പാചകവാതക സബ്‌സിഡിക്ക് നിയന്ത്രണം; 10 ലക്ഷത്തിന് മുകളില്‍ വരുമാനം ഉള്ളവര്‍ക്ക് ഇനി സബ്‌സിഡി ലഭിക്കില്ല; ജനുവരി മുതല്‍ പ്രാബല്യത്തില്‍

ദില്ലി: രാജ്യത്ത് പാചകവാതക സബ്‌സിഡിക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനം. പ്രതിവര്‍ഷം 10 ലക്ഷം രൂപയില്‍ കൂടുതല്‍ നികുതി വരുമാനമുള്ള നികുതി ദായകര്‍ക്ക് ഇനിമുതല്‍ പാചകതവാതക സബ്‌സിഡി ലഭിക്കില്ല. ജനുവരി ഒന്നു മുതലാണ് പുതിയ നിര്‍ദേശം നടപ്പിലാകുക. ജനുവരി ഒന്നു മുതല്‍ പാചകവാതക സിലിണ്ടര്‍ ബുക്കു ചെയ്യുന്നവര്‍ പത്തുലക്ഷം രൂപയ്ക്കു മുകളില്‍ വരുമാനം ഉള്ളവരലെന്ന് സ്വയം സാക്ഷ്യപത്രം നല്‍കണം. പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയമാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്.

രാജ്യത്ത് ആകെ 16.35 കോടി പാചകവാതക ഉപയോക്താക്കളാണുള്ളത്. ഇതില്‍ 57.5 ലക്ഷം പേര്‍ സ്വയം സബ്‌സിഡി വേണ്ടെന്നു വച്ചിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ ഗിവ്ഇറ്റ്അപ് പ്രചാരണത്തെ തുടര്‍ന്നായിരുന്നു ഇത്. ഇത്തരത്തില്‍ ലഭിച്ച സബ്‌സിഡി ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കൂടുതല്‍ കുടുംബങ്ങള്‍ക്ക് പുതിയ ഗ്യാസ് കണക്ഷന്‍ നല്‍കാന്‍ ഉപയോഗിക്കാനാണ് തീരുമാനം. പുതിയ വിജ്ഞാപനത്തിലൂടെ മണ്ണെണ്ണ, കല്‍ക്കരി, വിറക് തുടങ്ങിയ ഇന്ധനങ്ങള്‍ക്കു പകരം ശുദ്ധമായ പാചകവാതകം പാവപ്പെട്ട ജനങ്ങള്‍ക്കു നല്‍കാന്‍ സാധിക്കും എന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ കണക്കാക്കുന്നു.

ഓരോ വര്‍ഷവും പാചകവാതക സബ്‌സിഡി നല്‍കുന്നതിലൂടെ കേന്ദ്രസര്‍ക്കാരിന് വന്‍ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാകുന്നത്. ഇതു പരിഹരിക്കാന്‍ വേണ്ടിയാണ് സബ്‌സിഡി നല്‍കുന്നത് ആധാര്‍ കാര്‍ഡ് വഴിയാക്കാന്‍ കഴിഞ്ഞ യുപിഎ സര്‍ക്കാര്‍ തീരുമാനിച്ചത്. തുടര്‍ന്നു വന്ന ബിജെപി സര്‍ക്കാരും ഈ നടപടി തന്നെ പിന്തുടര്‍ന്നു. സബ്‌സിഡി ഇല്ലാതെ സിലിണ്ടറുകള്‍ വാങ്ങാന്‍ കഴിവുള്ളവരെ മാറ്റിനിര്‍ത്തിയാല്‍ വലിയ ബാധ്യത ഒഴിവാകുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വിലയിരുത്തല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel