ന റോബിന്‍ സിംഗും സുനില്‍ ഛേത്രിയും തന്നെയാണ് ഇന്ത്യയുടെ ശ്രദ്ധാകേന്ദ്രം. എതിരില്ലാത്ത രണ്ടുഗോളുകള്‍ക്കായിരുന്നു ആദ്യമത്സരത്തില്‍ ഇന്ത്യയുടെ ജയം. ഇത് ഇന്ത്യയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നുണ്ട്.

അതേസമയം, ഇന്നലെ നടന്ന മത്സരത്തില്‍ ജയത്തോടെ അഫ്ഗാനിസ്താനും മാലദ്വീപും സെമിഫൈനല്‍ ഉറപ്പിച്ചു. മാലദ്വീപ് ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് ബംഗ്ലാദേശിനെയാണ് തോല്‍പിച്ചത്. ഭൂട്ടാനെ മറുപടിയില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് അഫ്ഗാനിസ്താന്‍ തോല്‍പിച്ചത്. നാളെ അഫ്ഗാനിസ്താനും മാലദ്വീപുമാണ് എതിരാളികള്‍. ഇതില്‍ ജയിക്കുന്നവര്‍ക്ക് ഗ്രൂപ്പ് ചാമ്പ്യന്‍മാരായി തന്നെ സെമിയില്‍ കടക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News