ദില്ലി: ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയിലെ അഭിമാന പദ്ധതിയായ സ്റ്റാര്‍ട്ട് അപ് ഇന്ത്യ സ്റ്റാന്‍ഡ് അപ് ഇന്ത്യ പദ്ധതികള്‍ ജനുവരിയില്‍ പ്രഖ്യാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 2015-ലെ തന്റെ അവസാനത്തെ മന്‍ കി ബാത് സന്ദേശത്തിലാണ് മോദിയുടെ പ്രഖ്യാപനം. ജനുവരി 16നായിരിക്കും രണ്ട് പദ്ധതികളുടെയും പ്രഖ്യാപനം. സ്റ്റാര്‍ട്ട് അപ് ഇന്ത്യയും സ്റ്റാന്‍ഡ് അപ് ഇന്ത്യയും യുവാക്കള്‍ക്ക് സാങ്കേതിക രംഗങ്ങളില്‍ കൂടുതല്‍ അവസരം നല്‍കുമെന്ന് മോദി പറഞ്ഞു. രാജ്യത്തെ ഐഐടികളും ഐഐഎമ്മുകളും പദ്ധതിയുമായി ബന്ധിപ്പിക്കും. സാങ്കേതിക രംഗത്ത് നമ്മുടെ യുവാക്കള്‍ക്കുള്ള കഴിവ് ഏതെങ്കിലും ചില നഗരങ്ങളില്‍ മാത്രമായി ഒതുങ്ങാനുള്ളതല്ലെന്ന് മോദി കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രിക്ക് ജനങ്ങളുമായി സംവദിക്കാന്‍ മൊബൈല്‍ ആപ് പുറത്തിറക്കും. നരേന്ദ്രമോദി ആപ് എന്നാണ് ഇതിന്റെ പേര്. ജനങ്ങളുമായി കൂടുതല്‍ അടുത്തിടപെടാനും പുതിയ ആശയങ്ങള്‍ ലഭിക്കാനും മൊബൈല്‍ ആപ് വഴിയുള്ള സംവേദനം വഴി സാധിക്കുമെന്ന് മോദി മന്‍ കി ബാതില്‍ പറഞ്ഞു. ആഘോഷങ്ങളാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ മുന്നോട്ടു നയിക്കുന്നതെന്ന് മോദി പറഞ്ഞു. ക്രിസ്മസ് ആഘോഷിച്ചു. ഇപ്പോള്‍ പുതുവര്‍ഷം ആഘോഷിക്കാന്‍ തയ്യാറെടുക്കുന്നു. ഈ ആഘോഷങ്ങളാണ് ഇന്ത്യയെ മുന്നോട്ടു നയിക്കുന്നതെന്നും മോദി കൂട്ടിച്ചേര്‍ത്തു. വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ വൃത്തിക്ക് നല്‍കേണ്ട പ്രാധാന്യത്തെക്കുറിച്ചും മോദി സംസാരിച്ചു.
ദേശീയ യുവജനോത്സവം ഛത്തീസ്ഗഢില്‍ നടക്കുമെന്ന് മോദി അറിയിച്ചു. സ്വാമി വിവേകാനന്ദന്റെ ജന്‍മവാര്‍ഷിക ദിനമായ ജനുവരി 12നാണ് ദേശീയ യുവജനോത്സവം ആരംഭിക്കുന്നത്. അംഗവൈകല്യമുള്ളവരെ വികലാംഗ് എന്ന് വിളിക്കുന്നതിനു പകരം ദിവ്യാംഗ് എന്നു വിളിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. കാരണം അംഗവൈകല്യമുള്ളവര്‍ക്ക് കൂടുതല്‍ നല്ല കഴിവുകളുണ്ടെന്നും മോദി കൂട്ടിച്ചേര്‍ത്തു. മോദിയുടെ 15-ാമത് മന്‍ കി ബാത് പ്രഭാഷണമായിരുന്നു ഇത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here