ഹിന്ദുവും ഹിന്ദുത്വവും തമ്മിലുള്ള ബന്ധം ഇസ്ലാമും ഇസ്ലാമിക്ക് സ്‌റ്റേറ്റും തമ്മിലുള്ളത് മാത്രമാണെന്ന് വിടി ബല്‍റാം എംഎല്‍എ. വിവാദമോ! എന്ത് വിവാദം, ഏത് വിവാദം എന്ന തലക്കെട്ടോടെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബല്‍റാം തന്റെ നിലപാട് വ്യക്തമാക്കുന്നത്.
വിവാദമോ !
എന്ത് വിവാദം, ഏത് വിവാദം ?
‘ഹിന്ദുത്വം’ എന്നത് സംഘപരിവാർ എന്ന അസ്സൽ ഫാഷിസ്റ്റ് സംഘടനയുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെ പേരാണെന്നും അതിന് ഇന്നാട്ടിലെ സാധാരണക്കാരായ ഹിന്ദുമത വിശ്വാസികളുടെ നിഷ്ക്കളങ്ക വിശ്വാസങ്ങളും സാംസ്കാരിക പാരമ്പര്യങ്ങളുമായി പുലബന്ധം പോലുമില്ലെന്നും ഞാൻ മാത്രമല്ല, കാര്യ വിവരമുള്ള എത്രയോ അധികം ആളുകൾ എത്രയോ കാലമായി പറഞ്ഞു വരികയാണ്.
രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ വധിച്ച കേസിൽ പ്രതിയായിരുന്ന ഹിന്ദു മഹാസഭ നേതാവ് വി.ഡി. സവർക്കർ ആണ് “ഹിന്ദുത്വം” എന്ന ഈ വാക്കിനും രാഷ്ട്രീയാശയത്തിനും രൂപം നൽകിയത്. ബ്രിട്ടീഷ് വൈസ്രോയിയുടെ കാലുപിടിച്ച് ലജ്ജാകരമായ മാപ്പപേക്ഷ എഴുതിനൽകിയാണ് ഈ ഭീരു ജയിലിൽ നിന്ന് പുറത്തു കടന്നതും സ്വാതന്ത്ര്യ സമരത്തിൽ നിന്ന് പിൻവാങ്ങി ഹിന്ദുമഹാസഭ പ്രവർത്തനങ്ങളിലേക്ക് ചുവടു മാറ്റിയതും. ഗാന്ധിജിയെ കൊല്ലാൻ വേണ്ടി നാഥുറാം ഗോഡ്സേ ദില്ലിക്ക് തിരിക്കുന്നതിന് മുൻപ് ഇയാളെ കണ്ട് അനുഗ്രഹം വാങ്ങിയിരുന്നു. ഗൂഢാലോചനാക്കേസുകൾ കോടതികളിൽ സംശയാതീതമായി തെളിയിക്കുക അന്നത്തെ കാലത്ത് അത്ര എളുപ്പമല്ലാത്തത് കൊണ്ട് മാത്രം കൊലക്കയറിൽ നിന്ന് രക്ഷപ്പെട്ടയാളാണ് ‘ഹിന്ദുത്വ’ വാദികളുടെ ആചാര്യനായ ഈ ഭീരു സവർക്കർ. ഗാന്ധി ഘാതകരുടെ പ്രത്യയശാസത്രമായ ‘ഹിന്ദുത്വ’ത്തെ ഇവിടത്തെ സാധാരണ ഹിന്ദുക്കളുടെ തലയിൽ കെട്ടിയെഴുന്നെള്ളിക്കാനും അതിനെ എതിർക്കുന്നവരെ മുഴുവൻ ഹിന്ദു വിരോധികളായി ബ്രാൻഡ് ചെയ്യാനും ആണ് ആർ എസ് എസ് ശ്രമിക്കുന്നത്.
ബഹുസ്വരതകളോടും വൈവിധ്യങ്ങളോടും സഹിഷ്ണുത പുലർത്തുക മാത്രമല്ല, അവയെ എല്ലാം ഉൾക്കൊള്ളുകയും അംഗീകരിക്കുകയും ചെയ്യുന്ന വിശാലമാനവികതയാണ് യഥാർത്ഥ ഭാരതീയ പാരമ്പര്യമായും ഹൈന്ദവ സംസ്ക്കാരമായും നാം കണ്ടെടുക്കേണ്ടതും മുന്നോട്ടു കൊണ്ടുപോകേണ്ടതും. അതിനു പകരം ഇന്ത്യയിലെ ദലിതരേയും ന്യൂനപക്ഷങ്ങളേയും ശത്രുപക്ഷത്ത് നിർത്തി, ഉത്തരേന്ത്യൻ ബ്രാഹ്മണ്യത്തിന്റെ മൂല്യവ്യവസ്ഥകളിലൂന്നി, അക്രമോത്സുകമായ തീവ്രവർഗീയത വളർത്തുന്ന നവ നാസി ആശയമാണ് ‘ഹിന്ദുത്വം’. അതിനു ചേരുന്ന താരതമ്യം ഐസിസുമായിട്ട് തന്നെയാണ്.
അതുകൊണ്ട് ഞാൻ നേരത്തെ പറഞ്ഞ വാചകം ഇതാ നൂറ്റൊന്ന് തവണ ആവർത്തിക്കുന്നു:
“ഹിന്ദുവും ഹിന്ദുത്വവും തമ്മിലുള്ള ബന്ധം ഇസ്ലാമും ഇസ്ലാമിക്ക് സ്‌റ്റേറ്റും തമ്മിലുള്ളത് മാത്രമാണ് “.
Get real time update about this post categories directly on your device, subscribe now.
Discussion about this post