മുംബൈ: ഇന്ത്യന്‍ ഏകദിന ക്രിക്കറ്റ് നായകന്‍ മഹേന്ദ്രസിംഗ് ധോണിയുടെ ജീവിതം പറയുന്ന ബോളിവുഡ് ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. ചിത്രം 2016 സെപ്തംബറില്‍ തിയറ്ററുകളിലെത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. എംഎസ് ധോണി-ദ അണ്‍ടോള്‍ഡ് സ്‌റ്റോറി എന്ന ചിത്രം സംവിധാനം ചെയ്യുന്നത് നീരജ് പാണ്ഡെയാണ്. സുഷാന്ത് സിംഗ് രജ്പുത് ആണ് നായകന്‍.

ചിത്രത്തില്‍ ധോണിയുടെ വേഷം അവതരിപ്പിക്കുന്ന സുഷാന്ത് ഇപ്പോള്‍ കടുത്ത പരിശീലനത്തിലാണ്. ഫുഗ്ലി ഫെയിം കിയറ അഡ്വാനിയാണ് ചിത്രത്തില്‍ ധോണിയുടെ ഭാര്യ സാക്ഷി സിംഗിന്റെ വേഷം അഭിനയിക്കുന്നത്. ജോണ്‍ എബ്രഹാമും ചിത്രത്തില്‍ ഒരു പ്രധാനവേഷം അവതരിപ്പിക്കുന്നുണ്ട്. അനുപം ഖേര്‍, ഗൗതം ഗുലാട്ടി, രാംചരണ്‍ എന്നിവരും ചിത്രങ്ങള്‍ സുപ്രധാന കഥാപാത്രങ്ങളായി എത്തും. ട്വിറ്ററിലൂടെ സുഷാന്ത് സിംഗ് ആണ് ചിത്രത്തിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചത്.

ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസ് ആണ് ചിത്രം നിര്‍മിക്കുന്നത്. റാഞ്ചിയിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്. ക്രിട്ടിക് ചിത്രങ്ങള്‍ ആണ് നീരജിന്റെ ഇഷ്ടമേഖല. നീരജിന്റെ ഇതിനു മുമ്പത്തെ ക്രിട്ടിക് ചിത്രങ്ങള്‍ എല്ലാം ബോക്‌സ് ഓഫീസ് ഹിറ്റുകളായിരുന്നു. എ വെനസ്‌ഡേ, സ്‌പെഷ്യല്‍ 26, ബേബി എന്നിവയാണ് നീരജിന്റെ ചിത്രങ്ങള്‍.