സിറിയന്‍ വിമത നേതാവ് സഹറൂണ്‍ അല്‍ഔഷ് കൊല്ലപ്പെട്ടു; സമാധാന ശ്രമങ്ങള്‍ക്ക് തിരിച്ചടിയാകും; ഐഎസ് ഓയില്‍ ടാങ്കറുകള്‍ തകര്‍ക്കുന്ന ദൃശ്യങ്ങള്‍ റഷ്യ പുറത്തുവിട്ടു

ബെയ്‌റൂട്ട്: സിറിയന്‍ വിമത ഗ്രൂപ്പായ ജയ്‌ഷെ അല്‍ ഇസ്ലാമിന്റെ സ്ഥാപക നേതാവ് സഹറൂണ്‍ അല്‍ഔഷ് കൊല്ലപ്പെട്ടു. സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനെതിരെ പൊരുതുന്ന വിമതസംഘങ്ങളില്‍ പ്രമുഖരായ ജെയ്‌ഷെ ഇസ്‌ലാമിന്റെ കമാന്‍ഡറാണ് അല്‍ഔഷ്. വെള്ളിയാഴ്ച ഡമാസ്‌കസിന് സമീപം ഗൂട്ടായില്‍ വിമതരുടെ ആസ്ഥാനത്ത് നടന്ന വ്യോമാക്രമണത്തിലാണ് അല്‍ഔഷ് കൊല്ലപ്പെട്ടത്.

ജയ്‌ഷെ നേതാക്കളുടെ രഹസ്യയോഗം നടക്കുമ്പോള്‍ ആയിരുന്നു വ്യോമാക്രമണം. യുദ്ധവിമാനങ്ങള്‍ തൊടുത്ത 10 മിസൈലുകളാണ് വിമതരുടെ ഗൂട്ടായിലെ രഹസ്യകേന്ദ്രം തകര്‍ത്തത്. അല്‍ഔഷിനൊപ്പം മറ്റു 12 ജയ്‌ഷെ കമാന്‍ഡര്‍മാരും കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റതായി സിറിയന്‍ സേന സ്ഥിരീകരിച്ചു.

വിമത നേതൃത്വത്തിനു കനത്ത തിരിച്ചടിയാണ് അല്‍ ഔഷിന്റെ മരണം. 2016ല്‍ തുടങ്ങാനിരിക്കുന്ന സമാധാന ചര്‍ച്ചാ നീക്കങ്ങള്‍ക്കും സംഭവം തിരിച്ചടിയാകും. സമാധാന ശ്രമങ്ങള്‍ക്ക് യുഎന്‍ അംഗീകാരം നല്‍കി നാളുകള്‍ക്കകമാണ് അല്ലൂഷ് കൊല്ലപ്പെടുന്നത്. ജനുവരിയില്‍ ജനീവയിലാണ് സമാധാന ചര്‍ച്ച നടക്കുന്നത്.

വ്യോമാക്രമണത്തിന്റെ ഉത്തരവാദിത്വം സിറിയന്‍ സൈന്യം ഏറ്റെടുത്തിട്ടുണ്ട്. എന്നാല്‍, റഷ്യന്‍ വിമാനങ്ങളാണ് ആക്രമണത്തിനു പിന്നിലെന്നാണ് ജെയ്‌ഷെ അല്‍ ഇസ്ലാം കരുതുന്നത്. അസാദിനെതിരേ പോരാടുന്ന സിറിയയിലെ ഏറ്റവും ശക്തമായ വിമത ഗ്രൂപ്പാണ് ജയ്‌ഷെ അല്‍ ഇസ്‌ലാം. 20,000 സൈനികരാണ് ഈ ഗ്രൂപ്പിലുള്ളത്. കിഴക്കന്‍ ഡമാസ്‌കസ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളുടെ നിയന്ത്രണം വിമത ഗ്രൂപ്പിനുണ്ട്.

അസദിന്റെ സേനയ്ക്കു പിന്തുണയുമായി സെപ്റ്റംബര്‍ 30നാണ് റഷ്യ സിറിയയില്‍ വ്യോമാക്രമണം തുടങ്ങിയത്. പ്രമുഖ മതപ്രഭാഷകനായ അല്‍ഔഷിന്റെ പിതാവ് റിയാദിലാണു താമസം. 2009ല്‍ അല്‍ഔഷിനെ അസദ് ഭരണകൂടം അറസ്റ്റ് ചെയ്‌തെങ്കിലും 2011ല്‍ പൊതുമാപ്പുനല്‍കി വിട്ടയച്ചു. 2013ലാണു ജയ്‌ഷെ ഇസ്‌ലാം എന്ന പേരില്‍ വിമതഗ്രൂപ്പുകളെ സംഘടിപ്പിച്ചു സായുധപോരാട്ടം തുടങ്ങിയത്.

Russia-Air-Strike

അതേസമയം സിറിയയില്‍ ഐഎസ് കേന്ദ്രങ്ങള്‍ക്ക് നേരെ റഷ്യ വ്യോമാക്രമണം തുടരുകയാണ്. ഇസ്ലാമിക് സ്റ്റേറ്റിന്റെ ഓയില്‍ ടാങ്കര്‍ വ്യൂഹത്തിന് നേരെ റഷ്യ വ്യോമാക്രമണം നടത്തി. വ്യൂഹം തകര്‍ക്കുന്നതിന്റെ ആകാശ ദൃശ്യങ്ങള്‍ റഷ്യ പുറത്തുവിട്ടിട്ടുണ്ട്. ഉത്തര സിറിയയിലാണ് ആക്രമണം നടത്തിയതെന്നും റഷ്യ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here