തൃശൂര്‍: തേക്കിന്‍കാടിനെ സംഗീത മയമാക്കി ബോണ്‍ നതാലെ. സംഗീതമയമായ പൂരവഴികളില്‍ ക്രിസ്തുമസ് പാപ്പാമാര്‍ സംഗമിച്ചു. ധനുമാസത്തിലെ സന്ധ്യയില്‍ ക്രിസ്മസ് പാപ്പമാര്‍ ഒരുമിച്ച് നൃത്തം ചവിട്ടി. പതിനായിരം പാപ്പമാര്‍, രണ്ടായിരത്തില്‍പ്പരം മാലാഖമാര്‍, പ്രച്ഛന്ന വേഷങ്ങള്‍, ഫ്‌ളോട്ടുകള്‍. ലോകത്തിലെ ഏറ്റവും വലിയ ക്രിസ്മസ് ഘോഷയാത്രയായി ഗിന്നസ് റെക്കോഡില്‍ ഇടംനേടിയ ‘ബോണ്‍ നതാലെ’യുടെ മൂന്നാം പതിപ്പും കാഴ്ചയുടെ വസന്തം തീര്‍ത്തു.
ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെ തൃശൂര്‍ സെന്റ് തോമസ് കോളേജ് പരിസരത്തു നിന്നാണ് ക്രിസ്തുമസ് ഗോഷയാത്ര ആരംഭിച്ചത്. സ്വരാജ് റൗണ്ടില്‍ പ്രവേശിച്ച ക്രിസ്മസ് ഘോഷയാത്ര വര്‍ണം വിതറിയ വെളിച്ചത്തിനു കീഴില്‍ നഗരത്തെ കീഴടക്കിയത് മണിക്കൂറുകളോളം. ഇരുപതോളം ഫ്‌ളോട്ടുകള്‍ക്കിടയിലൂടെയാണ് പതിനായിരത്തില്‍പ്പരം വനിതകളടക്കമുള്ള പാപ്പ വേഷധാരികള്‍ സഞ്ചരിച്ചത്.
തൃശൂര്‍ അതിരൂപതയിലെ ഇരുനൂറില്‍പ്പരം ഇടവകകളില്‍നിന്നാണ് പാപ്പാമാര്‍ സംഗമിച്ചത്. ചുവന്ന വസ്ത്രമണിഞ്ഞ് തൂവെള്ള താടിയുമായി ബലൂണുകള്‍ ഉയര്‍ത്തിയും ആടിപ്പാടിയും പാപ്പമാര്‍ നീങ്ങി. നൃത്തമാടിയെത്തിയ മാലാഖക്കുട്ടികളും പൊയ്ക്കാല്‍ സഞ്ചാരികളും നഗരം നിറഞ്ഞ കാണികള്‍ക്ക് കാഴ്ചയുടെ വസന്തം പകര്‍ന്നു.
യുനെസ്‌കോ ബഹുമതി നേടിയ തൃശൂര്‍ വടക്കുന്നാഥ ക്ഷേത്രം, കത്തോലിക്ക സഭയുടെ ആസ്ഥാന ദേവാലയമായ റോമിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്ക, സപ്താത്ഭുതങ്ങളില്‍ ഒന്നായ താജ്മഹല്‍ തുടങ്ങിയവും നിശ്ചലദൃശ്യങ്ങളില്‍ വിസ്മയം തീര്‍ത്തു.
പാപ്പമാര്‍ തുഴഞ്ഞെത്തിയ കേക്ക് വഞ്ചി, കൊമ്പുള്ള മാനുകളെ കെട്ടിയ രഥത്തിലെ സാന്താക്‌ളോസ്, കുതിരവണ്ടിയിലെ കുടുംബം, മഞ്ഞുപൂക്കള്‍ വിരിഞ്ഞുനില്‍ക്കുന്ന ക്രിസ്മസ് ട്രീ തുടങ്ങിയവ ഘോഷയാത്രയില്‍ ശ്രദ്ധേയമായി. പെന്‍ഗ്വിന്‍, ഒട്ടക പക്ഷി, ആട്, കോഴി, പൂമ്പാറ്റ തുടങ്ങിയ വേഷങ്ങളണിഞ്ഞ യുവതീയുവാക്കളുടെ ആനന്ദനൃത്തവും കൌതുകം പകര്‍ന്നു.
തൃശൂര്‍ അതിരൂപതയുടെ നേതൃത്വത്തില്‍ മൂന്നാം തവണയാണ് ബോണ്‍ നതാലെ എന്ന പേരില്‍ ക്രിസ്മസ് പാപ്പാ സംഗമം സംഘടിപ്പിച്ചത്. പതിമൂവായിരം പേര്‍ പങ്കെടുത്ത അയര്‍ലന്റിലെ ക്രിസ്മസ് കരോളിനെ പിന്തള്ളി കഴിഞ്ഞ തവണ സംഘടിപ്പിച്ച ബോണ്‍ നതാലെ ഗിന്നസ് ബുക്കില്‍ ഇടംപിടിച്ചിരുന്നു. രണ്ടായിരത്തി പതിമൂന്നിലാണ് ആദ്യമായി പാപ്പാ സംഗമം ഒരുക്കിത്. ആദ്യ വര്‍ഷം മുതല്‍ ഉത്സവ ആഘോഷത്തിനൊപ്പം സാന്ത്വനസ്പര്‍ശവുമേകിയാണ് പാപ്പാമാര്‍ പൂരനഗരിയെ കീഴടക്കാനെത്തുന്നത്.
ബോണ്‍ നതാലെ 2015 മന്ത്രി കെസി ജോസഫ് ഫ്‌ളാഗ്ഓഫ് ചെയ്തു. സമാപന സമ്മേളനം മന്ത്രി സിഎന്‍ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അധ്യക്ഷനായി. ബോണ്‍ നത്താലെ 2015ന്റെ ഭാഗമായി തൃശൂര്‍ കത്തോലിക്ക അതിരൂപതയുടെ ആഭിമുഖ്യത്തില്‍ അഞ്ചുകോടി രൂപയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കം കുറിച്ചു.
Get real time update about this post categories directly on your device, subscribe now.
Discussion about this post